Saturday, June 5th, 2010

ആഗോള പരിസ്ഥിതിയും ഭാവിയും

biodiversity-yearജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”

ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimmimg) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി, ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്, WWFന്റെ കണക്കു പ്രകാരം ആഗോള താപനം മൂലം ഏകദേശം 1,60,000 പേര്‍ മരിക്കുന്നു എന്നും 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 383 PPM (Parts Per Million) ആണ്. വ്യവസായ യുഗത്തിന് മുന്‍പ്‌ ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കാലാവസ്ഥയുടെ ചെറിയ മാറ്റങ്ങള്‍ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ദ്വീപുകള്‍ നിലവിലുണ്ട്. മാലിദ്വീപ്‌, തുവാലു, ലക്ഷദ്വീപ്‌, ആന്‍ഡമാന്‍, പപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപ്‌, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകള്‍, മൌറീഷ്യസ്, മഡഗാസ്കര്‍, സീഷെല്‍, ഇന്തോനേഷ്യന്‍ ദ്വീപുകള്‍, ഫിലിപ്പിന്‍സ്‌ ദ്വീപുകള്‍, ജപ്പാന്‍, ശ്രീലങ്ക, തുടങ്ങിയ ചെറുതും വലുതുമായ പല രാജ്യങ്ങള്‍ക്കും ദ്വീപുകള്‍ക്കും, തീരപ്രദേശങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടി വരും, നോര്‍ത്ത്‌ ഫസഫിക്കിലെ ഒട്ടുമിക്ക ദ്വീപുകളും പൂര്‍ണ്ണമായും ഇല്ലാതായേക്കാം, തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വന്‍ നഗരങ്ങളും കടലെടുക്കാന്‍ സാധ്യത ഏറെയാണ്, ഇന്ത്യയടക്കം നാല്‍പ്പതോളം രാജ്യങ്ങള്‍ക്ക്‌ കനത്ത നാശം സൃഷ്ടിച്ചു കൊണ്ട് കടലിലെ ജലനിരപ്പ്‌ ഉയരുമെന്ന് പഠനങ്ങള്‍ പറയുന്നു, ആഗോള താപന ഫലമായി കടല്‍ വികസികുന്നതോടെ മ്യാന്‍മാര്‍, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങള്‍ക്ക്‌ വന്‍ നഷ്ടമാണ് വരുത്തി വെക്കുക, ടോക്കിയോ, സിംഗപ്പൂര്‍, മുംബൈ, കോല്‍ക്കത്ത, ചെന്നൈ, ലിസ്ബണ്‍, തുടങ്ങിയ ഒട്ടുമിക്ക തീരദേശ നഗരങ്ങളുടെയും ഭാവി തുലാസിലാണ്.

ഹരിത ഗൃഹ വാതകങ്ങളുടെ അമിതോപയോഗം വരുത്തിവെക്കുന്ന വിനാശകരമായ നാശങ്ങളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണ വല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്.

ആഗോള താപനത്തെ പോലെ തന്നെ മറ്റൊരു ദുരന്തമാണ് ആഗോള ഇരുളല്‍, വായു മലിനീകരണ ത്താലും മലിനീകരിക്കപ്പെട്ട മേഘങ്ങളാലും ഭൂമിയിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സൂര്യ പ്രകാശത്തിന്റെ തോത് കുറയുകയും അങ്ങനെ ശക്തി കുറഞ്ഞ പ്രകാഷമാകുന്നതോടെ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു വരികയും സസ്യങ്ങള്‍ക്ക് ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കാതെ വരികയും ചെയ്യും.

അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും.

കൃത്രിമ ഉപഗ്രഹങ്ങളാല്‍ ബഹിരാകാശം നിറഞ്ഞു കഴിഞ്ഞു. ഇവ പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ അപകടകരമാം വിധം വര്‍ദ്ധിച്ചുവരുന്നു. ബഹിരാകാശ മലിനീകരണം ഇനിയും വേണ്ട വിധത്തില്‍ നാം ശ്രദ്ധിക്കാതെ വിടുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും,

കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക. നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യ സമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും,

കടുത്ത ജല ദൌര്‍ലഭ്യതയും ചൂടും കാര്‍ഷിക മേഖലയെ ഏറെക്കുറെ തളര്ത്തിക്കഴിഞ്ഞു. അമിതമായ കീടനാശിനി പ്രയോഗം വിഷമയമായ അന്തരീക്ഷത്തെയും ഭക്ഷണത്തെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള പരിസ്ഥിതി പ്രതിസന്ധി ഭൂമിയിലെ ജീവനെ തുടച്ചു നീക്കുന്ന തരത്തില്‍ മാറികൊണ്ടിരിക്കുകയാണ്, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി മനുഷ്യനല്ലാതെ മറ്റാരാണ്. “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !

ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ – ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.

മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ ശേഖരത്തെ സാമ്രാജ്യത്വ ശക്തികള്‍ കൊള്ള ചെയ്യുകയും നശിപ്പിക്കുകയും ചെയ്‌താല്‍ പിന്നെ ബാക്കിയാവുക മനുഷ്യ നിയന്ത്രണ ത്തിനതീതമായി പ്രവര്‍ത്തിക്കുന്ന വൈറസുകള്‍ മാത്രമായിരിക്കും, ഇപ്പോള്‍ തന്നെ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചു കൊണ്ട് പുതിയ രോഗങ്ങളും വൈറസുകളും ദിനം പ്രതി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഗാരി എസ് ഹാര്‍ട്ട് ഷോണ്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്, ” ഈ ദശാബ്ദം ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്, എന്ത് കൊണ്ടെന്നാല്‍ പുതിയ നൂറ്റാണ്ടിലേക്കുള്ള ശാസ്ത്രീയവും സാമൂഹികവും രാഷ്ടീയവുമായ കാര്യ പരിപാടികള്‍ മുന്നോട്ടു വെക്കേണ്ട സമയമാണിത്‌. ദേശീയവും ദേശാന്തരീയവുമായ നയപരിപാടികളുടെ ഭാഗമായി പരിസ്ഥിതിയെ സംബന്ധിച്ചതും വിഭവങ്ങളുടെ ലഭ്യത, നിലനില്‍പ്പ് എന്നിവയെ സംബന്ധിച്ചതുമായ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സന്നദ്ധ സംഘടന കള്‍ക്കും പുരോഗമന, സാമൂഹ്യ, പ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ നിര്‍ണ്ണായക പങ്കുണ്ട്.” ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ എത്ര രാജ്യതലവന്മാര്‍ മുഖവിലക്കെടുത്തു എന്ന് പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം.

കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്. വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാ നഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയ രൂപീകരണത്തില്‍ എവിടെയും കാണുന്നില്ല.

അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ചക്കംകണ്ടം സമരം എന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്.

എക്സ്പ്രസ് ഹൈവേ, ഇപ്പോള്‍ കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്‍ക്കാടുകള്‍ വെട്ടി നിരത്തി അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍ എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടു കൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും.

ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെ ക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം.

നാം പ്രാകൃതരായി കണ്ടിരുന്ന റെഡ്‌ ഇന്ത്യന്‍ ആദിവാസികളുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനു അയച്ച കത്തിലെ വരികള്‍ ഇന്നും പ്രസക്തമാണ്. “ഞങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ചത് എന്തോ അത് നിങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കാമോ? ഭൂമി നമ്മുടെ അമ്മയാണെന്ന്, ഭൂമിക്കുമേല്‍ നിപതിക്കുന്നതെന്തോ അത് അവളുടെ സന്തതികള്‍ക്കുമേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല, മനുഷ്യന്‍ ഭൂമിയുടെതാണ്. നമ്മെ ഒന്നാക്കി നിര്‍ത്തുന്ന രക്തത്തെപ്പോലെ എല്ലാ വസ്തുക്കളും പരസ്പരം ബന്ധിതങ്ങളാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, അവനതിലെ ഒരിഴ മാത്രം. ഉയിരിന്റെ വലയോടവന്‍ ചെയ്യുന്നതെന്തോ അത് അവനോട് തന്നെയാണ് ചെയ്യുന്നത്.”

ഏറെ സംസ്കൃതചിത്തരും പരിഷ്കൃതരും എന്ന് അവകാശപ്പെടുന്ന നമുക്കിന്ന് ഇങ്ങനെ ചിന്തിക്കുവാനോ, ചോദിക്കുവാനോ കഴിയുന്നുണ്ടോ?…

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010