തിരുവനന്തപുരം : ലോകമെമ്പാടും അന്താരാഷ്‌ട്ര പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനം ആചരിച്ചപ്പോള്‍ തലസ്ഥാന നഗരമായ തിരുവനന്തപുരവും അതില്‍ പങ്കു ചേര്‍ന്നു. “തണല്‍”, “സീറോ വെയിസ്റ്റ് സെന്റര്‍” എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഒട്ടേറെ പരിസ്ഥിതി സംഘങ്ങളും പരിസ്ഥിതി സ്നേഹികളും നഗരത്തില്‍ ഒത്തു കൂടി ഈ ദിനാചരണത്തില്‍ പങ്കെടുത്തു. പ്ലാസ്റ്റിക് സഞ്ചിക്ക് പകരമായി ഉപയോഗിക്കാവുന്ന കടലാസു സഞ്ചികള്‍, തുണി സഞ്ചികള്‍ എന്നിങ്ങനെയുള്ള പരിസ്ഥിതി സൌഹൃദ സാമഗ്രികള്‍ ഇവര്‍ കൂട്ടായ്മയില്‍ പ്രദര്‍ശിപ്പിച്ചു. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ സുലഭമായി ലഭ്യമാണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രകൃതി ദത്തമായ സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിക്കുന്ന സഞ്ചികള്‍ പ്രചാരത്തില്‍ വരണമെങ്കില്‍ ആദ്യം പ്ലാസ്റ്റിക് സഞ്ചികള്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണം. ഇത്തരം സഞ്ചികളുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തലത്തില്‍ നിന്നും ആവശ്യമായ പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്. ഇത് പ്രാദേശികമായി ഒട്ടേറെ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും.
പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ ഭൂ പ്രദേശത്തെയാകെ ബാധിച്ചിരിക്കുന്നു. മരുഭൂമികള്‍ മുതല്‍ ആഴക്കടലുകളില്‍ വരെ പ്ലാസ്റ്റിക് നിറഞ്ഞിരിക്കുന്നു. മണ്ണിലും ജലത്തിലും മാത്രമല്ല, ജീവജാലങ്ങളുടെ കുടല്‍ മാലയില്‍ വരെ പ്ലാസ്റ്റിക് നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് വരെ ഭീഷണിയാണ്.
പ്ലാസ്റ്റിക് സഞ്ചികള്‍ തുണി, തുകല്‍, മണ്ണ്, മുള, മരം, കയര്‍, ചണ എന്നിങ്ങനെ ഒട്ടേറെ പരമ്പരാഗത പ്രകൃതി സൌഹൃദ വസ്തുക്കളെ പുറംതള്ളി. ഇതോടൊപ്പം ഈ രംഗത്ത് പ്രവര്‍ത്തിച്ചു ഉപജീവനം കഴിച്ചു പോന്ന ഒട്ടേറെ താഴ്ന്ന വരുമാനക്കാരെയും.
ഇരുപതു ലക്ഷം പ്ലാസ്റ്റിക് സഞ്ചികളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള പ്ലാസ്റ്റിക് സഞ്ചിയുടെ ഉപഭോഗ നിരക്ക് പ്രതി നിമിഷം 10 ലക്ഷം സഞ്ചികളാണ്. ഈ ലോകത്ത് ഒരാള്‍ ഒരു വര്ഷം കൊണ്ട് 150 സഞ്ചികള്‍ ഉപയോഗിക്കുന്നു എന്നര്‍ത്ഥം. ഇന്ത്യയും ഈ കാര്യത്തില്‍ ലോകത്തിനൊപ്പമാണ്. ഇന്ത്യയിലെ പ്രതിശീര്‍ഷ പ്ലാസ്റ്റിക് സഞ്ചി ഉപയോഗവും 150 തന്നെ.
ഓടകളിലും ഓവുചാലുകളിലും നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചികള്‍ കേരളത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. മഴവെള്ളത്തിന്റെ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തുന്ന ഈ മാലിന്യങ്ങള്‍ കൊതുകുകളുടെയും മറ്റ് രോഗാണുക്കളുടെയും വളര്‍ച്ചയ്ക്കും പകര്ച്ചയ്ക്കും അനുകൂലമായ സാഹചര്യം ഒരുക്കി കേരളത്തില്‍ പകര്‍ച്ചപ്പനി ഒരു വാര്‍ഷിക വിപത്ത് തന്നെയാക്കിയിട്ടുണ്ട്.
- ജെ.എസ്.