കാസര്‍ഗോഡ് : പ്ലാന്റേഷന്‍ കോര്‍പ്പൊറേഷന്‍ കശുവണ്ടി തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കുന്നത് മൂലം ഉണ്ടായ രോഗങ്ങള്‍ക്ക് കീഴടങ്ങി ഇരുപത്തി യഞ്ചുകാരിയായ യുവതി മരണമടഞ്ഞതിന് തൊട്ടു പിന്നാലെ ജില്ലയില്‍ മറ്റൊരു എന്‍ഡോസള്‍ഫാന്‍ മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുള്ളേരിയക്കടുത്ത് കര്‍മ്മംതൊടിയില്‍ ജയന്തി (36) യാണ് ഏറെ നാളത്തെ ചികിത്സകള്‍ക്ക് ഒടുവില്‍ മംഗലാപുരം ആശുപത്രിയില്‍ മരണത്തിന് ഇരയായത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അടിമയായിരുന്നു ഏറെ നാളായി രോഗ ബാധിതയായ ഇവര്‍. ജില്ലയിലെ കരടുക്ക പഞ്ചായത്തില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു പരേത.
ഒരു എന്‍ഡോസള്‍ഫാന്‍ ഇര
(ഫോട്ടോ : അബ്ദുള്‍ നാസര്‍, അബുദാബി)
ജനനത്തില്‍ തന്നെ രണ്ടു കാലുകള്‍ക്കും ശേഷി നഷ്ടപ്പെട്ട ജയന്തിയുടെ കരളിന് മൂന്നു വര്ഷം മുന്‍പ് തകരാറ് സംഭവിച്ചതോടെയാണ് രോഗം ഗുരുതരമായത്. അടുത്ത കാലത്തായി അതി കഠിനമായ വയറുവേദനയും ഇവര്‍ക്ക് അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ബെല്ലൂര്‍ ഗ്രാമത്തിലെ പ്രേമ എന്ന 25കാരി എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം രോഗ ബാധിതയായി സര്‍ക്കാര്‍ ആശുപത്രിയില്‍ മരണമടഞ്ഞത്.