ഭോപ്പാല്‍ : ഭോപ്പാല്‍ വാതക ദുരന്തത്തിന് ശിക്ഷ ഒഴിവാക്കി ഒളിവില്‍ കഴിയുന്ന വാറന്‍ ആന്‍ഡേഴ്‌സനെ കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള നിയമപ്രകാരം ഇന്ത്യയ്ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയ്ക്ക് കത്തയച്ചു. ഭോപ്പാല്‍ വാതക പീഡിത മഹിളാ ഉദ്യോഗ് സംഘടന (Bhopal Gas Peedit Mahila Udyog Sanghathan) യാണ് ഒബാമയ്ക്ക് എഴുത്തയച്ചത്. ഭോപ്പാല്‍ ദുരന്തം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്ന ഒബാമയുടെ പരാമര്‍ശം തെറ്റാണ് എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഭോപ്പാല്‍ വാതക ദുരന്ത കേസില്‍ മുഖ്യ പ്രതിയായ വാറന്‍ ആന്‍ഡേഴ്‌സന്‍ ഇപ്പോള്‍ ന്യൂ യോര്‍ക്കില്‍ സ്വവസതിയിലാണ് താമസം. ഡിസംബര്‍ 7, 1984നാണ് ഇദ്ദേഹത്തെ മധ്യ പ്രദേശ് സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിച്ചത്.
ഇരകള്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ സഹായം നേരിട്ട് അഭ്യര്‍ത്ഥിച്ച സ്ഥിതിയ്ക്ക് ഇനി പ്രശ്നം അത്ര പെട്ടെന്ന് കേട്ടടങ്ങാന്‍ ഇടയില്ല എന്നാണു കരുതപ്പെടുന്നത്.
- ജെ.എസ്.