ന്യൂഡല്‍ഹി : ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് അമേരിക്കയില്‍ കഴിയുന്ന ഭോപ്പാല്‍ ദുരന്ത കേസിലെ മുഖ്യ പ്രതി വാറന്‍ ആന്‍ഡേഴ്‌സന്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയായ സാഹചര്യത്തില്‍ അന്തരിച്ച മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയ്ക്കുള്ള പങ്കിനെ പറ്റിയുള്ള ചര്‍ച്ച കോണ്ഗ്രസിനെ കുഴക്കുന്നു. ആന്‍ഡേഴ്‌സനെ ഇന്ത്യ വിടാന്‍ അനുവദിച്ചത് തങ്ങളാണെന്ന് കോണ്ഗ്രസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം എടുത്തത് മധ്യ പ്രദേശ് മുഖ്യ മന്ത്രി ആയിരുന്ന അര്‍ജുന്‍ സിംഗ് ആണെന്നും ക്രമസമാധാന നില വഷളായതിനെ തുടര്‍ന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കാതെ നിര്‍വാഹമില്ലായിരുന്നു എന്നുമാണ് കോണ്ഗ്രസ് വിശദീകരിച്ചത്.
എന്നാല്‍ ചില ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ക്രമസമാധാനനില മുന്‍നിര്‍ത്തി ആന്‍ഡേഴ്‌സനെ ഭോപ്പാലില്‍ നിന്നും മാറ്റേണ്ടത് ആവശ്യമാണ് എന്ന് അംഗീകരിച്ചാല്‍ തന്നെ ഇയാളെ എന്തിനു ഇന്ത്യയില്‍ നിന്നും വെളിയിലേയ്ക്ക് പോകാന്‍ അനുവദിച്ചു? വിദേശകാര്യ വകുപ്പിന്റെയും കേന്ദ്രത്തിന്റെയും തലപ്പത്തുള്ള രാജീവ് ഗാന്ധി അറിയാതെ ഇത്തരമൊരു നീക്കം നടത്താന്‍ ആവുമായിരുന്നില്ല എന്നിരിക്കെ രാജീവ് ഗാന്ധിയ്ക്ക് ഇതില്‍ വ്യക്തമായ പങ്കില്ലേ? 304ആം വകുപ്പ് പ്രകാരം അറസ്റ്റിലായ വാറന്‍ ആന്‍ഡേഴ്‌സന് ഇത്ര എളുപ്പം ജാമ്യം എങ്ങനെ ലഭിച്ചു? വാറന്‍ ആന്‍ഡേഴ്‌സനെ വിട്ടയക്കാനുള്ള തീരുമാനം തങ്ങളാണ് എടുത്തത് എന്ന് സമ്മതിക്കാന്‍ എന്ത് കൊണ്ട് കോണ്ഗ്രസിന് 26 വര്ഷം വേണ്ടി വന്നു?
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഈ സംഭവത്തെ പറ്റി സോണിയാ ഗാന്ധിയോട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. കോണ്ഗ്രസിനെതിരെ ആഞ്ഞടിക്കാന്‍ ഒരു ആയുധം കിട്ടിയ സന്തോഷത്തിലാണ് ബി. ജെ. പി. അമേരിക്കന്‍ പ്രസിഡണ്ടിനു നേരിട്ട് ദുരന്ത ബാധിതര്‍ തന്നെ പരാതി ബോധിപ്പിച്ച സാഹചര്യത്തില്‍ ഇനി പ്രതിപക്ഷം വിഷയം ചൂട് പിടിപ്പിയ്ക്കും എന്ന് പ്രതീക്ഷിക്കാം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം