ന്യൂഡല്‍ഹി : 15 സെക്കണ്ടില്‍ ഒരു കുട്ടി വീതം ഇന്ത്യയില്‍ വയറിളക്കം പോലുള്ള ഒഴിവാക്കാവുന്ന രോഗങ്ങള്‍ മൂലം മരണമടയുന്നു. പോഷകാഹാര കുറവ് മൂലം കുട്ടികളുടെ രോഗ പ്രതിരോധ ശേഷി കുറയുന്നത് കൊണ്ടാണ് ഇത്തരം അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ തലസ്ഥാനത്തെ കുട്ടികളുടെ കാര്യവും മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമല്ല എന്ന് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ക്രൈ (CRY – Child Rights and You) നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടു. അമ്പതു ശതമാനത്തില്‍ അധികം കുട്ടികള്‍ക്ക് ഇവര്‍ പോഷകാഹാര കുറവ് കണ്ടെത്തി. പോഷകാഹാര കുറവും പട്ടിണിയും കാരണം കുട്ടികളുടെ രോഗ ടി]പ്രതിരോധ ശേഷി കുറയുകയും അവര്‍ക്ക് വയറിളക്കം, മലേറിയ എന്നിങ്ങനെയുള്ള രോഗങ്ങള്‍ പിടിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ മരണ കാരണം ഈ രോഗങ്ങളല്ല, മറിച്ചു ഈ രോഗങ്ങള്‍ പിടികൂടാന്‍ കാരണമാവുന്ന പോഷകാഹാര കുറവാണ് എന്ന് ഇവര്‍ വിശദീകരിക്കുന്നു.
ശുചിത്വമില്ലാത്ത ജീവിത സാഹചര്യങ്ങളാണ് പലപ്പോഴും രോഗഹേതുവെങ്കിലും രോഗ പ്രതിരോധ ശേഷി കുറയുന്നതോടെ കുട്ടികള്‍ രോഗബാധിതരാകുന്നു. മിക്ക വീടുകളുടെയും പരിസരത്ത് പഴകിയ ഭക്ഷണവും മറ്റു മാലിന്യങ്ങളും കിടക്കുന്നു. അഴുക്ക് ചാലുകള്‍ ഒഴുകുന്നു. ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പ് അമ്മമാര്‍ കൈ സോപ്പ് ഉപയോഗിച്ച് കഴുകുക എന്ന ശീലം സ്വായത്തമാക്കിയാല്‍ തന്നെ അതിസാരം പോലുള്ള രോഗങ്ങള്‍ ഒരു വലിയ പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും എന്ന് യുനിസെഫ് പറയുന്നത് ശ്രദ്ധേയമാണ്. ആഹാരത്തിന് മുന്‍പ് കൈ കഴുകുവാനും കുട്ടികളെ പരിശീലിപ്പിക്കണം. പ്രതിദിനം ഇന്ത്യയില്‍ 1000 കുട്ടികളാണ് വയറിളക്കം മാത്രം ബാധിച്ച് മരിക്കുന്നത് എന്ന് അറിയുമ്പോള്‍ ഈ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യം മനസിലാവും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍