ബെംഗളൂരു : സംഘപരിവാർ വിമര്‍ശകയായിരുന്ന, കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിൻ്റെ കൊലയാളികള്‍ ജയിലിൽ നിന്നും നിന്നും ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ശ്രീരാമസേന സ്വീകരണം നൽകി.
മുഖ്യ പ്രതികളായ പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവെ എന്നിവരെയാണ് ജന്മദേശമായ വിജയ പുരയില്‍ മാലയും കാവി ഷാളും അണിയിച്ച് ശ്രീരാമ സേനാ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മുദ്രാവാക്യം മുഴക്കി സ്വീകരിച്ച പ്രതികളെ പ്രകടനമായി ശിവജി പ്രതിമയുടെ സമീപത്തേക്ക് കൊണ്ടു പോയി.
പ്രത്യേക കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ്, ആറു വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. സംഘ പരിവാറിൻ്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിനെ അവരുടെ വീടിന് മുന്നിൽ വെച്ച് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെ വിചാരണ നടപടികൾക്ക് വേഗം കൂട്ടാൻ 2023 ഡിസംബറില്‍ കർണ്ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക കോടതി സ്ഥാപിച്ചത്.
കേസിലെ മറ്റു പ്രതികളായ അമോല്‍ കാലെ, രാജേഷ് ഡി ബംഗേര, വാസുദേവ് സൂര്യ വന്‍ഷി, ഋഷികേശ് ദേവഡേ കര്‍, ഗണേഷ് മിസ്‌കിന്‍, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവര്‍ക്കും കോടതി ജാമ്യം നൽകിയിരുന്നു.