ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയിലെ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കര്‍ണ്ണാടക സര്‍ക്കാര് ഹൈക്കോടതിയില്‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദികളുമായി മദനിക്ക് ബന്ധമുണ്ടെന്നും മദനി 57 കേസുകളില്‍ പ്രതിയാണെന്നും ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളുമായി ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കും. അദ്ദേഹത്തിനു കാഴ്ചപ്രശ്നം ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും മദനി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേ തടസ്സവാദങ്ങള്‍ ഉന്നയിച്ച് കര്‍ണ്ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. മദനിയുടെ നിര്‍ദ്ദേശാനുസരണം ഒട്ടേറെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായുള്ള അബ്ദുള്‍ ജബ്ബാര്‍ എന്ന പ്രതിയുടെ കുറ്റസമ്മതമുണ്ടെന്നും എറണാകുളത്തെ വാടക വീട്ടിലും മറ്റും ചിലയിടങ്ങളിലും വച്ച് സ്ഫോടനം നടത്തുവാന്‍ ഗൂഢാലോചന നടത്തിയതില്‍ മദനി പങ്കെടുത്തതായി സാക്ഷിമൊഴികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് മദനിയുടെ അഭിഭാഷകന്‍ പറഞ്ഞു. മദനിയുടെ അഭിഭാഷകന്റെ വാദം കേള്‍ക്കുവാന്‍ കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്നും പുതിയ സര്‍ക്കാരില്‍ നിന്നും ഇത്തരം നടപടി പ്രതീക്ഷിച്ചില്ലെന്നും മദനി വ്യക്തമാക്കി. 2010 ആഗസ്റ്റ് 17 നാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ മദനിയെ കര്‍ണ്ണാകടക പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ 31 ആം പ്രതിയാണ് മദനി.
നേരത്തെ കര്‍ണ്ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ആയതിനാലാണ് മദനിയ്ക്ക് ജാമ്യം ലഭിക്കാത്തതെന്ന പ്രചാരണം ശക്തമായിരുന്നു. കേരളത്തിലെ വിവിധ രാഷ്ടീയകക്ഷികള്‍ മദനിയ്ക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ്സ് സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നിട്ടും സ്ഫോടനക്കേസില്‍ പ്രതിയായ മദനിയ്ക്കെതിരെ ശക്തമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന് രാഷ്ട്രീയ നേതാക്കള്, കുറ്റകൃത്യം, കോടതി, തീവ്രവാദം, മനുഷ്യാവകാശം, വിവാദം