കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഇടതു പക്ഷത്തിനു കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് തൂത്ത് വാരി. സി.പി.എം കോട്ടകള്‍ പോലും തൃണമൂലിനു മുമ്പില്‍ നിലം പൊത്തി. കോണ്‍ഗ്രസ്സിനും കനത്ത പരാജയമാണ് ബംഗാളില്‍ ഉണ്ടായത്. മമത ബാനര്‍ജിയ്ക്കെതിരെ സി.പി.എം നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും ജനങ്ങള്‍ അത് തള്ളുകയാണുണ്ടായതെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. വീവിധ പഞ്ചായത്തുകളിലായി 3000 സീറ്റുകളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നന്ധിഗ്രാമുള്‍പ്പെടുന്ന ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയില്‍ തൃണമൂല്‍ മുന്നേറ്റം നടത്തിയത് ശ്രദ്ദേയമാണ്. വെസ്റ്റ് മിഡ്നാപൂരില്‍ 59 സീറ്റുകളും സിങ്കൂരില്‍ 16-ല്‍ 12 സീറ്റും തൃണമൂല്‍ കരസ്ഥമാക്കി.കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് പതിറ്റാണ്ടുകള്‍ നീണ്ട ഇടതു ഭരണത്തെ തൂത്തെറിഞ്ഞുകൊണ്ടായിരുന്നു മമത ബാനര്‍ജി മുഖ്യമന്ത്രിയായത്. ഒരേ സമയം ഇടതുപക്ഷത്തിനോടും കോണ്‍ഗ്രസ്സിനോടും ഏറ്റുമുട്ടിയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഉള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് വീണ്ടും മുന്നേറ്റം നടത്തുന്നത്.
ഈ നില തുടര്‍ന്നാല്‍ 2014-ലെ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ കോട്ട എന്ന് അറിയപ്പെടുന്ന ബംഗാളില്‍ ദയനീയമായ പരാജയമാകും ഉണ്ടാകുക. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഫ് ഭരണത്തോടുള്ള ജനങ്ങളുടെ രോഷം ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ വോട്ടാക്കാമെന്ന് കരുതുന്ന ഇടതു പക്ഷത്തിനു പക്ഷെ ബംഗാള്‍ കൈവിടും എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്സിന് കേരളത്തിലും ബംഗാളിലും വലിയ പ്രതീക്ഷയര്‍പ്പിക്കാനില്ലെന്ന് വ്യക്തം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍