ന്യൂഡൽഹി : കോവാക്സിന്‍, കോവിഷീൽഡ് എന്നീ കൊവിഡ് വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നത് മികച്ച ഫലം നൽകുന്നു എന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആര്‍.) വ്യക്തമാക്കി. വ്യത്യസ്ത വാക്സിനുകള്‍ രണ്ടു ഡോസായി കുത്തി വെക്കുന്നത് ദോഷം ചെയ്യുകയില്ല. മാത്രമല്ല, കുടൂതൽ ഫല പ്രാപ്തി നൽകും എന്നും പഠന ങ്ങള്‍ വ്യക്തമാക്കി എന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
അഡിനോ വൈറസ് വെക്ടര്‍ വാക്‌സിന്റെയും ഹോള്‍ വിറിയണ്‍ ഇന്‍ ആക്ടിവേറ്റഡ് കൊറോണ വൈറസ് വാക്‌സിന്റെയും സംയുക്തം നല്‍കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും എന്നു പുതിയ പഠനത്തില്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറില്‍ 18 പേർക്ക് മേയ് മാസത്തിൽ ആദ്യ ഡോസ് വാക്സിന്‍ കോവി ഷീൽഡ് കുത്തി വെക്കുകയും പിന്നീട് രണ്ടാം ഡോസ് നല്‍കിയത് കോവാക്സിനും ആയിരുന്നു. ഒരേ വാക്‌സിന്റെ തന്നെ രണ്ടു ഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് രീതി യാണ് ഇന്ത്യയില്‍ പിന്തുടര്‍ന്നു വരുന്നത്.
അബദ്ധത്തിൽ ഇങ്ങിനെ സംഭവിച്ചത് ആയിരുന്നു എങ്കിലും 18 പേരേയും നിരീക്ഷണ ത്തില്‍ വെക്കുകയും ഇവരിൽ രൂപപ്പെട്ട രോഗ പ്രതിരോധ ശേഷിയെ കുറിച്ച് പുനെ യിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തുകയും ചെയ്തു. എന്നാൽ പഠന റിപ്പോര്‍ട്ട് ഐ. സി. എം. ആര്‍. പൂർണ്ണമായി അവലോകനം ചെയ്തിട്ടില്ല.
വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നതിന് ഔദ്യോഗിക നിർദ്ദേശം ഇല്ലാത്തതിനാൽ രണ്ട് വിത്യസ്ത വാക്സിനുകൾ സ്വീകരിക്കരുത് എന്നു തന്നെയാണ് നിലവിലെ മുന്നറിയിപ്പും നിര്‍ദ്ദേശവും.
കോവാക്സിന്‍, കോവിഷീൽഡ് എന്നീ വാക്സിനു കളുടെ നിര്‍മ്മാണം വ്യത്യസ്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണെങ്കിലും ഇവയുടെ സംയോജനം ഗുണകരം ആവും എന്നും ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. കൊവിഡിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് എതിരേ രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ച വര്‍ക്ക് പ്രതിരോധശക്തി വർദ്ധിച്ചു എന്നും പഠനത്തില്‍ പറയുന്നു.