ന്യൂഡൽഹി : രാജ്യത്ത് മുലപ്പാല്‍ അധിഷ്ഠിതമായ ഉത്പന്നങ്ങൾ വിൽക്കാൻ നിയമം അനുവദിക്കുന്നില്ല എന്ന മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി. കേന്ദ്ര- സംസ്ഥാന അധികൃതർ ഇതിന് ലൈസൻസ് നൽകരുത് എന്നും എഫ്. എസ്. എസ്. എ. ഐ. മുന്നറിയിപ്പ് നൽകി. മുലപ്പാൽ വിൽക്കുന്നതിനും സംസ്കരിച്ച് മറ്റു ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്നതിനും ആർക്കും ലൈസൻസ് നൽകിയിട്ടില്ല എന്ന് ഉറപ്പാക്കാൻ കേന്ദ്ര – സംസ്ഥാന ലൈസൻസിംഗ് അധികൃതരോടും ആവശ്യപ്പെട്ടു.
മുലപ്പാൽ സ്വമേധയാ ദാനം ചെയ്യാവുന്നതാണ്. എന്നാൽ, ദാതാവിന് പണമോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിക്കാൻ കഴിയില്ല. 2006 ലെ എഫ്. എസ്. എസ്. എ. ഐ. ആക്ട് പ്രകാരം മുലപ്പാൽ സംസ്‌കരിക്കുന്നതും വിൽക്കുന്നതും അനുവദിച്ചിട്ടില്ല.
രജിസ്റ്റർ ചെയ്ത സൊസൈറ്റികളിൽ നിന്നും മുലപ്പാൽ വാണിജ്യ വത്കരിക്കാൻ നിരവധി അഭ്യർത്ഥനകൾ ലഭിക്കുന്നതായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി ചൂണ്ടിക്കാട്ടി. ആരോഗ്യ കേന്ദ്രങ്ങളിലെ നവ ജാത ശിശുക്കൾക്കും ശിശുക്കൾക്കും നൽകാൻ മാത്രമേ ഉപയോഗിക്കാവൂ എന്നും ഭക്ഷ്യ സുരക്ഷാ അഥോറിറ്റി വ്യക്തമാക്കി.
മുലയൂട്ടുന്ന മാതാക്കളിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മുലപ്പാൽ ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിന്‍റെ ഓൺ ലൈൻ വിൽപ്പന അധികരിച്ചു. മുലപ്പാല്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വരുന്നതും മുലപ്പാൽ ഉത്പന്നങ്ങളെ കുറിച്ച് ഓൺ ലൈനിൽ സെർച്ച് ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചു.
ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി രംഗത്ത് വന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, വ്യവസായം, സാങ്കേതികം, സാമ്പത്തികം, സ്ത്രീ, സ്ത്രീ വിമോചനം