ന്യൂഡല്‍ഹി : മുതിര്‍ന്ന അഭിഭാഷന്‍ മലയാളിയായ കെ. വി. വിശ്വനാഥന്‍, ആന്ധ്രാ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ആയി സത്യ പ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലി ക്കൊടുത്തു.
അഭിഭാഷകരുടെ നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടർന്ന് കൊളീജിയം ശുപാര്‍ശ ചെയ്ത ഇവരെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചത്.
സുപ്രീം കോടതിയില്‍ 34 ജഡ്ജിമാരുടെ അംഗീകൃത അംഗബലം ഉണ്ട് എന്നും നിലവില്‍ 32 ജഡ്ജിമാർ പ്രവര്‍ത്തിക്കുന്നു എന്നും അഞ്ചംഗ കൊളീജിയം വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജിമാരായ ദിനേഷ് മഹേശ്വരിയും എം. ആര്‍. ഷായും അടുത്തിടെ വിരമിച്ചിരുന്നു. ഇവരുടെ ഒഴിവിലേക്കാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി കൊളീജിയം രണ്ടു പേരെയും ശുപാര്‍ശ ചെയ്തത്.
പാലക്കാട് ജില്ലയിലെ കല്‍പ്പാത്തി സ്വദേശിയായ കെ. വി. വിശ്വനാഥന്‍ 35 വര്‍ഷമായി സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. നിലവിലെ ജസ്റ്റിസ് ജെ. ബി. പര്‍ദി വാല, 2030 ആഗസ്റ്റ് 11 ന് വിരമിക്കുന്നതോടെ കെ. വി. വിശ്വ നാഥന്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്സ് പദവിയിൽ എത്തും. 2031 മേയ് 25 ന് അദ്ദേഹം വിരമിക്കും വരെ 9 മാസം ആ സ്ഥാനത്ത് തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.