ന്യൂഡല്‍ഹി : 90 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഉള്ള ഇന്ത്യയില്‍ ഒരാളുടെ ഒരു മാസത്തെ മൊബൈല്‍ ഫോണ്‍ ബില്‍ ശരാശരി കേവലം 150 രൂപ മാത്രം. ഇതെന്താ ഇങ്ങനെ എന്ന് അന്വേഷിച്ച മൊബൈല്‍ കമ്പനിക്കാര്‍ കണ്ടെത്തിയത് പ്രതി “മിസ്ഡ് കോള്‍” ആണെന്നാണ്. ഫോണ്‍ മറുപുറത്തുള്ള ആള്‍ സ്വീകരിക്കുന്നതിന് മുന്‍പ് കട്ട് ചെയ്താല്‍ അത് മിസ്ഡ് കോള്‍ ആയി. വിളിച്ചതാരാണെന്ന് കോള്‍ ലോഗ് നോക്കിയാല്‍ വ്യക്തമാവും. വേണമെങ്കില്‍ അയാള്‍ക്ക് തിരിച്ചു വിളിക്കാം. നമ്മുടെ കാശ് പോവുകയുമില്ല. ഇതാണ് മിസ്ഡ് കോളിന്റെ തത്വശാസ്ത്രം.
എന്നാല്‍ പിശുക്ക് മാത്രമല്ല ഇത്തരം മിസ്ഡ് കോളുകള്‍ക്ക് പുറകില്‍ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പലരും പല കോഡുകള്‍ ആയാണ് മിസ്ഡ് കോള്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ നിത്യ ജീവിതത്തില്‍ ഇത്രയേറെ സാധാരണമായതോടെ വെറുതെ ഉപചാര വാക്കുകള്‍ പറയാന്‍ വേണ്ടി ഫോണ്‍ ചെയ്ത് സമയം കളയാന്‍ ആളുകള്‍ക്ക് താല്പര്യമില്ല. ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി എന്ന് പറയാന്‍ ഒരു മിസ്ഡ് കോള്‍ മതി. ഞാന്‍ എത്തി എന്ന് പറയാനും ഇതേ മിസ്ഡ് കോളിന് കഴിയും. വിദേശത്ത് നിന്നും സ്വന്തം ഭാര്യയ്ക്ക് ദിവസവും ഒരേ സമയം മിസ്ഡ് കോള്‍ ചെയ്യുന്നവരുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കുന്നു എന്നതിന്റെ സൂചനയാണിത്.
മിസ്ഡ് കോളുകള്‍ കച്ചവടമാക്കിയ ചില കമ്പനികളുമുണ്ട്. തങ്ങളുടെ സേവനം ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഒരു നമ്പരില്‍ മിസ്ഡ് കോള്‍ ചെയ്‌താല്‍ അതെ എന്നും വേറെ നമ്പരില്‍ മിസ്ഡ് കോള്‍ ചെയ്‌താല്‍ ഇല്ല എന്നുമാണ് അര്‍ത്ഥം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാങ്കേതികം, സാമ്പത്തികം