ന്യൂഡൽഹി : ഉത്തർ പ്രദേശ് സർക്കാറിനെ അതി രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. യു. പി. യിൽ നിയമവാഴ്ച പൂർണ്ണമായും തകർന്നു എന്നും സുപ്രീം കോടതി. സിവിൽ കേസുകളിൽ സംസ്ഥാന പോലീസ് എഫ്. ഐ. ആറുകൾ ഫയൽ ചെയ്യുന്നത് ശ്രദ്ധയിൽ പ്പെട്ട സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ. വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് യോഗി സർക്കാരിനെ വിമർശിച്ചത്.
ഉത്തർ പ്രദേശിൽ നിയമവാഴ്ച പൂർണ്ണമായും തകർന്ന അവസ്ഥയിൽ ആണെന്നും ഒരു സിവിൽ കേസിനെ ക്രിമിനൽ കേസാക്കി മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ഒരു സിവിൽ തർക്കത്തിൽ ക്രിമിനൽ നിയമം എങ്ങനെയാണ് നടപ്പാക്കിയത് എന്ന് വിശദീകരിക്കാൻ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലെ ഡയറക്ടർ ജനറൽ ഓഫ് പോലീസിനും സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സത്യ വാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി.
സിവിൽ കേസുകൾ തീർപ്പാകാൻ കാലതാമസം എടുക്കുന്നതിനാലാണ് എഫ്. ഐ. ആർ. ഫയൽ ചെയ്തത് എന്നും അഭിഭാഷകൻ ന്യായീകരിച്ചു. ഇതിൽ ബെഞ്ച് അതൃപ്തി അറിയിച്ചു.
‘യു. പി. യിൽ സംഭവിക്കുന്നത് തെറ്റാണ്. സിവിൽ കേസുകൾ ദിവസവും ക്രിമിനൽ കേസുകളായി മാറുകയാണ്. ഇത് അസംബന്ധമാണ്, വെറുതെ പണം നൽകാത്തതിനെ ഒരു കുറ്റ കൃത്യമായി കണക്കാക്കാൻ ആവില്ല.’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
സിവിൽ കേസുകൾക്ക് കാല താമസം എടുക്കുന്നതു കൊണ്ട് മാത്രം നിങ്ങൾ ഒരു എഫ്. ഐ. ആർ. ഫയൽ ചെയ്യുകയും ക്രിമിനൽ നിയമം നടപ്പാക്കുകയും ചെയ്യുമോ എന്നും ബെഞ്ച് ചോദിച്ചു.
ദേബു സിംഗ്, ദീപക് സിംഗ് എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. അലഹബാദ് ഹൈക്കോടതി തങ്ങൾക്ക് എതിരായ ക്രിമിനൽ കേസ് റദ്ദാക്കാൻ വിസമ്മതിച്ചതിന്ന് എതിരെയായിരുന്നു ഹർജി നൽകിയത്.
നോയിഡ വിചാരണ കോടതിയിൽ ഹർജിക്കാർക്ക് എതിരായ ക്രിമിനൽ നട പടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ അവർക്ക് എതിരായ ചെക്ക് ബൗൺസ് കേസ് തുടരും എന്നും കോടതി അറിയിച്ചു.
നോയിഡയിൽ ഇരുവർക്കും എതിരെ ഐ. പി. സി. 406 (ക്രിമിനൽ വിശ്വാസ ലംഘനം), 506 (ക്രിമിനൽ ഭീഷണി), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരം എഫ്. ഐ. ആർ. ഫയൽ ചെയ്തിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, കോടതി, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സുപ്രീംകോടതി