നമ്മുടെ നാടന്‍ കുത്തരി ചോറിന്റെ കൂടെ കഴിക്കാന്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം എന്താണെന്ന് എന്നോട് ചോദിച്ചാല്‍ ഒന്നും ആലോചിക്കാതെ പറയാന്‍ പറ്റിയ ഒരേയൊരു കറിയാണ് അവിയല്‍. എന്റെ ഈ അവിയല്‍ പ്രേമം എന്നെ അടുത്തറിയാവുന്ന എല്ലാവര്ക്കും അറിയാവുന്നതാണ്. :-) അവിയലിന് വെളിച്ചെണ്ണ ഒഴിക്കുമ്പോള്‍ ഉള്ള ആ സുഗന്ധം ഒന്ന് വേറെ തന്നെയാണ്. ഞാന്‍ ഹോസ്റ്റലില്‍ നിന്നും വീട്ടില്‍ വരുമ്പോള്‍ ഒക്കെ എന്റെ മമ്മി അവിയല്‍ ഉണ്ടാക്കിയിരുന്നു. അല്പം നീണ്ട, കഷ്ണങ്ങള്‍ ഒക്കെ നന്നായി ഉടഞ്ഞ അവിയല്‍ ആണ് മമ്മി ഉണ്ടാക്കിയിരുന്നത്. ചെറുപ്പം മുതലേ അങ്ങനെ കഴിച്ചത് കൊണ്ടാണോ ആവോ എനിക്ക് അങ്ങനെയുള്ള അവിയല്‍ ആണ് ഇഷ്ടം.
അവിയല്‍ ഇഷ്ടം ഇല്ലാത്തവര്‍ ഉണ്ടാവുമോ ആവോ. എങ്ങനെ വച്ചാലും നല്ല സ്വാദ് അല്ലെ? പലതരത്തിലുള്ള അവിയലുകള്‍ ഉണ്ട്. ഏതു പച്ചക്കറിയും അവിയലില്‍ ചേര്‍ക്കാം എങ്കിലും വെണ്ടക്കാ, പാവയ്ക്ക തുടങ്ങിയവ ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പുളിക്ക് വേണ്ടി തൈര്, മാങ്ങാ, വാളന്‍പുളി എന്നിവയൊക്കെ ചേര്‍ക്കാം. ഏതായാലും കൃത്യമായ നിയമങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥിതിക്ക്, ഇത് എന്റെ അവിയല്‍ എന്ന് പറയാം. ;-)
ചേരുവകള്‍
ഉരുള കിഴങ്ങ്, പയര്‍, ക്യാരറ്റ്, ബീന്‍സ്, ചേന,വെള്ളരിക്ക, മുരിങ്ങക്കായ, ഏത്തയ്ക്കാ, കോവയ്ക്ക, എന്നീ പച്ചക്കറികള്‍ – എല്ലാം അരക്കപ്പ് വീതം
മാങ്ങ – 1 എണ്ണം
തേങ്ങ – 1/2 മുറി
ജീരകം – 1 ടേബിള്‍സ്പൂണ്‍
മഞ്ഞപ്പൊടി – അര ടേബിള്‍സ്പൂണ്‍
സവാള – 1 എണ്ണം
ചെറിയ ഉള്ളി – 4-5 എണ്ണം
പച്ചമുളക് – 5 എണ്ണം
ഉപ്പ് – ആവശ്യത്തിന്.
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
വെള്ളം – 1/2 ഗ്ലാസ്
കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
നീളത്തില്‍ നുറുക്കിയ പച്ചക്കറികള്‍, സവാള, 3 പച്ചമുളക് കീറിയത് എന്നിവ ഉപ്പും മഞ്ഞള്‍പ്പൊടിയും വെള്ളവും ചേര്‍ത്ത് വേവിക്കുക. ഞാന്‍ കുക്കറില്‍ ഒരു വിസില്‍ അടിക്കുന്നത് വരെ വേവിച്ചു. ജീരകം, ചെറിയ ഉള്ളി, 2 പച്ചമുളക് എന്നിവ മിക്സിയില്‍ നന്നായി അരയ്ക്കുക. ഇതിലേക്ക് തേങ്ങാ ചിരകിയത് ചേര്‍ത്ത് ഒന്ന് കറക്കി എടുക്കുക. തേങ്ങാ ഒന്ന് ചതഞ്ഞാല്‍ മതി. അരയരുത്. കഷ്ണങ്ങള്‍ വെന്തതിലേക്ക് മാങ്ങ നുറുക്കിയതു കൂടി ചേര്‍ത്ത് ഒന്ന് കൂടി വേവിക്കുക, ഇതിലേക്ക് തേങ്ങാ കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക. ഒന്നു ചൂടാകുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി അവിയല്‍ അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കാം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: side dishes, vegetarian, പച്ചക്കറി