നാടന്‍ കറികള്‍ക്ക് എന്തൊരു സ്വാദാ!! പ്രത്യേകിച്ചും തേങ്ങയും ജീരകവും അരയ്ക്കുന്നവയ്ക്ക്. തക്കാളി കറി എന്റെ വീട്ടില്‍ വെയ്ക്കാറേയില്ലായിരുന്നു. എന്നാല്‍ ചെറുപ്പത്തില്‍ എന്റെ മമ്മിയുടെ അനുജത്തി മറിയമ്മ ആന്റിയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടുത്തെ സ്ഥിരം കറിയാണ് ഇത്. എനിക്ക് വലിയ ഇഷ്ടമായിരുന്നു അത്. ഇതാണോ ആ റെസിപ്പി എന്ന് എനിക്കറിയില്ല. കുട്ടി ആയിരിക്കുമ്പോള്‍ റെസിപ്പി അന്വേഷിക്കാന്‍ എവിടെ നേരം..? :-) ഏതായാലും ഇയ്യിടെ ഒരു വനിതയില്‍ ഒരു പച്ചതക്കാളി കറി റെസിപ്പി കണ്ടു. വളരെ നാളുകള്‍ക്കു ശേഷം തക്കാളി കറിയെ കുറിച്ച് ഓര്‍ത്തു. പോരാത്തതിന് അരുണ്‍ന്റെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ അവിടുത്തെ ജോലിക്കാര്‍ കൃഷി ചെയ്തു ഉണ്ടാക്കിയ ഏതാനും പച്ചക്കറികള്‍ വീട്ടിലേക്കു തന്നു വിട്ട കൂട്ടത്തില്‍ 2 പച്ചത്തക്കാളി ഉണ്ടായിരുന്നു. അപ്പൊ അത് വച്ചായിക്കോട്ടെ പരീക്ഷണം.. :) തക്കാളി കറി ഒത്തു വന്നു. നല്ല കുത്തരി ചോറും പപ്പടവും തക്കാളി കറിയും മീന്‍ വറുത്തതും. ലഞ്ച് കുശാല്‍.. :-)
ചേരുവകള്‍
തക്കാളി (പച്ചയോ പഴുത്തതോ) – 1 വലുത്
സവാള – 1 ഇടത്തരം
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
തെങ്ങ – അര മുറി
വെളുത്തുള്ളി – ഒരല്ലി
ചെറിയ ഉള്ളി – 4-5 എണ്ണം
ജീരകം – കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
വറ്റല്‍ മുളക് – 2 എണ്ണം
കടുക് – ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തക്കാളിയും സവാളയും നേര്‍മ്മയായി നീളത്തില്‍ അരിഞ്ഞു എടുക്കുക. ഇതും 2 പച്ചമുളക് കീറിയത്, ഇഞ്ചി പൊടിയായി അരിഞ്ഞത്, മഞ്ഞള്‍പ്പൊടി ഉപ്പ്, അര ഗ്ലാസ് വെള്ളം എന്നിവ ചേര്‍ത്ത് ഒരു ചട്ടിയില്‍ വേവിച്ചു എടുക്കുക. തേങ്ങാ ജീരകം, വെളുത്തുള്ളി, ഒരു പച്ചമുളക്, 3 ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇത് വെന്ത തക്കാളിയിലേക്ക് ചേര്‍ക്കുക. പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി ചെറിയ തിള വരുമ്പോള്‍ വാങ്ങുക. കടുക്, ചെറിയ ഉള്ളി, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ താളിച്ച് കറിയില്‍ ഒഴിക്കുക. തക്കാളിക്കറി റെഡി.