പാവയ്ക്കാ മെഴുക്കുപുരട്ടി

December 14th, 2011

bittergourd-stir-fry-epathram

പാവയ്ക്കാ എന്ന് പറയുമ്പോള്‍ അയ്യേ എന്ന് പറയുന്ന ഒത്തിരി പേരെ എനിക്കറിയാം. അക്കൂട്ടത്തില്‍ ഒരാളായിരുന്നു എന്റെ ഭര്‍ത്താവും. അരുണ്‍ കല്യാണത്തിന് മുന്‍പ്‌ പാവയ്ക്ക കഴിക്കുകയെ ഇല്ലായിരുന്നു. എന്നാല്‍ ആശാന് ഇപ്പോള്‍ പാവയ്ക്കാ വലിയ ഇഷ്ടമാണ്.. :-) ഞാന്‍ സാധാരണ പാവയ്ക്ക തോരന്‍ ആണ് വയ്ക്കാറ്. നെറയെ തേങ്ങയും, കാരറ്റ് അരിഞ്ഞതും, സവാളയും ഒക്കെ ചേര്‍ക്കുമ്പോള്‍ പാവയ്ക്കയുടെ കയ്പ്പ്‌ അറിയുകയേ ഇല്ലാ. അതും നമ്മുടെ നാട്ടില്‍ കിട്ടുന്ന വെള്ള പാവയ്ക്കയാണ് സാധാരണ വയ്ക്കുക. കടും പച്ച നിറത്തിലുള്ള ഈ പാവയ്ക്ക ആദ്യമായാണ് മേടിച്ചത്. ഇത് എങ്ങനെ വയ്ക്കും എന്ന് ആലോചിച്ചു ഇരുന്നപ്പോഴാണ് എന്റെ സുഹൃത്ത്‌ പ്രീത ഒരു കിടിലന്‍ പാവയ്ക്കാ മെഴുക്കുപുരട്ടി റെസിപ്പി പറഞ്ഞു തന്നത്.  :-) ഇതിന്റെ ചേരുവകള്‍ കേട്ടപ്പോള്‍ അല്പം അത്ഭുതം തോന്നിയെങ്കിലും, വച്ചു കഴിഞ്ഞപ്പോള്‍ എല്ലാവര്ക്കും പെരുത്തിഷ്ടായി.. :-) ആ റെസിപ്പി അങ്ങനെ തന്നെ ആണോ ഞാന്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് എനിക്ക് ഉറപ്പില്ല.. എന്നാലും വച്ച് കഴിഞ്ഞപ്പോള്‍ ഉഗ്രനായി.. :-) പ്രീതക്ക് നന്ദി. അരുണ്‍ ഇപ്പൊ പാവയ്ക്കാ ഫാന്‍ ആണ്. :-) ഇത് കഴിച്ചു കഴിഞ്ഞാല്‍ നിങ്ങളും അങ്ങനെ തന്നെ ആകും. :-)

ചേരുവകള്‍

പാവയ്ക്ക – 3 എണ്ണം, അര്‍ദ്ധ വൃത്താകൃതിയില്‍ നേര്‍മ്മയായി അരിഞ്ഞത്
സവാള – 3 വലുത്
പച്ചമുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – 2 അല്ലി
മുളകുപൊടി – ഒന്നര ടേബിള്‍സ്പൂണ്‍ (എരിവ് അനുസരിച്ച്)
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
വാളന്‍പുളി – ഒരു നെല്ലിക്കാ വലിപ്പം
ശര്‍ക്കര – അര ടീസ്പൂണ്‍
വെളിച്ചെണ്ണ – അര കപ്പ്‌
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒരു നോണ്‍സ്റ്റിക്ക്‌ പാനില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ വഴറ്റുക. നിറം മാറി വരുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന പാവക്കായും ഉപ്പും ചേര്‍ത്ത് ഇളക്കി മൂടി വച്ചു, പകുതി വേവാകുന്നത് വരെ വേവിക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി 5 മിനുറ്റ് മൂടി വച്ചു വേവിക്കുക. പിന്നീട് വാളന്‍പുളി അല്പം കട്ടിയായി വെള്ളത്തില്‍ പിഴിഞ്ഞ് എടുത്തത്‌ ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. പാത്രം തുറന്നു വച്ച് ഇടയ്ക്ക് ഇളക്കി കൊടുത്തു 5-6 മിനുറ്റ് വരട്ടി എടുക്കുക. വാങ്ങുന്നതിന് മുമ്പ്‌, ശര്‍ക്കര ചുരണ്ടിയത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചോറിനൊപ്പം വിളമ്പാം..

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

വെജിറ്റബിള്‍ ന്യൂഡില്‍സ്‌

December 6th, 2011

noodles2-epathram

ഓക്കേ.. ഓക്കേ …സമ്മതിച്ചു.. നൂഡില്‍സ് അത്ര നല്ല ആഹാരം അല്ല.. പക്ഷെ വല്ലപ്പോഴും ഒന്ന് കഴിച്ചോട്ടെ.. പ്രത്യേകിച്ച് മാഗി നൂഡില്‍സ്.. അതിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്. മാഗി നൂഡില്‍സ് കാണുമ്പോ ഹോസ്റ്റല്‍ ജീവിതം ഓര്‍മ്മ വരും. വളരെ മോശം ഡിന്നര്‍ ഉള്ള രാത്രികളില്‍ എത്രയോ തവണ ആ കൊച്ചു മഞ്ഞ പാക്കറ്റ്‌ ഞങ്ങള്‍ക്ക് സന്തോഷം തന്നിട്ടുണ്ട്. ഹോസ്റ്റല്‍ ഭക്ഷണത്തെയും വാര്‍ഡനെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് നൂഡില്‍സ് ഒരു ചെറിയ പാത്രത്തില്‍ അടര്ത്തിയിടും, ആ ടേസ്റ്റ് മേക്കര്‍ ചേര്‍ത്ത് പാത്രം അടച്ചു വച്ച് അതിനകത്ത് വാര്‍ഡനാണ് എന്ന മട്ടില്‍ നന്നായി കുലുക്കും. :-)  അപ്പൊ ആ പൊടി നൂടില്സില്‍ നല്ല വണ്ണം പിടിക്കും. പിന്നെ പാത്രം തുറന്നു ഒരു കപ്പ്‌ തിളച്ച വെള്ളം അതിലേക്കു ചേര്‍ക്കും. ഇത് ഒരു അഞ്ചു മിനിറ്റ് അടച്ചു വയ്ക്കും. പിന്നെ പാത്രം തുറക്കുന്നതും കാലിയാകുന്നതും ഒരുമിച്ചാണ്. :-) ഒന്നോ രണ്ടോ വാ കഴിക്കാന്‍ കിട്ടും. അതില്‍ തൃപ്തിപ്പെട്ടുകൊള്ളണം. അങ്ങനെ ഒരു നൂഡില്‍സ് കഥ. പിന്നെ കല്യാണം ഒക്കെ കഴിച്ചു വലിയ കുക്കിംഗ്‌ ഒക്കെ തുടങ്ങിയപ്പോള്‍ നൂഡില്സിനെ വല്യ മൈന്‍ഡ് ചെയ്തില്ല. പോഷക സമൃദ്ധമായ ആഹാരം ആണല്ലോ നമ്മുടെ ലക്‌ഷ്യം. :-) പക്ഷെ നൂഡില്സിനെ അങ്ങനെ അങ്ങ് ഉപേക്ഷിക്കാനും പറ്റില്ലല്ലോ. അപ്പൊ കുറച്ചു പച്ചക്കറികള്‍ ചേര്‍ത്ത് അതിനെ ഒന്ന് വിപുലീകരിച്ചു തയ്യാറാക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ നടത്തി വിജയിച്ച ഒന്നാണ് താഴെ പറയുന്നത്. ഇനി നിങ്ങള്‍ ഉണ്ടാക്കി കഴിച്ചു കഴിയുമ്പോള്‍, എപ്പോഴും ഉണ്ടാക്കണം എന്ന് തോന്നാം… :-) എന്നാല്‍ അത് വേണ്ട കേട്ടോ.. നൂഡില്‍സ് പായ്ക്കില്‍ ഉള്ള ടേസ്റ്റ് മേക്കര്‍ അത്ര നല്ല സംഗതി അല്ലാ.. വല്ലപ്പോഴും പിള്ളേര്‍ നൂഡില്‍സ് വേണം എന്ന് ആവശ്യപ്പെടുമ്പോള്‍ ഇങ്ങനെ കുറച്ചു പച്ചക്കറികള്‍ ഒക്കെയിട്ടു, പരിപോഷിപ്പിച്ചു കൊടുക്കാം എന്ന് മാത്രം..:-)

noodles1-epathram

ചേരുവകള്‍

നൂഡില്‍സ് – 400 ഗ്രാം
സവാള – 1 വലുത്
തക്കാളി – 1 വലുത്
ബീന്‍സ് – 100 ഗ്രാം
കാരറ്റ്‌ – 100 ഗ്രാം
ഇഞ്ചി – 1 ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – 2 അല്ലി പൊടിയായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്
എണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

നൂഡില്‍സ് പായ്ക്കറ്റില്‍ പറഞ്ഞിരിക്കുന്ന വിധം ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിച്ചു പകുതി ടേസ്റ്റ് മേക്കര്‍ ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക്  ബാക്കിയുള്ള ടേസ്റ്റ് മേക്കര്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് ഇളക്കുക. തക്കാളി വെന്തു കഴിയുമ്പോള്‍ നീളത്തില്‍ നേര്‍മ്മയായി അരിഞ്ഞ പച്ചക്കറികള്‍ ചേര്‍ത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. ഇത് വെന്തു കഴിയുമ്പോള്‍ നൂഡില്‍സ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 2 മിനിറ്റിനു ശേഷം തീ ഓഫാക്കുക. ടൊമാറ്റോ സോസ്, സോയ്‌ സോസ് എന്നിവ ചേര്‍ത്ത് കഴിക്കാം.

കുറിപ്പ്: മുട്ട ഇഷ്ടമുള്ളവര്‍ക്ക് പച്ചക്കറികളുടെ കൂടെ ചിക്കി പൊരിച്ച മുട്ടയും ചേര്‍ക്കാം.
ടേസ്റ്റ് മേക്കര്‍ ഇല്ലാത്ത പ്ലെയിന്‍ നൂഡില്‍സ് ആണെങ്കില്‍ പച്ചക്കറികള്‍ വേവിക്കുമ്പോള്‍ അല്പം മുളകുപൊടിയും, സോയ്‌ സോസും, ഗ്രീന്‍ ചില്ലി സോസും  ചേര്‍ത്ത് വഴറ്റുക.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാലക് പയര്‍ കറി

November 21st, 2011

palak lobia curry-epathram

കേരളത്തിലെ ചീരയുമായി വളരെ സാദൃശ്യമുള്ള ഈ സസ്യം ഉത്തരേന്ത്യന്‍ ഭക്ഷണത്തിലെ ഒരു പ്രധാന ഇനമാണ്. പാലക് ദാലും പാലക്‌ പനീറും പാലക് മട്ടറുമെല്ലാം ഉത്തരേന്ത്യക്കാരുടെ പ്രിയവിഭവങ്ങളാണ്. എന്നാല്‍ നമ്മള്‍ മലയാളികള്‍ ഈ ഇലക്കറിയില്‍ അധികം കൈ വയ്ക്കാറില്ല എന്ന് തോന്നുന്നു. കാരണം നമ്മുടെ നാട്ടിലെ ചീരയെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതിനു അത്രയും സ്വാദ് പോര. മാത്രവുമല്ല ജലാംശം കൂടുതല്‍ ഉള്ളത് കൊണ്ട് തോരന്‍ വച്ചാല്‍ കുഴഞ്ഞു ഇരിക്കും.

palak-epathram

പോഷക സമൃദ്ധമായ പാലക് നൂറ് ഗ്രാമില്‍ 2 ഗ്രാം മാംസ്യം, 0.7 ഗ്രാം കൊഴുപ്പ്, 73 മി. ഗ്രാം കാല്‍സ്യം, 21 മി.ഗ്രാം ഫോസ്ഫറസ്, 1.14 മി. ഗ്രാം അയണ്‍, 2.7 മി. ഗ്രാം വിറ്റാമിന്‍, 0.26 മി. ഗ്രാം റൈബോഫ്ലേവിന്‍, 0.03 നയാമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി, സി എന്നിവയുടെ കലവറയായ പാലക് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗര്‍ഭിണികളുടെ പോഷകാഹാരത്തിനും പാലക് ഉള്‍പ്പെടുത്താവുന്നതാണ്.

blackeyedpeas-epathram

ഓക്കേ ഓക്കേ .. പാലക് പുരാണം അവിടെ നില്‍ക്കട്ടെ. ഇത്രയും സവിശേഷതകള്‍ ഉള്ള ഈ പച്ചക്കറിയെ നാവിന് രുചികരമായ രീതിയില്‍ എങ്ങനെ തയ്യാറാക്കാം എന്ന് പലവിധ ഗവേഷണങ്ങള്‍ നടത്തി വരികയാണ് ഞാന്‍. :-) പാലക് ദാല്‍, പാലക് ആലൂ, പാലക് പനീര്‍ ഇവയൊക്കെ ഉണ്ടാക്കി നോക്കി. എന്നാല്‍ എനിക്കും വീട്ടില്‍ എല്ലാവര്ക്കും ഇഷ്ടമായത് പാലകിന്റെ കൂടെ കാബൂളി ചന അല്ലെങ്കില്‍ ഉണങ്ങിയ വെള്ളപയര്‍ (ഹിന്ദിയില്‍ ഇതിനെ ലോബിയ എന്നും ഇംഗ്ലീഷില്‍ ബ്ലാക്ക്‌ എയ്ഡ്‌ പീ എന്നുമാണ് പറയുക) ചേര്‍ത്ത് ഉണ്ടാക്കിയ കറിയാണ്. ഇതൊന്നു വച്ച് നോക്കു. നിങ്ങളും പാലക് ഫാന്‍ ആകും. :-)

ചേരുവകള്‍

പാലക് – ഒരു കെട്ട്
വെള്ളപ്പയര്‍ അല്ലെങ്കില്‍ കാബുളി ചന – 2 ഗ്ലാസ്‌ ( കുറഞ്ഞത് എട്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തതു)
സവാള – 2 ഇടത്തരം നേര്‍മ്മയായി അരിഞ്ഞത്
തക്കാളി – 2 ഇടത്തരം ചെറുതായി അരിഞ്ഞത്
ഇഞ്ചി ചതച്ചത് – ഒരു റ്റീ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -ഒരു റ്റീ സ്പൂണ്‍
പച്ചമുളക് – 2 എണ്ണം
മല്ലിപ്പൊടി – ഒരു റ്റീ സ്പൂണ്‍
മുളക് പൊടി – ഒരു റ്റീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 റ്റീ സ്പൂണ്‍
ജീരകപ്പൊടി – 1/4 റ്റീ സ്പൂണ്‍
ഗരം മസാല – ഒരു റ്റീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ- 2 റ്റേബിള്‍ സ്പൂണ്‍
ജീരകം – 1 റ്റീ സ്പൂണ്‍
മല്ലിയില – ഒരു പിടി

പാചകരീതി

കുതിര്‍ന്ന പയര്‍ വേകുവാന്‍ ആവശ്യമുള്ള വെള്ളവും ഒരു സവാളയും ഒരു തക്കാളിയും അരിഞ്ഞതും, 1/2 റ്റീ സ്പൂണ്‍ വീതം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, മല്ലിപ്പൊടി, മുളക് പൊടി, ഗരം മസാല പൊടി, പാകത്തിന് ഉപ്പ് എന്നിവയും ചേര്‍ത്ത് ഏകദേശം 20 മിനിറ്റ് കുക്കറില്‍ വേവിക്കുക. കുക്കര്‍ തുറക്കുമ്പോള്‍ നന്നായി ഇളക്കി യോജിപ്പിക്കുക.

പാലക് കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ജീരകം വഴറ്റുക. ഇതിലേക്ക് ഒരു സവാള അരിഞ്ഞത്, 1/2 റ്റീ സ്പൂണ്‍ വീതം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, നെടുകെ പിളര്‍ന്ന പച്ചമുളക് എന്നിവ വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. തക്കാളി ഉടഞ്ഞു കഴിയുമ്പോള്‍ ബാക്കിയുള്ള പൊടികള്‍ എല്ലാം ചേര്‍ത്ത് മൂപ്പിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന പാലക് ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വച്ച് 5 മിനുറ്റ് വേവിക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പയര്‍ ഗ്രേവിയോടു കൂടെ ചേര്‍ക്കുക. നന്നായി ഇളക്കി 5 മിനിറ്റ് കൂടി ചെറുതീയില്‍ വയ്ക്കുക. വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഇളക്കുക. ചപ്പാത്തിക്കും ചോറിനും നല്ല ഒരു കറിയാണ്.

ഇതേ രീതിയില്‍ തന്നെ പയര്‍, ചന എന്നിവയ്ക്ക് പകരം വിവിധയിനം പരിപ്പുകള്‍ ഉപയോഗിച്ചും ഈ കറി തയ്യാറാക്കാം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അവിയല്‍

November 16th, 2011

aviyal-epathram

നമ്മുടെ നാടന്‍ കുത്തരി ചോറിന്റെ കൂടെ കഴിക്കാന്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം എന്താണെന്ന് എന്നോട് ചോദിച്ചാല്‍ ഒന്നും ആലോചിക്കാതെ പറയാന്‍ പറ്റിയ ഒരേയൊരു കറിയാണ് അവിയല്‍. എന്റെ ഈ അവിയല്‍ പ്രേമം എന്നെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. :-) അവിയലിന് വെളിച്ചെണ്ണ ഒഴിക്കുമ്പോള്‍ ഉള്ള ആ സുഗന്ധം ഒന്ന് വേറെ തന്നെയാണ്. ഞാന്‍ ഹോസ്റ്റലില്‍ നിന്നും വീട്ടില്‍ വരുമ്പോള്‍ ഒക്കെ എന്റെ മമ്മി അവിയല്‍ ഉണ്ടാക്കിയിരുന്നു. അല്പം നീണ്ട, കഷ്ണങ്ങള്‍ ഒക്കെ നന്നായി ഉടഞ്ഞ അവിയല്‍ ആണ് മമ്മി ഉണ്ടാക്കിയിരുന്നത്. ചെറുപ്പം മുതലേ അങ്ങനെ കഴിച്ചത് കൊണ്ടാണോ ആവോ എനിക്ക് അങ്ങനെയുള്ള അവിയല്‍ ആണ് ഇഷ്ടം.

അവിയല്‍ ഇഷ്ടം ഇല്ലാത്തവര്‍ ഉണ്ടാവുമോ ആവോ. എങ്ങനെ വച്ചാലും നല്ല സ്വാദ് അല്ലെ? പലതരത്തിലുള്ള അവിയലുകള്‍ ഉണ്ട്. ഏതു പച്ചക്കറിയും അവിയലില്‍ ചേര്‍ക്കാം എങ്കിലും വെണ്ടക്കാ, പാവയ്ക്ക തുടങ്ങിയവ ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പുളിക്ക് വേണ്ടി തൈര്, മാങ്ങാ, വാളന്‍പുളി എന്നിവയൊക്കെ ചേര്‍ക്കാം. ഏതായാലും കൃത്യമായ നിയമങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥിതിക്ക്, ഇത് എന്റെ അവിയല്‍ എന്ന് പറയാം. ;-)

ചേരുവകള്‍

ഉരുള കിഴങ്ങ്, പയര്‍, ക്യാരറ്റ്‌, ബീന്‍സ്‌, ചേന,വെള്ളരിക്ക, മുരിങ്ങക്കായ, ഏത്തയ്ക്കാ, കോവയ്ക്ക, എന്നീ പച്ചക്കറികള്‍  – എല്ലാം അരക്കപ്പ് വീതം
മാങ്ങ – 1 എണ്ണം
തേങ്ങ – 1/2 മുറി
ജീരകം – 1 ടേബിള്‍സ്പൂണ്‍
മഞ്ഞപ്പൊടി – അര ടേബിള്‍സ്പൂണ്‍
സവാള – 1 എണ്ണം
ചെറിയ ഉള്ളി – 4-5 എണ്ണം
പച്ചമുളക് – 5 എണ്ണം
ഉപ്പ് – ആവശ്യത്തിന്.
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
വെള്ളം – 1/2 ഗ്ലാസ്‌
കറിവേപ്പില – 2 തണ്ട്

തയ്യാറാക്കുന്ന വിധം

നീളത്തില്‍ നുറുക്കിയ പച്ചക്കറികള്‍, സവാള, 3 പച്ചമുളക് കീറിയത് എന്നിവ ഉപ്പും മഞ്ഞള്‍പ്പൊടിയും വെള്ളവും ചേര്‍ത്ത് വേവിക്കുക. ഞാന്‍ കുക്കറില്‍ ഒരു വിസില്‍ അടിക്കുന്നത് വരെ വേവിച്ചു. ജീരകം, ചെറിയ ഉള്ളി, 2 പച്ചമുളക് എന്നിവ മിക്സിയില്‍ നന്നായി അരയ്ക്കുക. ഇതിലേക്ക് തേങ്ങാ ചിരകിയത് ചേര്‍ത്ത് ഒന്ന് കറക്കി എടുക്കുക. തേങ്ങാ ഒന്ന് ചതഞ്ഞാല്‍ മതി. അരയരുത്. കഷ്ണങ്ങള്‍ വെന്തതിലേക്ക് മാങ്ങ നുറുക്കിയതു കൂടി ചേര്‍ത്ത് ഒന്ന് കൂടി വേവിക്കുക, ഇതിലേക്ക് തേങ്ങാ കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക. ഒന്നു ചൂടാകുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി അവിയല്‍ അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കാം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പനീര്‍ തക്കാളി മസാല

October 26th, 2011

paneer-masala-epathram

പനീര്‍ വിഭവം എന്ന് പറയുമ്പോള്‍ വെജിറ്റേറിയന്‍സിനു സ്പെഷ്യല്‍ ആയി ഉണ്ടാക്കുന്ന ഐറ്റം എന്നാണ് എന്റെ മനസ്സ് ആദ്യം പറയുക. നമ്മളൊക്കെ ഇറച്ചിയും മീനുമൊക്കെ കഴിക്കുമ്പോള്‍ ഇവയോട്  ‘NO’ പറയുന്നവര്‍ക്കും എന്തെങ്കിലും ഒരു സന്തോഷം വേണ്ടേ? :-) നിങ്ങള്‍ വെജിറ്റേറിയന്‍ ആണെങ്കില്‍ പനീര്‍ കഴിക്കുമ്പോള്‍ അങ്ങനെ ഒരു സന്തോഷം തോന്നാം. (നല്ല കറിയാണ് എങ്കില്‍ മാത്രം. :-), അല്ലെങ്കില്‍ പനീര്‍ കാണുമ്പോഴേ നിങ്ങള്‍ ഭക്ഷണം തന്നെ ഉപേക്ഷിച്ചു എന്ന് വരാം). താഴെ പറയുന്ന പനീര്‍ തക്കാളി മസാല എന്റെ സുഹൃത്ത് പ്രീതയുടെ സ്വന്തം റെസിപ്പി ആണ്. ഞാന്‍ കഴിച്ചിട്ടില്ല എങ്കിലും കഴിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നത് വളരെ സ്വാദിഷ്ടമായ ഒരു പനീര്‍ റെസിപ്പി ആണെന്നാണ്. ഏതായാലും നമ്മുക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കിയാലോ?? :-)

ചേരുവകള്‍

സവാള – മൂന്ന്
വെളുത്തുള്ളി – മൂന്ന് അല്ലി
ഇഞ്ചി – ഒരിഞ്ചു കഷ്ണം
തക്കാളി – രണ്ട്
ചിക്കന്‍ മസാല – ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി – ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
പനീര്‍ – അര കിലോ
കോണ്‍ ഫ്ളവര്‍ – അര ടേബിള്‍സ്പൂണ്‍
മല്ലിയില – രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി ഇഞ്ചി എന്നിവ ചതച്ചത് നാല് ടേബിള്‍സ്പൂണ്‍ എണ്ണയില്‍ വഴറ്റുക. സവാള ചെറുതായി അരിഞ്ഞു ചേര്‍ക്കുക. ഇത് നേരിയ ബ്രൌണ്‍ നിറമാകുമ്പോള്‍ ചിക്കന്‍ മസാല പൊടി, മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. പൊടികള്‍ ചൂടാവുമ്പോള്‍ തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. വെള്ളം ചേര്‍ക്കാതെ മൂടി വെച്ച് രണ്ടു മിനിറ്റ്‌ വേവിക്കുക. ചെറിയ കഷ്ണങ്ങള്‍ ആക്കിയ പനീര്‍ ഇതിലേക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും അര ടീസ്പൂണ്‍ കുരുമുളക് പൊടിയും ചേര്‍ത്ത് രണ്ടു മിനിറ്റ്‌ വേവിക്കുക. ഇതില്‍ ഒരു കപ്പു ചൂട് വെള്ളം ചേര്‍ത്ത് ഇളക്കി തിളക്കുന്നത് വരെ വേവിക്കുക. അര ടേബിള്‍സ്പൂണ്‍ കോണ്‍ ഫ്ളവര്‍ അര കപ്പു പച്ചവെള്ളത്തില്‍ കലക്കി ചേര്‍ക്കുക. തിളച്ചതിനു ശേഷം രണ്ടു മിനിറ്റ്‌ ചെറു തീയില്‍ വേവിക്കുക. തീ ഓഫ് ആക്കി മല്ലിയില ഇലയും തണ്ടും കൂടി വളരെ ചെറുതായി മുറിച്ച് മുകളില്‍ വിതറുക. ചെറു ചൂടോടെ ചപ്പാത്തിക്കും അപ്പത്തിനും സൈഡ് ഡിഷ്‌ ആയി ഉപയോഗിക്കാം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 512345

« Previous Page« Previous « സോയാ വെജിറ്റബിള്‍ മിക്സ്
Next »Next Page » കുമ്പളങ്ങാ മോര് കറി »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine