തൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍. പട്ടാമ്പി കരിങ്ങനാട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് മലയാളി തൊഴിലുടമ മുങ്ങിയതിനാല്‍ ജയിലില്‍ ആയിരിക്കുന്നത്. പട്ടാമ്പിക്കടുത്ത് കരിങ്ങനാട് സ്വദേശിയായ കൊട്ടിലങ്ങാത്തൊടി മുഹമ്മദ് മുസ്തഫ കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലാണ്. താന്‍ ഒന്‍പത് വര്‍ഷം ജോലി ചെയ്ത ഫുജൈറയിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിന്റെ പട്ടാമ്പി സ്വദേശിയായ ഉടമക്ക് ചെക്ക് കേസില്‍ ജാമ്യം നിന്നതാണ് താന്‍ ജയിലാകാന്‍ കാരണമെന്ന് മുസ്തഫ പറയുന്നു. വല്ലപ്പോഴും ജയിലില്‍ നിന്ന് വിളിക്കാന്‍ കിട്ടുന്ന അവസരത്തിലാണ് മുസ്തഫ ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്
ഒരു കമ്പനി കൊടുത്ത കേസില്‍ ആദ്യം സ്ഥാപന ഉടമയാണ് ജയിലിലായത്. ഇയാള്‍ക്ക് ജയില്‍ മോചിതരാകാന്‍ രണ്ട് ജാമ്യക്കാരെ വേണമായിരുന്നു. അങ്ങിനെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ജാമ്യക്കാര നായതെന്ന് മുസ്തഫ പറയുന്നു. യു. എ. ഇ. സ്വദേശിയായ കട ഉടമയും ഇയാളുടെ മോചനത്തിന് ജാമ്യം നിന്നു. എന്നാല്‍ ജയില്‍ മോചിതനായ ഉടമ നാട്ടിലേക്ക് മുങ്ങുകയായിരുന്നുവത്രെ.
ഇതോടെ യു. എ. ഇ. സ്വദേശിയും മുസ്തഫയും ജയിലിലായി. യു. എ. ഇ. സ്വദേശി ഒന്നര ലക്ഷം ദിര്‍ഹം അടച്ച് ജയില്‍ മോചിതനായി.
മുസ്തഫയ്ക്ക് ജയില്‍ മോചിത നാകണമെങ്കില്‍ ഒന്നര ലക്ഷം ദിര്‍ഹം അടയ്ക്കണം. വീടും പറമ്പും പണയപ്പെടുത്തി ഒരു ലക്ഷം ദിര്‍ഹം സമ്പാദിച്ചിട്ടുണ്ട്. ബാക്കിയുള്ള 50,000 ദിര്‍ഹം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.
തന്നെ കബളിപ്പിച്ചു മുങ്ങിയ സ്ഥാപനം ഉടമയുമായി ബന്ധപ്പെടുമ്പോള്‍ താനാര്‍ക്കും പണം നല്‍കാനില്ലെന്ന മറുപടിയാണ് തനിക്ക് ലഭിക്കുന്നതെന്ന മുസ്തഫ സങ്കടത്തോടെ പറയുന്നു. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം കേശവദാസ പുരത്ത് ഒരു ഡിഷ് വാഷിംഗ് കമ്പനി നടത്തുകയാണത്രെ. സുമനസുകളുടെ കനിവില്‍ എത്രയും വേഗം ബാക്കിയുള്ള തുക കണ്ടെത്താനാകുമെന്നും തനിക്ക് ജയില്‍ മോചനം സാധ്യമാകുമെന്നും മുസ്തഫ സ്വപ്നം കാണുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, തൊഴിലാളി, നിയമം