അബുദാബി : യു.എ.ഇ. യില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്കുള്ള ഉച്ച വിശ്രമം ജൂണ്‍ 15 മുതല്‍ ആരംഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഉച്ച വിശ്രമ സമയം ഒരു മാസം കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്.
ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്കാണ് യു. എ. ഇ. യില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്ക് ഉച്ച വിശ്രമം അനുവദിച്ചി രിക്കുന്നത്. രണ്ട് മാസം ഉച്ച വിശ്രമം എന്ന മുന്‍ വര്‍ഷങ്ങളിലെ രീതിയില്‍ നിന്ന് മാറി ഈ വര്‍ഷം ഒരു മാസം കൂടുതല്‍ ഉച്ച വിശ്രമം അനുവദിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനി ക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് വിശ്രമ സമയം. തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. യു. എ. ഇ. കോണ്‍ട്രാക്ടേഴ്സ് അസോസിയേ ഷനുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്ന് തൊഴില്‍ മന്ത്രി വ്യക്തമാക്കി. ഉച്ച വിശ്രമം സംബന്ധിച്ച് വ്യക്തമായ പഠനം നടത്തിയി ട്ടുണ്ടെന്നും, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നടപ്പിലാക്കി ക്കൊണ്ടിരിക്കു ന്നതെന്നും സഖര്‍ ഗോബാഷ് പറഞ്ഞു.
ഉച്ച വിശ്രമം സംബന്ധിച്ച് വ്യക്തമായി തൊഴില്‍ സ്ഥലങ്ങളില്‍ അറബിയിലും തൊഴിലാളികള്‍ക്ക് മനസിലാവുന്ന മറ്റ് ഭാഷകളിലും എഴുതി ഒട്ടിച്ചിരിക്കണമെന്നും തൊഴിലുടമകള്‍ക്ക് നിര്‍ദേശമുണ്ട്. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിക്കാനുള്ള മുന്‍കരുതലുകളും തണുത്ത വെള്ളവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി യിരിക്കണം.
ഉച്ച വിശ്രമ നിയമം ലംഘിക്കുന്ന കമ്പനികളെ പിടികൂടാനായി ഈ വര്‍ഷം പരിശോധനാ ഇന്‍സ് പെക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഹുമൈദ് ബിന്‍ ബീമാസ് പറഞ്ഞു.
നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ആദ്യ ഘട്ടത്തില്‍ 10,000 ദിര്‍ഹം പിഴ ശിക്ഷ നല്‍കും. വീണ്ടും നിയമം ലംഘിച്ചാല്‍ പിഴ 20,000 ദിര്‍ഹമാക്കി വര്‍ധിപ്പിക്കും. ഒപ്പം ആറ് മാസത്തേക്ക് ഈ കമ്പിനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല.
മൂന്നാമതും നിയമം ലംഘിച്ചാല്‍ 30,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ഒപ്പം ഒരു വര്‍ഷത്തേക്ക് ഇത്തരം കമ്പനികള്‍ക്ക് വിസ അനുവദിക്കില്ല.
ഉച്ച വിശ്രമ സമയം ഒരു മാസത്തേക്ക് കൂടി വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മൂന്ന് മാസത്തേക്ക് ഉച്ച വിശ്രമം അനുവദിച്ചത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏറെ സഹായകരമാകും.
- ജെ.എസ്.