റിയാദ് : വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനമായി ഒരു സംഘം സ്ത്രീകള്‍ ഇന്നലെ സൌദിയിലെ നിരത്തുകളിലൂടെ കാറുകള്‍ ഓടിച്ചു. സംഘം ചേരുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയില്‍ മൈക്രോ ബ്ലോഗ്ഗിംഗ് വെബ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ നിശ്ചയിച്ച് ഉറപ്പിച്ചത് അനുസരിച്ച് വൈകുന്നേരമായപ്പോഴേക്കും അന്‍പതോളം സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള ദേശീയ നിരോധനം ലംഘിച്ചു കൊണ്ട് സൌദിയിലെ നിരത്തുകളില്‍ കാറുകള്‍ ഓടിച്ചു.
സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട് യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്.
1998ല്‍ 48 വനിതകള്‍ വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി സമരം നടത്തുകയുണ്ടായി. റിയാദില്‍ ഒരു മണിക്കൂറോളം സംഘം ചേര്‍ന്ന് ഇവര്‍ വാഹനം ഓടിച്ചു. എന്നാല്‍ കര്‍ശനമായാണ് സര്‍ക്കാര്‍ ഇവരെ ശിക്ഷിച്ചത്. ഇവരുടെ തൊഴിലുകള്‍ നിര്‍ത്തലാക്കുകയും സൗദി അറേബ്യക്ക് വെളിയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും ഇവരെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മത നേതാക്കള്‍ ഇവരെ “വേശ്യകള്‍” എന്ന് മുദ്ര കുത്തി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ചു കൊണ്ട് രാജ്യത്തെ മത നേതൃത്വം ഫത്വ പുറപ്പെടുവിച്ചത്. ഈ ഫത്വയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്നും സൌദിയില്‍ തടയുന്നത്.
അടുത്ത കാലത്തായി അത്യാവശ്യത്തിന് വാഹനം ഓടിച്ച നിരവധി സൗദി വനിതകള്‍ പോലീസ് പിടിയില്‍ ആവുന്നത് സൌദിയില്‍ പതിവാണ്. ഇവരെ ഒരു പുരുഷ രക്ഷാകര്‍ത്താവ് വരുന്നത് വരെ തടവില്‍ വെയ്ക്കുകയും ഇവരെ ഇനി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് രക്ഷാകര്‍ത്താവില്‍ നിന്നും രേഖാമൂലം ഒപ്പിട്ടു വാങ്ങിയതിന് ശേഷം മാത്രം വിട്ടയയ്ക്കുകയുമായിരുന്നു ചെയ്തു വന്നത്. എന്നാല്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുകയും താന്‍ അല്‍ ഖോബാര്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത മനാല്‍ അല്‍ ഷെരീഫ് പോലീസ് പിടിയിലായി. ഒന്‍പതു ദിവസത്തോളം തടവില്‍ കിടന്ന ഇവരെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ തല്‍പ്പരനായ സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് നേരിട്ട് ഇടപെട്ടാണ് മോചിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, പ്രതിഷേധം, മതം, മനുഷ്യാവകാശം, സ്ത്രീ വിമോചനം, സൗദി അറേബ്യ
പുരുഷന്റെ അടിച്ചമര്‍ത്തലിന്റെ മറ്റൊരു മുഖം,വേശ്യകളെ സ്രുഷ്ടിക്കുന്നതും പുരുഷന്മ്മാര്‍ ആണല്ലൊ. എന്നിട്ടൊരു മുദ്രകുത്തലും . ഹും ഇവക്കെല്ലാം മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം.