ജെദ്ദ : സൌദിയില്‍ പെണ്‍കുട്ടികളുടെ വിവാഹത്തിന് കുറഞ്ഞ പ്രായ പരിധി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി നീതിന്യായ വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ശൈശവ വിവാഹം വ്യാപകമായ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ അന്താരാഷ്ട്ര വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഇത് സംബന്ധിച്ച് മന്ത്രാലയം വ്യക്തമായ നിലപാടുകൾ സ്വീകരിച്ചു കഴിഞ്ഞതായി നീതിന്യായ വകുപ്പിന്റെ കീഴിലുള്ള വിവാഹ കാര്യ വിഭാഗം തലവൻ അറിയിച്ചു. ഇത് നിയമമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പുതിയ നിയമങ്ങൾ കൊണ്ടു വരുന്നതിൽ ഭരണകൂടത്തിന് ഉപദേശം നൽകുന്ന ഷൂറാ കൌൺസിൽ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി കൊണ്ടു വരണം എന്ന് നിർദ്ദേശിച്ചതായി കഴിഞ്ഞ വർഷം വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതിൽ പുരോഗതിയൊന്നും ഉണ്ടായില്ല.
പെണ്‍കുട്ടിയുടെ സമ്മതം വിവാഹത്തിന് ആവശ്യമാണെങ്കിലും പലപ്പോഴും ഇത് ആരും പരിഗണിക്കാറില്ല. മനുഷ്യാവകാശ സംഘടനകള്‍ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണം എന്ന് ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്.
സൌദിയിലെ യാഥാസ്ഥിതികര്‍ ഇത്തരം ഒരു നീക്കത്തിന് എതിരാണെങ്കിലും സര്‍ക്കാരില്‍ നിന്നു തന്നെ ഇത്തരം ഒരു പ്രായ പരിധി കൊണ്ടു വരുന്നതിന് അനുകൂലമായ നിലപാട് പ്രകടമായ സ്ഥിതിക്ക് പുതിയ നിയമ ഭേദഗതികള്‍ ഈ കാര്യത്തില്‍ വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
2009ൽ 8 വയസുള്ള ഒരു പെൺകുട്ടിയെ 50 വയസുള്ള ഒരാൾ വിവാഹം ചെയ്തത് അസാധുവാക്കണം എന്ന പെൺകുട്ടിയുടെ അമ്മയുടെ ആവശ്യം കോടതി തള്ളിയത് എറെ വിവാദമായിരുന്നു. പെണ്‍കുട്ടി പ്രായപൂര്‍ത്തി ആവുന്നത് വരെ കാത്തിരിക്കണം എന്നും പ്രായപൂര്‍ത്തി ആയതിനു ശേഷമേ പെണ്‍കുട്ടിക്ക് വിവാഹ മോചനത്തിന് ഉള്ള ഹരജി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉള്ള അവകാശം ഉള്ളൂ എന്ന കാരണം പറഞ്ഞാണ് കോടതി അപേക്ഷ തള്ളിയത്.
2010ൽ 12 വയസുള്ള ഒരു പെൺകുട്ടിയ്ക്ക് 80 വയസുള്ള ഭർത്താവിൽ നിന്നും വിവാഹ മോചനം ലഭിക്കുന്നതിനായി സൌദിയിലെ മനുഷ്യാവകാശ കമ്മീഷൻ തന്നെ നിയമ സഹായം നൽകിയത് പെൺകുട്ടികളുടെ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കപ്പെടാനുള്ള പ്രതീക്ഷ ഉണർത്തിയിരുന്നു.
18 വയസിന് താഴെ പ്രായം ഉള്ളവരെ കുട്ടികളായി പരിഗണിക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ഉടമ്പടിയിൽ സൌദി അറേബ്യയും ഒപ്പു വെച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, മനുഷ്യാവകാശം, സാമൂഹികം, സ്ത്രീ വിമോചനം, സൗദി അറേബ്യ