റിയാദ് : സ്ത്രീകൾ പുരുഷന്മാരോടൊപ്പം ജോലി ചെയ്യുന്നതിന് ഏറെ നിയന്ത്രണങ്ങൾ നിലനില്ക്കുന്ന സൌദി അറേബ്യയിൽ സ്ത്രീകൾക്ക് ജോലി ചെയ്യാനായി സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന വ്യവസായ നഗരം വരുന്നു. ഇതോടെ നിയന്ത്രണങ്ങൾക്ക് വിധേയമായി തന്നെ സൌദിയിലെ സ്ത്രീകൾക്ക് ജോലി ചെയ്യാനാവും. ഹോഫുഫ് നഗരത്തിന്റെ കിഴക്കൻ പ്രവിശ്യയിലാണ് ഈ പുതിയ “ലേഡീസ് ഓൺലി” നഗരം പണിയുന്നത്. ലിംഗ വിവേചനം നിലനിർത്തിക്കൊണ്ടു തന്നെ സ്ത്രീകൾക്ക് വർദ്ധിച്ച സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാക്കുക എന്നതാണ് ഇത്തരമൊരു പദ്ധതിയുടെ ലക്ഷ്യം. ഇത്തരം നാല് നഗരങ്ങൾ കൂടി പണിയാനുള്ള പദ്ധതികൾ തയ്യാറായി വരുന്നുണ്ട്. ഏറെ യാഥാസ്ഥിതികമായ കാഴ്ച്ചപ്പാടുകൾ ഉള്ള സൌദി സമൂഹത്തിൽ സ്ത്രീകൾക്ക് സ്വന്തമായി വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല.
രാജ്യത്തെ തൊഴിലാളികളിൽ 15 ശതമാനം മാത്രമാണ് സ്ത്രീകൾ. ഇത് തന്നെ മിക്കവാറും സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥലങ്ങളിലും. പുരുഷന്മാരുമായി ഇടകലർന്ന് ജോലി ചെയ്യാൻ കർശനമായ നിയന്ത്രണങ്ങളാണ് ഇവിടെ ഉള്ളത്. തുണിക്കടകളിൽ ചെന്നാൽ പുരുഷന്മാരായ ജോലിക്കാരിൽ നിന്നും അടിവസ്ത്രം ചോദിച്ചു വാങ്ങേണ്ട ഗതികേടിലായിരുന്നു സൌദിയിലെ സ്ത്രീകൾ. എന്നാൽ ഈ കഴിഞ്ഞ ജനുവരി മുതൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ വില്ക്കാൻ സ്ത്രീ തൊഴിലാളികളെ നിയമിക്കാം എന്ന നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
2015ലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്കും വോട്ടവകാശം നല്കും എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ അബ്ദുള്ള രാജാവ് പ്രഖ്യാപിക്കുകയുണ്ടായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സ്ത്രീ വിമോചനം, സൗദി അറേബ്യ