റിയാദ്: സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുള്ള സൌദിയില്‍, തന്റെ കാര്‍ ഓടിച്ചതിനു ഒരു സൗദി വനിതയെ അറസ്റ്റ് ചെയ്തു. സൌദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ ഖോബാര്‍ നഗരത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. കമ്പ്യൂട്ടര്‍ ഉദ്യോഗസ്ഥയായ 32 കാരി മനല്‍ അല്‍-ഷെരിഫ് ആണ് പോലീസ് പിടിയിലായത്. താന്‍ സൌദിയില്‍ ഡ്രൈവ് ചെയ്യുന്ന രംഗങ്ങള്‍ ഷൂട്ട് ചെയ്ത മനല്‍ അത് യൂടുബില്‍ കഴിഞ്ഞ ആഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഇവരെ പോലീസ് കസ്റ്റഡിയില്‍ വച്ചു. ഇവരുടെ സഹോദരന്‍ എത്തിയാണ് മനലിനെ മോചിപ്പിച്ചത്.
സൌദി നിയമം അനുസരിച്ച് സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കുറ്റകരമാണ്. കൂടെ പുരുഷന്മാരില്ലാതെ സഞ്ചരിക്കുന്നതും ശിക്ഷാര്‍ഹമാണ്. എന്നാല്‍ സ്ത്രീ വിമോചന പ്രവര്‍ത്തകര്‍ ഈ കര്‍ശന നിയമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള വിലക്കിനെതിരെ ജൂണ്‍ 17 നു രാജ്യമൊട്ടാകെ സ്ത്രീകള്‍ വാഹനമോടിച്ചു പ്രതിഷേധിക്കാനാണ് ഇവര്‍ പദ്ധതി ഇട്ടിരിക്കുന്നത്.
- ലിജി അരുണ്‍