ദുബായ് : വിമാനം വൈകിയത് മൂലം ഇനി പ്രവാസികള്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. വിമാനം വൈകുന്നത് മൂലം പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു എന്നായിരുന്നു ഇത്രയും നാള് പരാതി. ഇതിനെതിരെ പ്രക്ഷോഭവും പ്രതിഷേധവും നിവേദനവും എല്ലാം നടത്തുകയും ചെയ്തു. പ്രവാസികളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ അടുത്തറിഞ്ഞു പ്രശ്ന പരിഹാരം കാണാന്‍ പ്രവാസി പ്രമുഖരെ വിമാന കമ്പനികളുടെ നേതൃ സ്ഥാനത്ത് കൊണ്ട് വരികയും ചെയ്തു. എന്നിട്ടും വിമാനങ്ങള്‍ വൈകുകയും പ്രവാസികള്‍ ദുരിതത്തിലാവുകയും ചെയ്തു വന്നു.
ഇതിനൊരു പരിഹാരമായി ദേശീയ വ്യോമ ഗതാഗത കമ്പനി (National Aviation Company of India Limited – NACIL) പുതിയൊരു തീരുമാനം എടുത്തു. വിമാനം തന്നെ റദ്ദ് ചെയ്യുവാനായിരുന്നു ഈ തീരുമാനം. പ്രതിഷേധവുമായി രംഗത്ത് വന്നത് മലയാളികള്‍ ആണല്ലോ. അപ്പോള്‍ പ്രതിഷേധിക്കാന്‍ അവസരം നല്‍കാതെ മലയാളികള്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ തന്നെയങ്ങ് റദ്ദ് ചെയ്തു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം എന്നീ വിമാന താവളങ്ങളില്‍ നിന്നും ഷാര്‍ജ, അബുദാബി, ദുബായ്, മസ്കറ്റ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സെപ്തംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളിലെ 298 സര്‍വീസുകളാണ് റദ്ദാക്കിയത്.
ജീവനക്കാരുടെ ദൌര്‍ലഭ്യം കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മംഗലാപുരം വിമാനാപകടത്തെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി ചില പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ ജോലി സമയം ഒരു മാസം പരമാവധി 125 മണിക്കൂറും, ഒരു വര്‍ഷം 1000 മണിക്കൂറും ആയി നിജപ്പെടുത്തി. വിദേശ പൈലറ്റുമാരെ നിയോഗിക്കുന്നതിനു വന്ന നിയന്ത്രണവും സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നതിന് കാരണമായി.
വിമാനം വൈകുന്നതും സമയം മാറ്റുന്നതും യാത്രക്കാരെ ആലോസരപ്പെടുത്തുകയും അവരുടെ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്യുന്നു. ജീവനക്കാരുടെ കമ്മി കണക്കിലെടുത്ത് ലഭ്യമായ ജീവനക്കാരെ ഉപയോഗിച്ച് കാര്യക്ഷമമായി പ്രവര്‍ത്തനം നടത്തുവാന്‍ സര്‍വീസുകളുടെ എണ്ണം വെട്ടി ചുരുക്കേണ്ടത് ആവശ്യമാണ് എന്ന് മനസ്സിലാക്കിയാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്ന് കമ്പനി വക്താവ് അറിയിച്ചു.
റദ്ദ് ചെയ്യപ്പെട്ട സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ ടെലിഫോണ്‍ വഴി ബന്ധപ്പെടുമെന്നും മറ്റ് സര്‍വീസുകളില്‍ അവര്‍ക്ക് ടിക്കറ്റ് നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യും. സ്ക്കൂളുകള്‍ തുറന്നതിനു ശേഷവും റമദാന് – ഈദ് തിരക്ക് കഴിഞ്ഞതിനു ശേഷവും മാത്രമാണ് മിക്കവാറും വിമാന സര്‍വീസുകള്‍ വെട്ടി ചുരുക്കിയത്. എയര്‍ ഇന്ത്യയുടെയും ഐ.സി. കോഡുള്ള (നേരത്തെ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ് എന്ന് അറിയപ്പെട്ടിരുന്ന) വിമാന സര്‍വ്വീസുകളും പതിവ് പോലെ പ്രവര്‍ത്തിക്കും എന്നും കമ്പനി അറിയിച്ചു.
-