അബുദാബി : ലോക തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സാഹിത്യ രൂപമാണ് ബ്ലോഗ്. ഗള്‍ഫ് ജീവിതം ഇന്ന് ഏറ്റവും കൂടുതല്‍ ആവിഷ്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് ബ്ലോഗി ലൂടെയാണ്. മലയാള സാഹിത്യ ചരിത്രത്തെ കുറിച്ച് കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന ഗ്രന്ഥത്തില്‍ ബ്ലോഗ് സാഹിത്യ ത്തെക്കുറിച്ച് ഒരു അദ്ധ്യായം തന്നെ ഉള്‍പ്പെടുത്തുന്നുണ്ട് എന്നും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍ ഡോ. അസീസ് തരുവണ പറഞ്ഞു. ഇറാഖ് യുദ്ധ കാലത്ത് പ്രമുഖ പത്ര പ്രവര്‍ത്തകനായ സലാം ബക്സ് ബ്ലോഗി ലൂടെയും ലബനോന്‍ യുദ്ധ കാലത്ത് മറ്റൊരു ബ്ലോഗറായ ഒരു പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പു കളിലൂടെയും ആയിരുന്നു വാര്‍ത്തകള്‍ സത്യസന്ധ മായി ലഭിച്ചു കൊണ്ടിരുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഏറനാടന്‍ എന്ന പേരില്‍ ബൂലോഗത്തില്‍ പ്രശസ്തനായ സാലിഹ് കല്ലട യുടെ സിനിമ യുമായി ബന്ധപ്പെട്ട അനുഭവ ക്കുറിപ്പുകളായ “ഒരു സിനിമാ ഡയറിക്കുറിപ്പ്” എന്ന ബ്ലോഗിലെ തിരഞ്ഞെടുത്ത 16 അനുഭവങ്ങള്‍, പുസ്തക മാക്കിയത് അബുദാബിയില്‍ പ്രകാശനം ചെയ്യുന്ന വേളയിലാണ് ഡോ. അസീസ് പ്രവാസ സാഹിത്യത്തില്‍ ബ്ലോഗിന്റെ പ്രസക്തിയെ പറ്റി നിരീക്ഷണം നടത്തിയത്.
കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍, ഡോ. അസീസ് തരുവണയ്ക്ക് കഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു.
സിനിമ യുമായി ബന്ധപ്പെട്ട തന്‍റെ അനുഭവങ്ങള്‍ പങ്കു വെച്ച ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, കലകളില്‍ ഇത്രയേറെ മനുഷ്യ വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്ന മറ്റൊരു വേദി ഇല്ല എന്നും, ഇപ്പോഴും ചാതുര്‍ വര്‍ണ്യം നില നില്‍ക്കുന്ന സിനിമ യുടെ പിന്നാമ്പുറ കഥകളെ പറ്റിയും സൂചിപ്പിച്ചു. ഭക്ഷണം പോലും നാല് തരത്തില്‍ പാചകം ചെയ്യപ്പെടുന്ന സിനിമ യുടെ പിന്നാമ്പുറ കഥകള്‍ പലപ്പോഴും പോളിഷ് ചെയ്താണ് നമ്മുടെ മുന്നില്‍ എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ പത്ര പ്രവര്‍ത്തകന്‍ സഫറുള്ള പാലപ്പെട്ടി പുസ്തകം സദസ്സിനു പരിചയപ്പെടുത്തി. കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് സ്വാഗതവും ജോ. സെക്രട്ടറി എ. എല്‍. സിയാദ് നന്ദിയും പറഞ്ഞു.