കുവൈറ്റ് സിറ്റി : ചോദ്യപേപ്പറിലൂടെ പ്രവാചക നിന്ദ പ്രചരിപ്പിച്ച വിവാദ സംഭവത്തിലെ പ്രതിയായ തൊടുപുഴ ന്യൂമാന്സ് കോളേജിലെ അധ്യാപകനെ ആക്രമിച്ച് കൈ വെട്ടി മാറ്റിയ സംഭവത്തെ കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ അപലപിച്ചു. പ്രതികള്‍ ആരായാലും അവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും, അതേ സമയം, സംഭവത്തിനു പിന്നില്‍ മത സ്പര്‍ദ്ധ വളര്ത്തി, അരാജകത്വം സൃഷ്ടിക്കാനുള്ള ഏതെങ്കിലും വിഭാഗത്തിന്റെ ആസൂത്രിതമായ ഗൂഢാലോചനയുണ്ടോ എന്ന് മുന്‍വിധികളില്ലാതെ പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും സെന്റര്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പര മത നിന്ദയും സാമുദായിക വിദ്വേഷവും പോലുള്ള സങ്കുചിതവും ഹീനവുമായ നിലപാടുകളെ കൈയ്യൂക്ക് കൊണ്ടല്ല, ആശയം കൊണ്ടും, നിയമ നടപടികള്‍ കൊണ്ടുമാണ് നേരിടേണ്ടത്. എത്ര കടുത്ത വെല്ലുവിളികളെയും ആശയപരമായി പ്രതിരോധിക്കാന്‍ ഇസ്ലാമിന് ദാര്ശനികമായ കരുത്തുണ്ടായിരിക്കെ, വില കുറഞ്ഞ വാചാടോപങ്ങളോട് കായികമായി പ്രതികരിക്കുന്നത് തികച്ചും അനുചിതവും ആക്ഷേപാര്ഹവുമാണ്. പ്രവാചകനെ സ്നേഹിക്കുന്ന യഥാര്ത്ഥ വിശ്വാസികള്‍ മഹാനായ ആ ലോക ഗുരുവിന്റെ ഉദാത്തമായ അധ്യാപനങ്ങള്ക്ക് നിരക്കാത്ത പ്രതികരണ ശൈലികള്‍ സ്വീകരിക്കാവതല്ല. എന്നാല്‍ സങ്കുചിത താല്‍പ്പര്യങ്ങള്ക്ക് വേണ്ടി മത നിന്ദയും അക്രമ മാര്ഗങ്ങളും അവലംബിക്കുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്താനും അവരുടെ രഹസ്യ അജണ്ടകള്‍ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനും എല്ലാ മനുഷ്യ സ്നേഹികളും തയ്യാറാകണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.