മൂവാറ്റുപുഴ : ചോദ്യ കടലാസില്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യം തയ്യാറാക്കി എന്ന കാരണത്താല്‍ സസ്പെന്‍ഷനില്‍ ആയ അധ്യാപകന്റെ കൈപ്പത്തി ഒരു സംഘം ആളുകള്‍ വെട്ടി മാറ്റി. തൊടുപുഴ ന്യൂമാന്‍ കോളജിലെ അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനാണ് ഇന്ന് രാവിലെ പള്ളിയില്‍ പോയി മടങ്ങുന്ന വഴിയില്‍ ആക്രമണം ഏറ്റത്. ജോസഫും കുടുംബവും സഞ്ചരിച്ച കാര്‍ നിര്‍ത്തിയ ശേഷം എല്ലാവരെയും പുറത്തിറക്കി മര്‍ദ്ദിച്ച ശേഷമാണ് ആക്രമികള്‍ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ ജോസഫ് തയ്യാറാക്കിയ ബി. കോം. മലയാളം പരീക്ഷയുടെ ചോദ്യ കടലാസിലാണ് വിവാദമായ ചോദ്യം ഉണ്ടായിരുന്നത്. വിവാദ ചോദ്യ കടലാസിനെ കുറിച്ച് അന്വേഷണം നടത്തിയ മഹാത്മാ ഗാന്ധി സര്‍വകലാശാല ജോസഫിന്റെയും കോളേജ് പ്രധാനാധ്യാപകന്റെയും അംഗീകാരം ഒരു വര്‍ഷത്തേയ്ക്ക് റദ്ദ് ചെയ്തു.
വിവാദത്തെ തുടര്‍ന്ന് ഒട്ടേറെ സംഘടനകളും വ്യക്തികളും സംഭവത്തിനെതിരെ രംഗത്തെത്തുകയും കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ചോദ്യത്തിന് ആസ്പദമായ ഭാഗം ഒട്ടേറെ പ്രഗല്ഭരുടെ തിരക്കഥാ നുഭവങ്ങള്‍ അടങ്ങിയ “തിരക്കഥയുടെ രീതിശാസ്ത്രം” എന്ന പുസ്തകത്തില്‍ നിന്നും എടുത്തതാണ്. ഈ പുസ്തകത്തില്‍ എം. ടി. വാസുദേവന്‍ നായര്‍, വിജയ കൃഷ്ണന്‍, സത്യന്‍ അന്തിക്കാട്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ഒട്ടേറെ പേരുടെ അനുഭവങ്ങളും കുറിപ്പുകളുമുണ്ട്. ഇതില്‍ ഇടതു പക്ഷ സഹയാത്രികനായ പി. ടി. കുഞ്ഞു മുഹമ്മദിന്‍റെതായി വന്ന ഭാഗത്ത് നിന്നും എടുത്തതാണ് വിവാദമായ 11ആമത്തെ ചോദ്യത്തിലെ വരികള്‍. സംഭാഷണത്തിന് ഉചിതമായ ചിഹ്നം കൊടുക്കുവാനാണ് ചോദ്യം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, വിദ്യാഭ്യാസം, വിവാദം