കൊച്ചി : ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഘടനയുടെ പ്രസിദ്ധീകരണങ്ങളും നിരീക്ഷണത്തിലാണ്. ദേശ ദ്രോഹപരമായ എന്തെങ്കിലും ആശയങ്ങള്‍ ഇവയിലൂടെയോ രഹസ്യമായോ പ്രചരിപ്പിക്കുന്നുണ്ടോ എന്നും ഇന്റലിജന്‍സ് വിഭാഗം അഡീഷനല്‍ ഡി.ജി.പി. അന്വേഷിക്കുന്നുണ്ട്.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയെ നിരോധിക്കണം എന്നും ഈ സംഘടയുടെ വരുമാന സ്രോതസ്സ് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ ഇസ്ലാം മത പ്രബോധക സംഘം കണ്‍വീനര്‍ അബ്ദുള്‍ സമദ് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. ആഭ്യന്തര വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറാണ് കോടതിക്ക് മുന്‍പാകെ ഹാജരായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും എന്നും ജയകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
- ജെ.എസ്.