കൊച്ചി : ചലച്ചിത്ര നടനും ഗായകനും മിമിക്രി താരവുമായ കലാഭവൻ നവാസ് (51) അന്തരിച്ചു. 2025 ആഗസ്റ്റ് 1 വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രകമ്പനം എന്ന സിനിമയിൽ അഭിനയിച്ചു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണു റിപ്പോർട്ടുകൾ.
മിമിക്രി വേദികളിലൂടെ രംഗത്ത് വന്ന നവാസ് കൊച്ചിൻ കലാഭവൻ സ്റ്റേജ് പരിപാടികളിലൂടെ കൂടുതൽ ശ്രദ്ധേയനാവുകയും ടെലിവിഷൻ പ്രോഗ്രാമുകളിലെ സംഗീത പരിപാടികളിലും അനുകരണ കലാ രംഗത്തും തന്റെ കഴിവ് തെളിയിച്ചു. ചൈതന്യം (1995) എന്ന ചിത്രത്തിലൂടെ സിനിമയിൽ സജീവമാവുകയും ചെയ്തു.
ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500, കളമശ്ശേരിയിൽ കല്ല്യാണയോഗം, മായാജാലം, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ഹിറ്റ്ലർ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, മൈ ഡിയർ കരടി, ചന്ദാമാമ, വൺ മാൻ ഷോ തുടങ്ങിയ ചിത്രങ്ങളിലെ റോളുകളിലൂടെ സിനിമയിൽ അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു.
അവസാനം റിലീസ് ചെയ്ത ഡിക്റ്ററ്റീവ് ഉജ്ജ്വലൻ എന്ന സിനിമയിലെ വേറിട്ട വേഷം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മുൻകാല നടൻ പരേതനായ വടക്കാഞ്ചേരി അബൂ ബക്കറിന്റെ മകനാണ് കലാഭവൻ നവാസ്.
അഭിനേത്രി കൂടിയായ രഹ്നയാണ് ഭാര്യ. ഇവർ അവസാനമായി ഒന്നിച്ച് അഭിനയിച്ച ‘ഇഴ’ എന്ന ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലെ നിയാസ് ബക്കർ സഹോദരനാണ്. മക്കൾ : നഹറിൻ, റിദ്‍വാൻ, റിഹാൻ.