ആലങ്കാരിക രാഷ്ട്രീയ വിശേഷണങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത കേരള രാഷ്ട്രീയത്തിലെ നിറ സാന്നിദ്ധ്യം ആയിരുന്ന ടി. എം. ജേക്കബ് (61) ഇന്നലെ രാത്രി പത്തരയോടെ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ അന്തരിച്ചു. സമര്‍ത്ഥനായ നിയമ സഭാ സാമാജികന്‍, ഭാവനാ സമ്പന്നനായ ഭരണാധികാരി എന്നീ നിലകളില്‍ അദ്ദേഹം സര്‍വ്വദാ ആദരണീയനായിരുന്നു. വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച പ്രീഡിഗ്രി ബോര്‍ഡ് എന്ന ഒറ്റ ഉദാഹരണം കൊണ്ടു മാത്രം ജേക്കബിലെ ദീര്‍ഘ ദര്ശിത്വം മനസ്സിലാക്കാം. തന്റെ മുമ്പിലുള്ള വിഷയങ്ങളെ അത്യന്തം സൂക്ഷ്മതയോടെ ഗ്രഹിക്കുവാനും ചടുലമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുവാനുമുള്ള കഴിവ് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന കെ. കരുണാകരന്റെ പ്രിയപ്പെട്ടവനാക്കി എന്നത് സ്വാഭാവികം.
1977ല്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ആയിരിക്കെ 26ആം വയസ്സില്‍ പിറവത്തിന്റെ പ്രതിനിധിയായി കേരള നിയമ സഭാംഗമായി. എട്ടു നിയമ സഭകളില്‍ അംഗമായിരുന്ന അദ്ദേഹം നാല് തവണ മന്ത്രിയുമായി. 1982 മുതല്‍ 1987 വരെ വിദ്യാഭ്യാസ മന്ത്രിയായും 1991 – 1996 വരെ ജലസേചന സാംസ്ക്കാരിക മന്ത്രിയായും, 2001ല്‍ എ. കെ. ആന്റണി മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായും നിലവില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഏറ്റവും പ്രശംസനീയമായ നിലയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് രജിസ്ട്രേഷന്‍ വകുപ്പ് കൈകാര്യം ചെയ്യുകയായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഏറ്റവും വിജയപ്രദമായി നടപ്പിലാക്കിയത് ഒരു രൂപയ്ക്കുള്ള അരി എന്ന പദ്ധതിയായിരുന്നു. ജേക്കബിന്റെ രാഷ്ട്രീയ അനുഭവ സമ്പന്നതയായിരുന്നു അതിന്റെ വിജയത്തിന് പിന്നില്‍.
പിറവം, കോതമംഗലം എന്നീ മണ്ഡലങ്ങളായിരുന്നു ജേക്കബ് സ്ഥിരമായി പ്രതിനിധീകരിച്ചിരുന്നത്. കാല്‍ നൂറ്റാണ്ട് കാലം അപരാജിതനായ നിയമ സഭാംഗമായി എന്ന ഖ്യാതിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ നിറം കൂട്ടുന്നു. കേരളം കണ്ട അതി രൂക്ഷമായ വിദ്യാര്‍ത്ഥി സമരമായി ജേക്കബ് കൊണ്ടു വന്ന പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയത്തോടുള്ള ഇടതു പക്ഷത്തിന്റെ എതിര്‍പ്പ്. എന്നാല്‍ അന്ന് അതിനെ തെരുവില്‍ നേരിട്ടവര്‍ തന്നെ പുതിയ പേരില്‍ തന്റെ ആശയം നടപ്പിലാക്കിയത് ചരിത്രം. കോട്ടയത്ത് എം. ജി. വാഴ്സിറ്റി ആരംഭിക്കുന്നതും ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോള്‍ ആയിരുന്നു. കേരളത്തിനായി ആദ്യമായി ഒരു ജലനയം കൊണ്ട് വന്നതും അദ്ദേഹമായിരുന്നു.
നാല് പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തിന്റെ ചടുല നീക്കങ്ങളിലെ നിര്‍ണ്ണായക സാന്നിദ്ധ്യമായിരുന്ന ജേക്കബ് വിട പറയുമ്പോള്‍ ഒരു മികച്ച പാര്‍ലമെന്റേറിയനേയും, കടുത്ത ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരിയേയുമാണ് നഷ്ടമാകുന്നത്.
– സുബിന്‍ തോമസ്
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്, ചരമം