തിരുവനന്തപുരം : കേരള സമൂഹത്തെ ആധുനിക സമൂഹമായി നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ. സി. ഡാനിയലും പങ്കു വഹിച്ചിട്ടുണ്ട് എന്ന് സാംസ്‌കാരിക, യുവ ജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. ജെ. സി. ഡാനിയലിൻ്റെ വെങ്കല പ്രതിമയുടെ നിർമ്മാണ ഉദ്ഘാടനം ശ്രീ തിയേറ്ററിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അമ്പതാം വാർഷികം ആഘോഷിക്കുന്ന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ ചിത്രാഞ്ജലി സ്റ്റുഡിയോ ക്യാമ്പസിൽ ജെ. സി. ഡാനിയലിൻ്റെ പൂർണ്ണ കായ വെങ്കല പ്രതിമ സ്ഥാപിക്കുന്നത് മലയാള സിനിമയുടെ ചരിത്ര മുഹൂർത്തം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോകത്തുടനീളം മലയാള സിനിമ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് മലയാള സിനിമയുടെ പിതാവായ ജെ. സി. ഡാനിയലിന് ആദരവ് നൽക്കേണ്ടത് അനിവാര്യമായ ഉത്തരവാദിത്വമാണ്.
യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്നും എതിർപ്പുകളെ അവഗണിച്ച് സിനിമ നിർമ്മിക്കാനായി ഇറങ്ങി പ്പുറപ്പെട്ട ജെ. സി. ഡാനിയലും അദ്ദേഹത്തിൻ്റെ ‘വിഗത കുമാരൻ’ എന്ന സിനിമയിലെ നായിക പി. കെ. റോസിയും അന്നത്തെ സമൂഹത്തിൽ നിന്ന് കടുത്ത വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്.
ജെ. സി. ഡാനിയലിൻ്റെ പ്രവർത്തനങ്ങളെ ചരിത്ര ത്തിൽ രേഖപ്പെടുത്തുന്നതിലൂടെ ആ കാലത്തെ സാമൂഹിക അന്തരീക്ഷം ഇന്നത്തെ തലമുറയെ പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത് എന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ആധുനിക സമൂഹത്തോടൊപ്പം ആധുനിക രീതിയിലേക്ക് സിനിമയും മാറുകയാണ്. മറ്റു കലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമ. അതു കൊണ്ടു തന്നെ സിനിമ മേഖലയെ സമൂലമായ പരിവർത്തനം ചെയ്യേണ്ട ഉത്തരവാദിത്വം സർക്കാരിനുമുണ്ട്. നമ്മുടെ സമൂഹത്തിലെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ട് സിനിമ മേഖല രൂപപ്പെടുത്തുകയും വേണം. വർത്തമാന കാല പ്രശ്‌നങ്ങളെ സിനിമ സംബോധന ചെയ്യണം എന്നും മന്ത്രി പറഞ്ഞു.
മലയാള സിനിമക്കു നൽകാവുന്ന ഏറ്റവും കരുത്തുറ്റ ഓർമ്മപ്പെടുത്തലാണ് ജെ.സി. ഡാനിയലിൻ്റെ പ്രതിമ എന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. കലക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയും വിപ്ലവ ശബ്ദം ഉയർത്തുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം എന്നും ഡോ. ദിവ്യ അനുസ്മരിച്ചു.
ജെ. സി. ഡാനിയലിൻ്റെ മകൻ ഹാരിസ് ഡാനിയൽ, ശിൽപ്പി കുന്നുവിള എം. മുരളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ. എസ്. എഫ്. ഡി. സി. ചെയർമാൻ ഷാജി എൻ. കരുൺ, കേരള ചലച്ചിത്ര അക്കാദമി ചെയർ മാൻ പ്രേം കുമാർ, കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. മധു പാൽ, കെ. എസ്. എഫ്. ഡി. സി. മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി. എസ്., ഭരണ സമിതി അംഗ ങ്ങളായ ഷാജി കൈലാസ്, പി. സുകുമാർ, ജിത്തു കോളയാട്, ഇർഷാദ് അലി, ഷെറിൻ ഗോവിന്ദൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു. TAG : ePathram, P R D