വെളിയങ്കോട് : എം. ടി. എം. കോളേജിനു വേണ്ടി, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഇ-പത്രം കോളമിസ്റ്റും കൂടിയായ ഫൈസൽ ബാവ തയ്യാറാക്കി, എം. ടി. എം. പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട് (A Haven of Nature & Knowledge in Veliyancode) എന്ന പുസ്തകത്തിൻ്റെ പ്രകാശനം വെളിയങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സെയ്ദ് പുഴക്കര നിർവ്വഹിച്ചു.
പ്രകൃതിയെ അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് ഇതൊരു മികച്ച റഫറൻസ് ഗ്രന്ഥമാണ് എന്ന് പുസ്‍തകം പ്രകാശിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. നാടക പ്രവർത്തകനും അഭിനേതാവുമായ ബേബി രാജ് ചെറായി പുസ്തകം ഏറ്റു വാങ്ങി.
എം. ടി. എം. ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ ഹവ്വാ ഉമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. വെളിയങ്കോടിൻ്റെ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇവിടെ എത്തുന്ന ദേശാടന പക്ഷികൾ, മരങ്ങൾ, ഔഷധ ചെടികൾ, വംശ നാശം നേരിടുന്ന ചെറു ശുദ്ധ ജല മൽസ്യങ്ങൾ, രക്തശാലി നെല്ലിൻ്റെ വിളവെടുപ്പ് തുടങ്ങിയവയെ കുറിച്ച് വിശദമായി വിവരിക്കുന്ന പ്രകൃതിയെ ആഴത്തിൽ തൊട്ടറിഞ്ഞ മികച്ച ഒരു പുസ്തകം ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പ്രിൻസിപ്പൽ ജോൺ ജോസഫ് അദ്ധ്യക്ഷനായിരുന്നു. വിവിധ വിഭാഗം മേധാവികളായ മായ സി., ഫൗഷിബ. പി. കെ. എം., നന്ദകുമാർ സി. പി. തുടങ്ങിയവർ സംസാരിച്ചു.
എൻ. എസ്. എസ്. യുണിറ്റ് സെക്രട്ടറി റഹീഷ സ്വാഗതം പറഞ്ഞു. ഗ്രന്ഥകാരൻ ഫൈസൽ ബാവ മറുപടി പ്രസംഗവും നടത്തി.