ഇതിഹാസ എഴുത്തുകാരൻ എം. ടി. വാസു ദേവന്‍ നായര്‍ (91) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശു പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയ സ്തംഭനം ഉണ്ടായതോടെ ആരോഗ്യ നില ഗുരുതരമായി. തീവ്ര പരിചരണ വിഭാഗ ത്തിലായിരുന്നു. ഡിസംബർ 25 ബുധനാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം
1933 ൽ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ ജനനം. മലയാള സാഹിത്യ – സിനിമാ മേഖലയുടെ സുവർണ്ണ കാലത്ത് മാടത്ത് തെക്കേപ്പാട്ട് വാസു ദേവന്‍ നായര്‍ എന്ന എം. ടി. സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചു. കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, അദ്ധ്യാപകൻ, പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
രണ്ടാമൂഴം, മഞ്ഞ്, കാലം, നാലു കെട്ട്, അസുരവിത്ത്, വിലാപ യാത്ര, പാതിരാവും പകല്‍ വെളിച്ചവും, വാരണാസി എന്നിവയാണ് എം. ടി. യുടെ പ്രധാന നോവലുകൾ.
എഴുപതോളം സിനിമകൾക്ക് തിരക്കഥഎഴുതി. രണ്ടു ഡോക്യുമെന്ററികളും നാല് ഫീച്ചർ ഫിലിമുകളും അടക്കം ആറു ചിത്രങ്ങൾ സംവിധാനം ചെയ്തു.
ഓളവും തീരവും, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, നഗരമേ നന്ദി, അസുര വിത്ത്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഋതുഭേദം, വൈശാലി, സദയം, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്‌വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, തീര്‍ത്ഥാടനം, പഴശ്ശിരാജ, ഒരു ചെറുപുഞ്ചിരി തുടങ്ങിയവ ശ്രദ്ധേയ തിരക്കഥകൾ.
നിര്‍മ്മാല്യം (1973), മഞ്ഞ് (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ സിനിമകളും തകഴി, മോഹിനിയാട്ടം എന്നീ ഡോക്യു മെന്ററി കളുമാണ് എം. ടി. സംവിധാനം ചെയ്തത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകൾ ആയിത്തീർന്ന സിനിമകളിൽ പലതും എം ടി. യുടെ തൂലികയിൽ നിന്നുള്ളതായിരുന്നു.
പത്മഭൂഷണ്‍, ജ്ഞാന പീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ. സി. ഡാനിയല്‍ പുരസ്‌കാരം, കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം മുതലായ ഉന്നത പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി.