തിരുവനന്തപുരം : കവയത്രി രമ്യാ ആന്‍റണിയുടെ ഓര്‍മ്മകളില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. അര്‍ബുദം കീഴ്പ്പെടുത്തുമ്പോഴും ഫൈന്‍ ആര്‍ട്സ് കോളെജിലെയും ഓര്‍ക്കുട്ടിലെ നൂറു കണക്കിനു സുഹൃത്തുക്കളുടേയും പിന്തുണയോടെ ലോകമെങ്ങും കവിതകളിലൂടെ സംവദിച്ച രമ്യ ആഗസ്റ്റ് 6ന്, റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ വച്ചാണ്, മരണപ്പെട്ടത്.
രമ്യയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി കോളേജ് വിദ്യാര്‍ത്ഥികള്‍ എപ്പോഴും സന്നദ്ധരായിരുന്നു. രമ്യയുടെ കവിതകള്‍ക്ക് അവരൊരുക്കിയ നൂറു കണക്കിന്, ചിത്രങ്ങള്‍ നല്ലൊരു കാഴ്ച്ചാനുഭവം തന്നെയായിരുന്നു.

രമ്യയുടെ ഓര്‍മ്മകളില്‍...
ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അജയ കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഒത്തു ചേരലില്‍ സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ വി. കെ. ജോസഫ്, കവി ഡി. വിനയചന്ദ്രന്‍, ഡോ. പി. എസ്. ശ്രീകല, കെ. ജി. സൂരജ് – കണ്‍വീനര്‍, ഫ്രണ്‍ട്സ് ഓഫ് രമ്യ, സന്ധ്യ എസ്. എന്‍., അനില്‍ കുര്യാത്തി, തുഷാര്‍ പ്രതാപ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ രമ്യയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
ഡോ. ടി. എന്‍. സീമ എം. പി., കാനായി കുഞ്ഞിരാമന്‍ എന്നിവര്‍ സന്ദേശങ്ങളിലൂടെ ഭാഗഭാക്കായി. രാജീവന്‍ സ്വാഗതവും ഷാന്‍റോ ആന്‍റണി നന്ദിയും പറഞ്ഞു.
രമ്യയുടെ രണ്ടാമത് കവിതാ സമാഹാരം “സ്പര്‍ശ” ത്തിന്‍റെ പ്രസാധനം, രമ്യയുടെ പേരില്‍ എസ്. എസ്. എല്‍. സി. യ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന പോളിയോ ബാധിതയായ പെണ്‍കുട്ടിയ്ക്ക് 10000 രൂപയുടെ പുരസ്കാരം, രമ്യാ ആന്റണി കവിതാ പുരസ്കാരം, രമ്യ ചീഫ് എഡിറ്ററായി ആരംഭിച്ച ഓണ്‍ലൈന്‍ മാസിക “ലിഖിത” ത്തിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍, രമ്യയുടെ സ്വപ്നമായ ക്യാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ “ഫ്രണ്‍ട്സ് ഓഫ് രമ്യ” യുടെ ആഭിമുഖ്യത്തില്‍ നടക്കും.
കൂട്ടായ്മയ്ക്ക് നിഖില്‍ ഷാ, നവാസ് തിരുവനന്തപുരം, രാജേഷ് ശിവ എന്നിവര്‍ നേതൃത്വം നല്‍കി.



കണ്ണൂര്‍ : മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക കവിതാ പുരസ്കാരം കവി പി. കെ. ഗോപിക്ക് സമ്മാനിച്ചു. “സുഷുംനയിലെ സംഗീതം” എന്ന കവിതാ സമാഹാര ത്തിനാണ് പുരസ്കാരം ലഭിച്ചത്. ജൂണ്‍ 6നു മയ്യില്‍ ഐ. എം. എന്‍. എസ്. ജി. എച്ച്. എസ്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഡോ. സുകുമാര്‍ അഴീക്കോടാണ് പുരസ്കാരം സമ്മാനിച്ചത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി. സ്മാരക ട്രസ്റ്റ്, കെ. വി. കുഞ്ഞിരാമന്‍ സ്മാരക ട്രസ്റ്റ് മയ്യില്‍, ശ്രീരാഗം കലാക്ഷേത്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും നടന്നത്.
ഗുരുവായൂര്‍ : പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. രാവിലെ മൂന്ന് മണി യ്ക്കായിരുന്നു അന്ത്യം. കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ശ്വാസ തടസ്സത്തെ ത്തുടര്‍ന്ന് ചികിത്സ യിലായിരുന്നു.
ലോകത്തെ പ്രേമ സാന്ദ്രമായ തന്റെ മിഴികളിലൂടെ നോക്കിക്കണ്ട പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി അന്തരിച്ചിട്ട് ഒരു വര്ഷം കഴിഞ്ഞു. 2009 മെയ് 31ന് പുനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരില്‍ എഴുതിയിരുന്ന മാധവിക്കുട്ടി ഇംഗ്ലീഷില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു കവയത്രിയാണ്. എന്നാല്‍ വെട്ടി തുറന്ന് എഴുതിയ തന്റെ കഥകളുടെ പേരില്‍ മലയാളത്തില്‍ ഇവര്‍ എന്നും ഒരു വിവാദ നായിക ആയിരുന്നു. “എന്റെ കഥ” എന്ന പുസ്തകത്തിലൂടെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥിതികളെയും കെട്ടി പിടിച്ചു നടന്ന തന്റെ സമുദായ കാരണവന്മാരെ മൂരാച്ചികള്‍ എന്ന് വിശേഷിപ്പിച്ച് തന്റേടിയായ ഇവര്‍ അനന്തമായ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയെങ്കിലും ജീവിത സായാഹ്നത്തില്‍ അത് തന്റെ കഥ അല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. സ്വാഭാവികമായ പ്രതികരണങ്ങളിലൂടെ ലോകത്തോട് സംവദിക്കുക വഴി ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്ക് എന്നും പ്രിയങ്കരിയായിരുന്നു മാധവിക്കുട്ടി.
























