തിരുവനന്തപുരം: ഇളം തലമുറയിൽ വർദ്ധിച്ചു വരുന്ന ആക്രമണോത്സുകത അതീവ ഗുരുതര വിഷയമായാണ് സർക്കാർ കാണുന്നത്. സമീപ കാലത്തായി നടന്ന അക്രമ സംഭവങ്ങൾ സമൂഹ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. രാസലഹരി ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വദ്ധിച്ചു വരുന്ന ഉപയോഗം മേൽപ്പറഞ്ഞ അപകടകരമായ പ്രവണതയുടെ മുഖ്യ ഹേതുവാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഈ വിപത്തുകളെ ഫലപ്രദമായി നേരിടുവാനുള്ള കർമ്മ പദ്ധതി തയ്യാറാക്കുന്നതിന് മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ വിദഗ്ദ്ധരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരും, സിനിമാ സാംസ്കാരിക മാധ്യമ അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെയും പ്രതിനിധികൾ അടക്കം അഞ്ഞൂറോളം വിദഗ്ദ്ധർ പങ്കെടുത്ത യോഗം ഇന്ന് രാവിലെ 10:30ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്നു.
മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെകട്ടറി ശാരദ മുരളീധരൻ, മന്ത്രിമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിദഗ്ദ്ധർ തങ്ങളുടെ നിർദ്ദേശങ്ങൾ പങ്കുവെച്ചു. മുൻ ചീഫ് സെക്രട്ടറി വേണു വാസുദേവൻ ചർച്ച നിയന്ത്രിച്ചു. കർമ്മ പദ്ധതിയുടെ ലക്ഷ്യങ്ങളും ഹ്രസ്വ കാല, മദ്ധ്യ കാല, ദീർഘ കാല ലക്ഷ്യങ്ങളും വിശദമായി ചർച്ച ചെയ്യപ്പെട്ടു.
കേരളത്തിലെ കുട്ടികളുടേയും യുവാക്കളുടേയും മാനസികാരോഗ്യം മെച്ചപ്പെടുത്തുക, അക്രമം, മയക്ക് മരുന്ന് ഉപയോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രതിരോധിക്കുക, സുരക്ഷിതവും, ആരോഗ്യകരവുമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് കർമ്മ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
പ്രാഥമിക ഇടപെടലുകളും ദീർഘകാല വികസന പദ്ധതികളും വഴി ഫലപ്രദമായ പരിഹാരങ്ങൾ ഒരുക്കുകയാണ് ഉദ്ദേശം. അടിയന്തര പരിചരണവും ഇടപെടലും, നിയമ നടപടികൾ ശക്തമാക്കുക, നിലവിലെ പദ്ധതികളുടെ ഏകോപനം ഉറപ്പാക്കലും വിലയിരുത്തലും ഹ്രസ്വ കാല ഉപലക്ഷ്യങ്ങളാണ്.
ഉത്തരവാദിത്വ രക്ഷാകർതൃത്വം പ്രോൽസാഹിപ്പിക്കുക, പിന്തുണ സംവിധാനങ്ങൾ പഞ്ചായത്ത് തലം വരെ നടപ്പാക്കുക, ആക്രമണത്തിന് വിധേയരാകുന്ന കുട്ടികൾക്കും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കും ഫലപ്രദമായ അടിയന്തര പരിചരണവും മാനസിക സാമൂഹിക പിന്തുണയും ഉറപ്പാക്കുക, അപകട സാധ്യത ഉള്ള കുടുംബങ്ങളെ കണ്ടെത്തി ശക്തിപ്പെടുത്തുകയും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക, കുട്ടികൾക്ക് എതിരെയും കുട്ടികൾക്കിടയിലുമുള്ള എല്ലാ തരത്തിലുമുള്ള അതിക്രമങ്ങൾ, പ്രത്യേകിച്ച് ലൈംഗീക അതിക്രമങ്ങൾ ഘട്ടം ഘട്ടമായി കുറച്ച് പൂർണമായും ഉന്മൂലനം ചെയ്യുക, വിദ്യാലയങ്ങൾ, ഗാർഹിക പൊതു ഇടങ്ങൾ ബാല സുരക്ഷിതമാക്കുക എന്നിവ മദ്ധ്യ കാല കർമ്മ പദ്ധതിയുടെ ഉപലക്ഷ്യങ്ങളാണ്. 7 മുതൽ 24 മാസം കൊണ്ട് ഇത് നടപ്പിലാക്കും.
സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗാധിഷ്ഠിത വിവേചനങ്ങൾ, അതിക്രമങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന മൂല്യ വ്യവസ്ഥിതികളിൽ കാലോചിത മാറ്റം കൊണ്ടു വരുക, ബാല സുരക്ഷിത അനുകൂല നയങ്ങളും മാർഗ്ഗ നിർദേശങ്ങളും രൂപീകരിക്കുക എന്നീ ദീർഘ കാല ലക്ഷ്യങ്ങൾ അടുത്ത രണ്ടു വർഷം മുതൽ അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും.
പങ്കെടുത്തവരുടെ വിശദമായ നിർദ്ദേശങ്ങൾ സമാഹരിക്കുകയും ഇവ പഠിച്ച് തുടർ നടപടികൾക്ക് രൂപം നൽകുകയും ചെയ്യും.