തൊടുപുഴ : ന്യൂമാന്‍ കോളജ് അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈ വെട്ടിയ കേസില്‍ മറ്റൊരു അദ്ധ്യാപകന്‍ പോലീസ് പിടിയിലായി. മൂവാറ്റുപുഴ ഇലാഹിയ കോളേജ് അദ്ധ്യാപകന്‍ പെരുമ്പാവൂര്‍ സ്വദേശി അനസ് (29) ഉള്‍പ്പെടെ മൂന്നു പേരെ കൂടി പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടുവാന്‍ മാര്‍ഗ്ഗമൊരുക്കി എന്നതാണ് ഇവര്‍ക്കെതിരെ ഉള്ള കേസ്. കേസിലിപ്പോള്‍ 18 പേര്‍ പിടിയിലായിട്ടുണ്ട്.
കേസിനാസ്പദമായ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ പലയിടത്തും പോലീസ് റെയ്ഡ് നടത്തുകയുണ്ടായി. റെയ്ഡില്‍ രാജ്യദ്രോഹ പരമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി ലഘു ലേഘകളും, പുസ്തകങ്ങളും, മാരകായുധങ്ങളും കണ്ടെടുത്തിരുന്നു. ഇപ്പോഴും പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ മാസം ആദ്യമാണ് പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് കുടുംബ സമേതം മടങ്ങുകയായിരുന്ന പ്രൊഫ. ടി. ജെ. ജോസഫിനെ ഒരു സംഘം അക്രമികള്‍ മാരകമായി വെട്ടി പരിക്കേല്പിച്ചത്. അക്രമത്തെ തുടര്‍ന്ന് അറ്റു പോയ കൈ പിന്നീട് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കു കയായിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത പ്രൊഫ. ടി. ജെ. ജോസഫ് മൂവാറ്റുപുഴയിലെ സ്വന്തം വീട്ടില്‍ വിശ്രമിക്കുകയാണ്.



മൂവാറ്റുപുഴ : ചോദ്യ കടലാസില്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യം തയ്യാറാക്കി എന്ന കാരണത്താല്‍ സസ്പെന്‍ഷനില്‍ ആയ അധ്യാപകന്റെ കൈപ്പത്തി ഒരു സംഘം ആളുകള്‍ വെട്ടി മാറ്റി. തൊടുപുഴ ന്യൂമാന്‍ കോളജിലെ അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനാണ് ഇന്ന് രാവിലെ പള്ളിയില്‍ പോയി മടങ്ങുന്ന വഴിയില്‍ ആക്രമണം ഏറ്റത്. ജോസഫും കുടുംബവും സഞ്ചരിച്ച കാര്‍ നിര്‍ത്തിയ ശേഷം എല്ലാവരെയും പുറത്തിറക്കി മര്‍ദ്ദിച്ച ശേഷമാണ് ആക്രമികള്‍ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്.
മാവേലിക്കര : കോളിളക്കം സൃഷ്‌ടിച്ച ചെറിയനാട് തുരുത്തി മേല്‍ ഭാസ്‌കര കാരണവര്‍ വധ ക്കേസില്‍, കാരണവരുടെ പുത്ര ഭാര്യ ഷെറിന്‍ ഉള്‍പ്പെടെ നാലു പ്രതികളും കുറ്റക്കാരാണെന്നു മാവേലിക്കര അഡീഷണല്‍ സെഷന്‍സ് അതിവേഗ കോടതി കണ്ടെത്തി. ശിക്ഷ നാളെ ( ജൂണ്‍ 11 ) വിധിക്കും.
കോഴിക്കോട് : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്ഠനെ ഒരു സംഘം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. പേരാമ്പ്ര പാലേരിയില്‍ “മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നത്” എന്ന വിഷയത്തില്‍ പ്രതി ചിന്ത എന്ന സംഘടന സംഘടിപ്പിച്ച സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രസംഗിക്കാന്‍ മൈക്കിനു മുന്‍പില്‍ എത്തി ആദ്യ വാചകം പറഞ്ഞു തുടങ്ങിയ ഉടനെ ഒരു സംഘം ആളുകള്‍ വടികളും കസേരകളുമായി സ്റ്റേജിനു മുകളില്‍ കയറി നീലകണ്ഠനെ ആക്രമിച്ചു. അടിയേറ്റ് താഴെ വീണ അദ്ദേഹത്തെ ചുറ്റും വളഞ്ഞു നിന്ന് ചവിട്ടിയും അടിച്ചും മര്‍ദ്ദനം തുടര്‍ന്നു. കൈ കാലുകള്‍ക്കും, വയറിനും, നെഞ്ചത്തും, ദേഹം ആസകലവും പരിക്കേറ്റ അദ്ദേഹത്തെ ഏറെ നേരത്തേക്ക് ആശുപത്രിയില്‍ എത്തിക്കാനും ഇവര്‍ സമ്മതിച്ചില്ല.
























