തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി കഠിന തടവിനു ശിക്ഷിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്സ് (ബി) നേതാവുമായ ആര്‍. ബാലകൃഷ്ണ പിള്ളയെ മോചിപ്പിച്ച യു. ഡി. എഫ് സര്‍ക്കാരിന്റെ നടപടിയില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധം. കൊല്ലത്ത് എ. ഐ. എസ്. എഫ് പ്രവര്‍ത്തകര്‍ പിള്ളയുടെ കോലം കത്തിച്ചു. അഴിമതിക്കേസില്‍ ശിക്ഷയനുഭവിച്ചു വരുന്ന പിള്ളയെ മറ്റു തടവുകാര്‍ക്കൊപ്പം വിട്ടയക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം തെറ്റായ സന്ദേശം നല്‍കുമെന്നുള്ള വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി തടവു പുള്ളികള്‍ക്ക് ശിക്ഷായിളവു നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശിക്ഷാ കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വകാര്യ ചാനല്‍ പ്രവര്‍ത്തകനുമായി സംസാരിച്ചതിന്റെ പേരില്‍ ജയില്‍ ചട്ടം ലംഘിച്ചതിനു പിള്ളയ്ക്കെതിരെ അന്വേഷണം നടന്നുവരികയാണ്.
സര്‍ക്കാര്‍ നടപടി ഭരണ ഘടനാ വിരുദ്ധമാണെന്ന് സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഒരു വര്‍ഷത്തേക്ക് കഠിനതടവിനു ശിക്ഷിക്കപ്പെട്ട് 2011 ഫെബ്രുവരി 18 നു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയ പിള്ള പലതവണ പരോളില്‍ പുറത്തിറങ്ങിയിരുന്നു. ചികിത്സാര്‍ഥം ഒരു സ്വകാര്യ ആശുപത്രിയില്‍ ആണ് ഇപ്പോള്‍ “തടവ്” അനുഭവിച്ചു കൊണ്ടിരിക്കുന്നത്‍.
ഇടമലയാര്‍ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള കരാര്‍ അനുവദിച്ചതിലെ വീഴ്ച മൂലം സര്‍ക്കാരിനു നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് പിള്ളയെ ഒരുവര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചത്. ബാലകൃഷ്ണ പിള്ളയെ മോചിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്പ്പുകള്, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്, വിവാദം