തിരുവനന്തപുരം: മന്ത്രി ടി.എം. ജേക്കബിന്റെ അപ്രതീക്ഷിതമായ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ പിറവത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ സംബന്ധിച്ച് അനൌദ്യോഗിക ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുന്നു. ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബിനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആവശ്യം എന്നാല്‍ പിറവത്ത് ആരു മത്സരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടത്. രണ്ടു അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര് ഭരണം നടത്തുന്നത്‍. അതിനാല്‍ തന്നെ പിറവം സീറ്റ് നിര്‍ണ്ണായകമാണ്. കേവലം 154 വോട്ടിനാണ് കഴിഞ്ഞ തവണ ടി.എം. ജേക്കപ്പ് പിറവത്തു നിന്നു വിജയിച്ചതെന്നത് യു.ഡി.ഫ് കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തികയറിയതിന്റെ തുടക്കം മുതല്‍ വിവാദങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ആര്‍.ബാലകൃഷ്ണപിള്ളയുടെ ജയില്‍ ശിക്ഷയില്‍ ഇളവു വരുത്തിയതും, കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ പോലീസ് വെടിവെപ്പും, ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നിയമ സഭയ്ക്കകത്തും പുറത്തും നിരന്തരം നടത്തുന്ന പ്രസ്ഥാവനകളുമെല്ലാം ജനങ്ങളില്‍ സര്‍ക്കാറിനെ സംബന്ധിച്ച് മോശം പ്രതിച്ഛായ വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളില്‍ നിരന്തരം പരാമര്‍ശവിധേയനാകുന്നതും, മന്ത്രി ഗണേശ് കുമാര്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും, രണ്ടു എം.എല്‍.എ മാരുടെ സസ്പെന്‍ഷനില്‍ വരെ എത്തിയ നിയമസഭയിലെ സംഭവ വികാസങ്ങളും സര്‍ക്കാരിനെ സംബന്ധിച്ച് ഏറേ ദോഷകരമായി മാറി. സ്മാര്‍ട് സിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുവാനായതും ഒരു രൂപക്ക് അരിവിതരണം ആരംഭിച്ചതുമെല്ലാം വിവാദങ്ങളില്‍ മുങ്ങിപ്പോയി. വി.എസിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷം സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കോണ്‍ഗ്രസ്സിനകത്തെയും ഘടക കക്ഷികളിലേയും അസ്വാരസ്യങ്ങള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പിറവത്തെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതും വിജയിക്കുന്നതും യു.ഡി.എഫിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം