കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ പി.മോഹനെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലയിലെ ജനകീയനായ എം.എല്‍.എ എ.പ്രദീപ് കുമാറിന്റെയും മുതിര്‍ന്ന നേതാവ് എം.ഭാസ്കരന്റേയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു എങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കൂടെ താല്പര്യാര്‍ഥമാണ് പി.മോഹനനെ സെക്രട്ടറിയാക്കിയതെന്നാണ് സൂചന. മൂന്നു തവണ ജില്ലാ സെക്രട്ടറിയായ പി.രാമകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ആളെ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. അഞ്ചു പുതുമുഖങ്ങളെ പുതിയ ജില്ലാകമ്മറ്റിയില്‍ എടുത്തിട്ടുണ്ട്.
പി.മോഹനനെ സെക്രട്ടറിയാക്കിയത് ടി.പി.യെ കൊന്നതിനുള്ള അംഗീകാരമാണെന്ന് ആര്‍.എം.പി നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ ആരോപിച്ചു. കേരളത്തിലെ ജനങ്ങളോടും കമ്യൂണിസ്റ്റു വിശ്വാസികളോടും ഉള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. കുഞ്ഞനന്ദനെ ആയിരിക്കും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കുകയും അവര്‍ കൂട്ടിച്ചേര്‍ത്തു.
ടി.പി.വധക്കേസില്‍ അറസ്റ്റിലായ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു മോഹനന്‍. ഇതുമായി ബന്ധപ്പെട്ട് പത്തൊമ്പത് മാസത്തോളം ജയില്‍ കിടക്കുകയും ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ പി.മോഹനനെ കോടതി വെറുതെ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ നിരാഹാരമിരുന്നിരുന്നു.
ഇതുവരെ നടന്ന എല്ലാ ജില്ലാ സമ്മേളനങ്ങളിലും ഔദ്യോഗിക പക്ഷത്തിനാണ് മുന്‍ തൂക്കം. ഗ്രൂപ്പ് വടം വലികള്‍ നിലനില്‍ക്കുന്ന എറണാകുളത്ത് പി.രജീവ് എം.പിയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, രാഷ്ട്രീയ അക്രമം, വിവാദം, സ്ത്രീ