കൊല്ലം: കൊല്ലത്ത് നടന്ന പ്രസിഡന്‍സി ട്രോഫി വെള്ളം കളി മത്സരത്തിനിടെ പ്രസ്ത ചലച്ചിത്ര നടി ശ്വേതാ മോനെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. പീതാംബരക്കുറുപ്പ് എം.പി ശ്വേതയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിന്റെയും കടന്നു പിടിക്കുന്നതിന്റേയും ശ്വേത അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇതോടെ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ വിവിധ യുവജന സംഘടനകളും ബി.ജെ.പി ഉള്‍പ്പെടെ ഉള്ള രാഷ്ടീയ സംഘടനകളും പീതാംബരക്കുറുപ്പിനെതിരെ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി.
ചടങ്ങില്‍ സംബന്ധിക്കുവാനാണ് താന്‍ മുംബൈയില്‍ നിന്നും വന്നതെന്നും എന്നിട്ടും താന്‍ ഇവിടെ വച്ച് അപമാനിക്കപ്പെട്ടതില്‍ കടുത്ത ദു:ഖമുണ്ടെന്നും ശ്വേത പറഞ്ഞു. കാറില്‍ വന്നിറങ്ങിയതുമുതല്‍ തന്നെ ഈ രാഷ്ടീയ നേതാവ് ശല്യം ചെയ്തിരുന്നതായും സംഭവം നടന്ന് അല്പസമയത്തിനുള്ളില്‍ തന്നെ ഇക്കാര്യം ജില്ലാ കളക്ടറോട് താന്‍ പരാതി പറഞ്ഞതായി ശ്വേത വ്യക്തമാക്കി. എന്നാല്‍ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അത്യന്തം അപമാനകരവും പ്രതിഷേധകരവുമായ നീചമായ പ്രവര്‍ത്തിയാണ് പീതാംബരക്കുറുപ്പ് എം.പി.യില്‍ നിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സ്ത്രീകളുടെ നേര്‍ക്കുള്ള ഏതു തരം ആക്രമണങ്ങള്‍ക്കും കര്‍ശന നടപടി സ്വീകരിക്കുവാനുള്ള നിയമം പാര്‍ളമെന്റ് പാസ്സാക്കിയിട്ടുണ്ടെന്നും ഈ സംഭവത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്ന് കേരളം ഉറ്റു നോക്കുകയാണെന്നും വി.എസ്. പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ എം.പിയായ പീതാംബരക്കുറുപ്പിനെതിരെ ഉയര്‍ന്ന ആരോപണം രേഖാമൂലമുള്ള പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. ശ്വേത അഭ്യസ്ഥ വിദ്യയായതിനാല്‍ പരാതി ലഭിച്ചാല്‍ നടപടിയെടുക്കും എന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ റോസക്കുട്ടി ടീച്ചര്‍ പറയുന്നത്.
കെ.മുരളീധരന്‍ എം.എല്‍.എ, പത്മജാ വേണുഗോപാല്‍ എന്നിവര്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ പീതാംബ്ക്കുറുപ്പിനെ ന്യായീകരിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേതാവ് ബിന്ദു കൃഷ്ണ രംഗത്തെത്തി. നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവത്തില്‍ നടപടി വേണമെന്ന് താരസംഘനയായ അമ്മയുടെ പ്രസിഡണ്ട് ഇന്നസെന്റ് പറഞ്ഞു. ശ്വേതയുമായി ആലോചിച്ച് നിയമനടപടികള്‍ക്ക് അമ്മ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, പീഡനം, വിവാദം, സ്ത്രീ