കൊച്ചി: കൊച്ചിമേയര്‍ ടോണി ചമ്മിണിയെ കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ ലൈക്കും കമന്റും അടിച്ചു എന്നതിന്റെ പേരില്‍ കേസെടുത്തത് വിവാദമാകുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്റര്‍മാര്‍ക്കെതിരെയും നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നിരക്ഷരന്‍ എന്ന പ്രൊഫൈലിന്റെ ഉടമയെ പോലീസ് തിരയുന്നു എന്ന്‍ ഒരു പ്രമുഖ പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് മനോജ് പറയുന്നു. അദ്ദേഹം പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഡിസംബര്‍ 16 ന് പോയി സ്റ്റേറ്റ്മെന്റ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചാല്‍ പോകുവാന്‍ മടികാണിക്കുന്ന ആളല്ല എന്ന് ഇതില്‍ നിന്നും വ്യക്തം.
കൊച്ചിയില്‍ സ്ഥിരതാമസക്കാരനാനാണ് മനോജ്. ഗ്രീന്‍ വെയിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ മനോജ് അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടെയാണ്. പൊതു സമൂഹവുമായി ഫേസ്ബുക്ക് വഴിയും നേരിട്ടും നിരന്തരം സംവദിക്കുന്ന വ്യക്തി ഒളിവിലാണെന്ന ധ്വനിയുള്ള പത്രവാര്‍ത്തകള്‍ക്ക് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല.
മാലിന്യ സംസ്കരണ രീതികള്‍ പഠിക്കുന്നതിനായും മറ്റും മൂന്ന് വര്‍ഷത്തിനിടെ 12 തവണ മേയര്‍ ടോണി ചമ്മിണി വിദേശ യാത്ര നടത്തിയതായ വാര്‍ത്ത വന്നിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും സഞ്ചാര സാഹിത്യകാരനുമായ മനോജ് രവീന്ദ്രന്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഒരു കുറിപ്പിട്ടിരുന്നു.
‘മാലിന്യസംസ്ക്കരണം പഠിക്കാന്‍ 12 പ്രാവശ്യം വിദേശത്ത് പോകേണ്ട കാര്യമൊന്നുമില്ല മേയറേ. തൊട്ടപ്പുറത്തെ ജില്ലയിലെ (കൊടുങ്ങല്ലൂരിലെ ചപ്പാറ) മാലിന്യസംസ്ക്കരണ പ്ലാന്റ് ഒന്ന് പോയി കണ്ടാല്‍ മതി. അതിനാവശ്യമായേക്കാവുന്ന ചിലവ് കണക്ക് ഇപ്രകാരം.
കാറിന്റെ ഇന്ധനച്ചിലവ് :- പരമാവധി 1000 രൂപ
പോക്കുവരവ് സമയം :- ട്രാഫിക് ബ്ലോക്ക് അടക്കം 4 മണിക്കൂര്‍.
പഠനസമയം :- മേയറുടെ തലച്ചോറിന്റെ കപ്പാസിറ്റിക്കനുസരിച്ച്.
12 പ്രാവശ്യം പോയി വരാന്‍ ചിലവ് :- 12000 രൂപ.
കുടുംബത്തോടൊപ്പം പോയാലും ചിലവില്‍ വ്യത്യാസമൊന്നും ഇല്ല.‘
ഇതായിരുന്നു വാര്‍ത്തയുടെ സ്ക്രീണ്‍ ഷോട്ടിനൊപ്പം മനോജ് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ്. ഈ വാര്‍ത്തയും പോസ്റ്റും തീര്‍ച്ചയായും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് യാത്ര നടത്തുകയും അതേ സമയം പ്രായോഗികമായി കാര്യമായ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന അധികാര കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരിക്കാം. കൊച്ചിയില്‍ ഇപ്പോളും രൂക്ഷമായ മാലിന്യ പ്രശ്നം നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന വസ്തുത നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം.
‘ടോണി ചമ്മിണിയുമായി എനിക്ക് ഇതിനു മുമ്പോ ഇപ്പോഴോ വ്യക്തിപരമായോ പാര്‍ട്ടിപരമായോ വൈരാഗ്യമില്ല. മറ്റേതൊരു
ഭരണാധികാരിയായിരുന്നെങ്കിലും ഞാന്‍ ഇതപോലെത്തന്നെയായിരിക്കും പ്രതികരിക്കുക. വ്യക്തിഹത്യാപരമായി ഞാനൊന്നും പറഞ്ഞിട്ടുമില്ല. പോലീസ് വിളിച്ചതു പ്രകാരം സി.ഐ ഓഫീസില്‍ ചെന്ന് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പിന്നീട് ഒരു മാസത്തിനു ശേഷം ഞാന്‍ കേള്‍ക്കുന്നത് പോലീസ് എന്നെ തിരയുന്നു എന്ന വാര്‍ത്തയാണ്.’ മനോജ് പറയുന്നു.
വസ്തുതകളുടെ പിന്‍ബലത്തോടെ നവ മാധ്യമങ്ങള്‍ ഭരണാധികാരികളുടെ തെറ്റായ രീതികളെ തുറന്നു കാട്ടുന്നതില്‍ ഉള്ള അമര്‍ഷമാകാം ഒരു പക്ഷെ ഐടി ആക്ട് പ്രകാരം കേസെടുക്കുവാന്‍ പ്രേരിപ്പിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, പോലീസ്, വിവാദം