കണ്ണൂര്‍: ബി.ജെ.പി വിമതരുടെ സംഘടനയായ നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നതിനു പുറകെ പോപ്പുലര്‍ ഫ്രണ്ടിന്റെ വിമതരും സി.പി.എമ്മിലേക്ക് ചേക്കേറുന്നു. വര്‍ഗ്ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല എന്ന നിലപാട് ആവര്‍ത്തിക്കുമ്പോളാണ് നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ക്ക് പുറകെ പോപ്പുലര്‍ ഫ്രണ്ടിനേയും സ്വീകരിക്കുവാന്‍ സി.പി.എം ഒരുങ്ങുന്നത്. വിവാദമായ ആയുധ പരിശീലനം നടന്ന നാറാത്തും പരിസരത്തും നിന്നുമുള്ള നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് സി.പി.എമ്മില്‍ ചേരുന്നത്. പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ച് കണ്ണൂരില്‍ എത്തുമ്പോള്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നമോവിചാര്‍ മഞ്ചുകാരെ സി.പി.എമ്മിലേക്ക് കൊണ്ടുവന്ന ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിമതര്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നുവരുവാന്‍ വഴിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം പി.ജയരാജന്‍ പങ്കെടുത്ത യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഒരു വിഭാഗത്തെ സി.പി.എമ്മിലേക്ക് ചേരുവാനുള്ള തീരുമാനത്തില്‍ എത്തിച്ചത്.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത വിപുലമായ പരിപാടിയിലാണ് ബി.ജെ.പി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ആയിരുന്ന ഒ.കെ. വാസു മാസ്റ്ററുടെ നേതൃത്വത്തില്‍ ഉള്ള പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. ഒ.കെ. വാസുമാസ്റ്ററേയും സംഘത്തേയും പാര്‍ട്ടിയില്‍ അംഗങ്ങളാകുന്നതിനെ വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ ഒരു വിഭാഗം എതിര്‍ത്തിരുന്നു എങ്കിലും ഔദ്യോഗിക പക്ഷം അത് അംഗീകരിച്ചില്ല. അതിനു തൊട്ടു പുറകെയാണ് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും ഉള്ള പ്രവര്‍ത്തകരെ സ്വീകരിക്കുവാനുള്ള തീരുമാനം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം