കൊച്ചി: സാഹിത്യ വിമർശകനും എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം. കെ. സാനു (99) അന്തരിച്ചു. 2025 ആഗസ്റ്റ് രണ്ട് ശനിയാഴ്ച വൈകുന്നേരം അഞ്ചര യോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളി യിലാണ് ജനനം. സ്കൂൾ അദ്ധ്യാപകൻ ആയിട്ടാണ് പൊതു രംഗത്ത് എത്തുന്നത്. 1955 ലും 1956 ലും സാനു മാസ്റ്റർ ശ്രീനാരായണ കോളേജിലും മഹാ രാജാസ് കോളേജിലും ലക്ചറർ ആയിരുന്നു. 1983 ൽ പ്രൊഫസർ ആയിട്ടാണ് വിരമിച്ചത്. 1986 ൽ പുരോഗമന സാഹിത്യ സംഘം പ്രസിഡണ്ട് ആയി. 1987 ൽ എറണാകുളം നിയമ സഭാ മണ്ഡലത്തിൽ നിന്ന് ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു
കൊച്ചിയായിരുന്നു സാനുമാസ്റ്ററുടെ പ്രവർത്തന മണ്ഡലം. ജീവ ചരിത്രകാരൻ, പത്ര പ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും വ്യക്തമുദ്ര പതിപ്പിച്ചു. അഞ്ച് ശാസ്ത്ര നായകന്മാർ എന്ന ആദ്യ ഗ്രന്ഥം 1958 ലും വിമർശന ഗ്രന്ഥമായ കാറ്റും വെളിച്ചവും 1960 ലും പ്രസിദ്ധീകരിച്ചു. വിമർശനം, വ്യാഖ്യാനം, ബാല സാഹിത്യം, ജീവ ചരിത്രം തുടങ്ങി വിവിധ സാഹിത്യ ശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1985), വയലാർ അവാർഡ് (1992), കേരള സാഹിത്യ അക്കാദമി യുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം(2002), പത്മപ്രഭാ പുരസ്കാരം (2011), എൻ. കെ. ശേഖർ പുരസ്കാരം (2011), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2011), കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം (2010), എഴുത്തച്ഛൻ പുരസ്കാരം (2013) എന്നിവ അദ്ദേഹത്തെ തേടി എത്തി. 2011 ൽ ‘ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ’ എന്ന ജീവ ചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സാഹിത്യം