തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യത ഉണ്ട്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ കുളിക്കാനോ മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ, മല വെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ഇതിനായി തദ്ദേശ സ്ഥാപന- റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ ശക്തമായ തിരമാലകൾ ഉയരുവാൻ സാദ്ധ്യതയുണ്ട്. തീര ദേശങ്ങളിൽ ഉള്ളവരും മത്സ്യ ത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.
ശക്തമായ കാറ്റ് വീശാൻ സാദ്ധ്യത ഉള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും സുരക്ഷാ മുൻ കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടുക.
ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിന്നും മാറുക, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടങ്ങൾ ഉണ്ടായേക്കാം. കെട്ടിടങ്ങളുടെ ഭിത്തികളിലും മരങ്ങളിലും ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണു പോകാൻ സാദ്ധ്യതയുള്ളവ കെട്ടി മുറുക്കി വെക്കണം.
വീട്ടു വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതു സ്ഥലങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. KSDMA Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: rain, കാലാവസ്ഥ, പരിസ്ഥിതി, മഴ, മുന്നറിയിപ്പ്, മൺസൂൺ മഴ, സാമൂഹികം