കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ആദ്യകാല കഥാപ്രസംഗ കലാകാരിയുമായ റംലാ ബീഗം (85) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഥാപ്രസംഗ ങ്ങളിലൂടെയും മാപ്പിള പ്പാട്ടുകളിലൂ ടെയും മാപ്പിള കലാ സാഹിത്യത്തെ സമ്പന്നമാക്കിയ കലാകാരിയാണ് റംലാ ബീഗം.
ആലപ്പുഴ സക്കറിയ ബസാറിലെ ഹുസൈന്‍ യൂസഫ് യമാന – മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനനം. ഏഴു വയസ്സു മുതൽ അമ്മാവൻ സത്താർ ഖാന്‍റെ കീഴില്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ റംല ബീഗം ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു.
കാഥികൻ വി. സാംബ ശിവന്‍റെ തബലിസ്റ്റും ഗായകനുമായിരുന്ന അബ്ദുൽ സലാം മാസ്റ്ററുമായി വിവാഹിതയായ ശേഷം1963 മുതല്‍ കഥാപ്രസംഗ രംഗത്തേക്കും മാപ്പിള പ്പാട്ടിലും സജീവമായി.
എച്ച്. എം. വി. റെക്കോഡുകളിലെ പാട്ടുകള്‍ ഹിറ്റുകള്‍ ആയി. അഞ്ഞൂറോളം ഓഡിയോ കെസറ്റുകളിലും ഗള്‍ഫിലും മറ്റു ദേശങ്ങളി ലുമായി ആയിരക്കണക്കിനു വേദികളിലും പാടി. ഇസ്ലാമിക ചരിത്രം പറയുന്ന 20 കഥാ പ്രസംഗങ്ങള്‍ റംലാ ബീഗം അവതരിപ്പിച്ചു.
ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ എന്ന കഥാ പ്രസംഗമാണ് ഏറെ ശ്രദ്ധേയം. ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍ നിന്ന്, ശാകുന്തളം, നളിനി എന്നീ കൃതികളും കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാഡമി, ഫോക് ലോര്‍ അക്കാഡമി, മാപ്പിള കലാ അക്കാഡമിയുടേയും പുരസ്കാരങ്ങളും കെ. എം. സി. സി. ഉള്‍പ്പെടെ ഗള്‍ഫിലെ നിരവധി സംഘടനകളുടേയും പുരസ്‌കാരങ്ങള്‍ റംലാ ബീഗത്തെ തേടിയെത്തി.