കോഴിക്കോട് : ചാലിയാറിലെ മെർക്കുറി മലിനീകരണത്തെ കുറിച്ച് ഗവേഷണം നടത്തി ആദ്യമായി ഈ പ്രശ്നം പൊതുശ്രദ്ധയിൽ കൊണ്ടുവന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ പ്രൊഫ. ഡോ. കെ. ടി. വിജയമാധവൻ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്നലെ വൈകീട്ട് 4 മണിക്ക് കോഴിക്കോട് വെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
“സേവ് ചാലിയാർ” പ്രസ്ഥാനത്തിനെ നയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ഡോ. വിജയമാധവൻ ദീർഘകാലം സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് എനവയണ്മെന്റ് കേരള (Society for Protection of Environment – Kerala SPEK) യിൽ അംഗമായിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ പ്രൊഫസർ ആയി വിരമിച്ച ഡോ. വിജയമാധവൻ ചാലിയാറിലെ “ഹെവി മെറ്റൽ” മലിനീകരണത്തെ പറ്റി ആദ്യ കാലത്ത് തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പ് നൽകിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്.
ചാലിയാറിലെ മെർക്കുറി വിഷബാധ ക്രമേണ മെർക്കുറിയുടെ അളവ് മത്സ്യങ്ങളിൽ വർദ്ധിക്കുവാൻ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാൻ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാൽ ജലം രാസ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ ജലത്തിലെ മെർക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവ് ലഭിക്കുകയും ചെയ്യുന്നു. ഈ കാരണം കൊണ്ട് സർക്കാർ ജലം മലിനമല്ല എന്ന നിലപാട് സ്വീകരിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള വിഷബാധയാണ് കൂടുതൽ അപകടം എന്ന് ഡോ. കെ. ടി. വിജയമാധവൻ കണ്ടെത്തി. കാരണം ഇതിന്റെ ദൂഷ്യം പെട്ടെന്ന് പ്രകടമാവുന്നില്ല. വൻ തോതിലുള്ള വിഷബാധ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികൾ സ്വീകരിക്കാൻ അധികാരികളെ നിർബന്ധിതരാക്കുകയും ചെയ്യുമ്പോൾ ഇത്തരം “സ്ലോ പോയസനിംഗ്” അതിന്റെ ദൂഷ്യ ഫലങ്ങൾ പ്രകടിപ്പിക്കാൻ എറെ കാലതാമസം എടുക്കുന്നു എന്നും അപ്പോഴേക്കും എറെ വൈകി കഴിഞ്ഞിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് മെഡിക്കൽ കോളജിനു സമീപമുള്ള സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ശവസംസ്ക്കാരം ബുധനാഴ്ച്ച നടക്കും.
കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആയിരുന്ന ഡോ. പി. രാജരാജേശ്വരി യാണ് ഭാര്യ. ഡോ. വിവേൿ, ദുബായിൽ ആർക്കിടെക്ട് ആയ വിനിത എന്നിവർ മക്കളാണ്.