കോവിലന്‍ യാത്രയായിട്ട് ഒരാണ്ട് തികയുന്നു.

June 2nd, 2011

kovilan-remembered-epathram

തിരുവനന്തപുരം : ദ്രാവിഡ ശിലകളില്‍ അക്ഷരങ്ങള്‍ കൊണ്ട് ജീവിതം കൊത്തി വെച്ച കോവിലന്‍ എന്ന അയ്യപ്പന്‍ നമ്മെ വിട്ടു പോയിട്ട് (ജൂണ് ‍- 2) ഒരു വര്‍ഷം തികയുന്നു. മലയാളത്തിലെ നിഷേധിയായ ആ കണ്ടാണിശ്ശേരിക്കാരന്‍ ആരുടെ മുമ്പിലും തല കുനിക്കാന്‍ തയ്യാറായില്ല. ഒരു പുരസ്കാരത്തിന് പിന്നാലെയും ഓടി നടന്നില്ല, ആരെയും വക വെച്ചില്ല. അതു കൊണ്ട് തന്നെ പുരസ്ക്കാരങ്ങള്‍ ഏറെ വൈകിയാണ് കണ്ടാണിശ്ശേരി കുന്നു കേറി വന്നത്. അതും കോവിലനില്ലാത്ത പുരസ്ക്കാര പട്ടിക അപൂര്‍ണ്ണമാകും എന്ന തിരിച്ചറിവിനു ശേഷം. തട്ടകം, എ മൈനസ് ബി, തോറ്റങ്ങള്‍… അങ്ങിനെ മലയാളത്തിനു സ്വന്തമായ  നിരവധി രചനകള്‍. കോവിലന്‍ കണ്ടാണിശ്ശേരി കുന്നിറങ്ങി പോയെങ്കിലും അദ്ദേഹത്തിന്റെ രചനകള്‍ കാലത്തെ അതിജീവിക്കും.

വായിക്കുക : ഓര്‍മ്മ സൂക്ഷിക്കുന്ന അസ്ഥികള്‍

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓര്‍മ്മ സൂക്ഷിക്കുന്ന അസ്ഥികള്‍

June 2nd, 2011

kovilan-remembered-epathram

എ മൈനസ് ബി വായിച്ചതിനു ശേഷമാണ് ഞാന്‍  കോവിലനുമായി പരിചയത്തിലാകുന്നത്.  എന്റെ കോളേജ് പഠന കാലം “കോളേജെല്ലാം കുന്നിന്മേല്‍, കുട്ടികളെല്ലാം കൂനിന്മേല്‍” എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ ഉള്ളിലിട്ടലിയിച്ച് ചരല്‍ നിരത്തിലൂടെ  പറങ്കിമാവിന്‍ തണലുകള്‍ കടന്ന് കുന്നു കയറിച്ചെല്ലുമ്പോള്‍ പിരിയുന്ന വഴികല്‍ വലത്തോട്ടു തിരിഞ്ഞു കുത്തനെ കയറി കുറെ ദൂരം നടന്ന്, മഹാ ശിലാ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങള്‍ പിന്നിട്ട് വീണ്ടും വലത്തോട്ട് തിരിഞ്ഞ് നേരെ നടന്നാല്‍ വലതു ഭാഗത്തായി ‘ഗിരി’ കോവിലന്റെ വസതി. മുന്നില്‍ മുനിമട. പുരാവസ്തു വകുപ്പിന്റെ കമ്പിവേലി സംരക്ഷണ ത്തിലാണെങ്കിലും ഇടയ്ക്കിടെ ഞങ്ങള്‍ അതിനുള്ളിലേ ക്കിറങ്ങിയിരിക്കും. ജ്ഞാന വൃദ്ധന്മാരുടെ  ഗന്ധത്തിനായി മൂക്കു വിടര്‍ത്തും.

സമയം നീക്കണമല്ലോ. നാലു മണി കഴിയണം. കോവിലന്‍ ഉച്ച മയക്കത്തില്‍ നിന്നെണീക്കാന്‍. ഒട്ടു നേരം  മുനിമടയില്‍. പിന്നെ തൊട്ടപ്പുറത്തെ പറങ്കി മാവിന്റെ ശിഖരങ്ങളില്‍ സൂര്യന്‍ പടിഞ്ഞാട്ടു ചായുനതും നോക്കി അസ്തമനച്ചുവപ്പും ആസ്വദിച്ച് കുന്നിന്മുകളിലെ പക്ഷികളുടെ ചിലപ്പും ചിറകടിയും കേട്ട് അങ്ങനെ നേരം നീക്കും. എന്റെയൊപ്പം ഒന്നു രണ്ടു ചങ്ങാതിമാരും കാണും. ഒറ്റക്കു ആദ്യമൊന്നും കാണാന്‍ പോകാറില്ലായിരുന്നു. ഒറ്റക്കു കോവിലനെ നേരിടുവാനുള്ള ഉള്‍ഭയവും, പൊതുവെ സംസാര വിമുഖനായ എനിക്കു സാഹിത്യ സംഭാഷണങ്ങളെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാതിരിക്കുമോ എന്ന പേടിയും തന്നെ കാരണം.

എന്നാല്‍ അത്തരം കൊച്ചു കൊച്ചു പേടികളൊക്കെ വളരെ വേഗം ഇല്ലാതായി. നാലും മണി നേരത്ത് തൊടിയിലെ പോക്കുവെയിലിലേക്കും തൊട്ടു മുമ്പില്‍ റോഡിനപ്പുറത്തെ ലക്ഷം വീടു കോളനിയിലേക്കും ഇടയ്കിടെ കണ്‍‌വെട്ടിച്ച് കോവിലന്‍ സംഭാഷണം തുടങ്ങും. അതു സാഹിത്യമാകാം, സംസ്കാരമാകാം, സയന്‍സാകാം, രാഷ്ടീയമാകാം, പട്ടാളത്തിലെ അനുഭവ കഥനങ്ങളാകാം. എന്തായാലും കേട്ടിരുന്നാല്‍ സമയം നീങ്ങുന്നതറിയില്ല. കോവിലന്‍ സ്റ്റൈലില്‍ ഭാഷയുടെ മുന കൂര്‍പ്പിച്ച്, നിര്‍ത്തി നിര്‍ത്തി, സ്പഷ്ടമായ് ഉച്ചാരണത്തോടെയുള്ള അനര്‍ഘള പ്രവാഹം. അതിനിടെ ടീച്ചര്‍ ചായയുമായി വരും. വീണ്ടും തുടരും സംഭാഷണങ്ങള്‍. ആരോടാണീ സംഭാഷണങ്ങള്‍‍? പ്രായം കൊണ്ട്  നാല്പതു വര്‍ഷങ്ങളുടെ വ്യത്യാസം ഉള്ളവരുമായാണ് ഒരു ജനറേഷന്‍ ഗ്യാപ്പുമില്ലാതെ ഈ സംഭാഷണങ്ങള്‍. സൂര്യനു കീഴിലുള്ള എന്തിനെ കുറിച്ചും ചോദിക്കാം. സംഭാഷണത്തിനിടെ ചില നിശ്ചല നിമിഷങ്ങളുണ്ടാകും. അപ്പോള്‍ അദ്ദേഹം ചിന്തിച്ചു കൊണ്ടിരിക്കുകയാകും. ഭാരതത്തിന്റെ എത്രയോ പ്രദേശങ്ങളില്‍ സഞ്ചരിച്ച ആളാണ്… ഓര്‍ക്കുകയാകും… ഓര്‍ത്തെടുക്കുകയാകും….

കവിതയുടെ രൌദ്ര സംഗീതം കടമ്മനിട്ടയിലൂടെ നാം ആസ്വദിച്ചിട്ടുണ്ട്. ഒരപൂര്‍വ്വ അനുഭവമായിരുന്നല്ലോ ആ ചൊല്‍ക്കാഴ്ച. റെക്കോര്‍ഡ് ചെയ്തു വച്ചിട്ടുള്ളതിനാല്‍ ഇന്നും നമുക്കതു ആസ്വദിക്കാം. കോവിലന്റെ സംഭാഷണങ്ങളും അതിന്റെ നാട്ടു തനിമകള്‍ കൊണ്ട് വേറിട്ടോരു അനുഭവം തന്നെയായിരുന്നു. ആരെങ്കിലും അതു റെക്കോര്‍ഡ് ചെയ്തു വച്ചിട്ടുണ്ടാകുമോ? ഉണ്ടെന്ന് തോന്നുന്നില്ല. ഇന്ന് അക്കാര്യത്തില്‍ ഒരു നഷ്ടബോധം തോന്നുന്നു. കോവിലന്‍ രചനകളിലെ വാക്യ ഘടനകള്‍ പോലെത്തന്നെ ഏറെ വ്യത്യസ്ഥമായിരുന്നു ആ സംഭാഷണ രീതികളും.

“തന്റെ വാക്കുകള്‍ പരുഷമാക്കി ത്തീര്‍ക്കുവാനും, തന്റെ വാക്കു ചടുലമാക്കി ത്തീര്‍ക്കുവാനും ക്രിയയകള്‍ക്കു പ്രാധാന്യം കൊടുക്കുവാനും തന്റെ വിശേഷങ്ങള്‍ വേര്‍പ്പെടുത്തി പ്പറയുവാനും ഉള്ള ശൈലീ വിജ്ഞാനീയം കോവിലനു ജീവിതത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. ‘അയാള്‍ക്കൊരു മീശയുണ്ട് ‘ എന്നല്ല അദ്ദേഹം പറയുന്നത്, ‘അയാള്‍ക്കൊരു  കൊമ്പന്‍ മീശയുണ്ട് ‘ എന്നുമല്ല  പറയുന്നത്, മറിച്ച് അയാള്‍ക്കൊരു ‘മീശയുണ്ട്, കൊമ്പന്‍’ എന്നാണ്… അതിന്റെ സാമാന്യമായ അര്‍ഥം കൊമ്പന്‍ എന്നുള്ളത് നിങ്ങള്‍ വിഴുങ്ങിക്കളയരുത് എന്നാണ്… അദ്ദേഹം ഭാഷയുടെ ഘടന മാറ്റിത്തീര്‍ക്കുകയും നിങ്ങളുടെ തലച്ചോറിലേക്ക് തന്റെ ആഗ്രഹം, തന്റെ ഇച്ഛ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു” എം. എന്‍. വിജയന്‍.

സൌഹൃദത്തെ കുറിച്ച് പറഞ്ഞപ്പോളാണ്, അത്ര എളുപ്പത്തിലൊന്നും കോവിലനുമായി സൌഹൃദത്തിലാവുക സാധ്യമല്ല. എന്നാല്‍ എങ്ങനെയതു എളുപ്പത്തിലാക്കും എന്നും എനിക്കു പറയാനൊക്കില്ല. പലരും പരാതി പറഞ്ഞു കേട്ടിട്ടുണ്ട്. കോവിലനെ കാണാന്‍ ചെന്നു, പറ്റിയില്ല. പുസ്തകം കൊടുക്കാന്‍ പോയി, കഴിഞ്ഞില്ല. എന്നൊക്കെ. പലപ്പോഴും ഈ സന്ദര്‍ശകരുടെ സമയം കോവിലനുമായി യോജിച്ചിരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. ഉച്ചയുറക്കത്തിനുള്ള തയ്യാറെടുപ്പിലാകും ചിലപ്പോള്‍ മേല്‍പ്പറഞ്ഞ സന്ദര്‍ശകരുടെ വരവ്. അതു കോവിലനിഷ്ടപ്പെട്ടു കാണില്ല. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ. ആര്‍. വിനയന്‍ അടുത്ത സുഹൃത്തായിട്ടു കൂടി ഒരിക്കല്‍ “ഗിരി”യില്‍ ചെന്നപ്പോള്‍ മടങ്ങി പ്പോരേണ്ടി വന്നതായി എഴുതിയിട്ടുണ്ട്.

എണ്‍പതുകളുടെ ആദ്യ പാദത്തില്‍ ഒരിക്കല്‍ ഞങ്ങളുടെ സുഹൃദ്സംഘം തൃശ്ശൂര്‍  തേക്കിന്‍ കാട് മൈതാനിയില്‍ മഹാകവി വൈലോപ്പിള്ളിയെ കണ്ടുമുട്ടിയ കഥ ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. സൈക്കിളുരുട്ടി നടക്കുകയാണ് മഹാകവി. കിട്ടിയ സന്ദര്‍ഭം മുതലെടുക്കാന്‍ ഞങ്ങള്‍ കവി പോകുന്നിടത്തൊക്കെ ഒപ്പം നടന്നു. ഗുരുവായൂരിലാണു വീടെന്നും, കോവിലനെ പരിചയമുണ്ടെന്നും പറഞ്ഞപ്പോള്‍ മഹാകവി ഞങ്ങളെ ഉപദേശിച്ചത്, ഇടയ്ക്കിടെ ചെന്ന് ബുദ്ധിമുട്ടിക്കരുത്, കോവിലന്‍ ആലോചനകളില്‍ മുഴുകിയിരിക്കുകയോ എഴുതുകയോ ആകും, ശല്യം ചെയ്യരുത് എന്നായിരുന്നു. എന്റെ കഥകള്‍ കോവിലന് വായിക്കുവാന്‍ കൊടുക്കുമായിരുന്നു. വായിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തി അദ്ദേഹമതു മടക്കിത്തരും. പെട്ടെന്നൊന്നും കിട്ടില്ല. ദിവസങ്ങളെടുത്താണ് വായനയും തിരുത്തും. പക്ഷെ അതു പിന്നീട് വായിക്കുമ്പോഴാണ് എങ്ങനെയാണ് വാക്കുകളെ ചെത്തിക്കൂര്‍പ്പിക്കുന്നത് എന്ന് അല്‍ഭുതപ്പെടുക!
കഥ ആരുടേതായാലും വായിക്കാന്‍ സാവകാശവും ഏകാന്തതയും വേണം. എല്ലാ കഥകള്‍ക്കുമുണ്ട് അകം പുറം; ഏതു കരിയിലയ്ക്കും. അകം പുറമായാല്‍ രൂപമാകില്ല. കഥയുടെ  അരികുകള്‍ കാണണം, നട്ടെല്ലു കാണണം, നട്ടെല്ലില്‍ നിന്നുയര്‍ത്ത ഞരമ്പുകള്‍ കാണണം, കഥയും കരിയിലയും തിരിച്ചറിയാന്‍. ഒരിലയില്‍ നിന്നും വൃക്ഷം തിരിച്ചറിയുന്നു. കഥ രൂപപ്പെട്ടതെങ്ങിനെ? ഇതു ജൈവ സമസ്യയാകുന്നു – കോവിലന്‍. (അമ്മയായോരമ്മ എന്ന കഥാ സമാഹാ‍രത്തിന്റെ മുഖക്കുറിപ്പ് 1994)

നിര്‍ഭയനായ ഒരു ഗ്രാമീണന്‍, കോവിലന്റെ പീഡിത സത്തയുടെ ഭാഗം തന്നെയായിരുന്നു. ദാരിദ്രത്തിന്റേയു, സ്വാതന്ത്ര്യ വാഞ്ചയുടേയും തീവ്രാനുഭവങ്ങള്‍ പീഢിത ജനകോടികളോട് താദാത്മ്യം പ്രാപിക്കുന്ന ഒരു മനസ്സു സൂക്ഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഗാന്ധിജി ജയിലില്‍ കിടക്കുമ്പോള്‍ തനിക്കു പഠിക്കാന്‍ വയ്യെന്നു പറഞ്ഞ്  സംസ്കൃത കോളേജിന്റെ പടികളിറങ്ങിപ്പോന്നു. ആ പോക്ക് കോവിലനെ പട്ടാളത്തിലെത്തിച്ചു. പിന്നീടുണ്ടായ വൈദ്യുതാഘാതങ്ങള്‍ നിറഞ്ഞ അനുഭവങ്ങള്‍, ജീവിതത്തിലുടനീളം ഒരു നിഷേധിയുടെ എതിര്‍പ്പ് ഉള്ളിലുറപ്പിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. സാഹിത്യത്തി നപ്പുറത്തേക്ക് മാനവിക സംസ്കാരത്തിലേക്കും, ഹരിത രാഷ്ടീയത്തിലേക്കും അങ്ങിനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലേക്കും ഉണര്‍ന്നിരിക്കാന്‍ ആ മനസ്സ് പ്രാപ്തമായി. അതിനാല്‍ ഒരു പ്രലോഭനത്തിനു മുന്നിലും അദ്ദേഹം നട്ടെല്ലു വളച്ചില്ല. സാഹിത്യ തമ്പുരാക്കന്മാര്‍ ഏറെക്കാലം കോവിലനെ അവഗണിച്ചു കൊണ്ടിരുന്നതിന്റെ കാരണമതായിരുന്നു. കോവിലന്‍ അവര്‍ക്കു അനാദരണീയനായിരുന്നു. എന്തു കൊണ്ടെന്നാല്‍ യാഥാസ്ഥിതികത്വവുമായി എന്നും അദ്ദേഹം ശത്രുതയിലായിരുനു. എഴുത്തു കോവിലനു അക്ഷീണ പ്രയത്നം തന്നെയായിരുന്നു. എളുപ്പ വഴിയിലൂടെ  രചിക്കപ്പെട്ട കൃതികളായിരുന്നില്ല അത്. ഇന്നത്തെ പല എഴുത്തുകാര്‍ക്കും കോവിലന്റെ അനുഭവ കഥനം ചിലപ്പോല്‍ അല്‍ഭുതമാ‍യേക്കും.

“എഴുത്ത് എനിക്കെന്നും സാഹസമാകുന്നു. സുഖകരമായ ഭക്ഷണം പാടില്ല. നിറച്ചുണ്ണാന്‍ വയ്യ. ധാരാളം വെള്ളം കുടിക്കുന്നതു കൊണ്ട് ഉറക്കം കിട്ടില്ല. ഉറക്കം പിടിച്ചാല്‍ മൂത്ര ശങ്കയായി. ഉറങ്ങാന്‍ പാടില്ല. എഴുതാനുള്ളത് തീര്‍ത്തല്ലാതെ നേരെ ചൊവ്വെ ഉറക്കമില്ല. എന്റെ തലയില്‍ നിലാവാകുന്നു. എനിക്കു ഭ്രാന്താകുന്നു. എന്നും ഞാനെഴുതിയത് ഭ്രാന്തന്റെ ജല്പനം മാത്രമാകുന്നു. ഓരോ കഥ തീരുമ്പോഴും ആത്മ വിശ്വാസം തിരിച്ചു കിട്ടുന്നു” (കഥയുടെ കഥകള്‍ – കോവിലന്‍)

പ്രസിദ്ധീകരണങ്ങളില്‍ പ്രകാശനം ചെയ്തതിനു ശേഷവും പലതും വീണ്ടും തിരുത്തിയെഴുതിയിട്ടുണ്ടെന്ന് കോവിലന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എഴുത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അതൊരു പീഡനമായി അദ്ദേഹത്തില്‍ നിറഞ്ഞിരുന്നു എന്ന് അനുമാനിക്കാം. “വീട്ടില്‍ വെച്ച് ‘തറവാട്’ എന്ന കൊച്ചു നോവല്‍ എഴുതിത്തുടങ്ങും മുമ്പ്‌ പത്തു മാസത്തോളം ഞാന്‍ അലഞ്ഞു നടന്നു. എപ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുക എന്നു നിശ്ചയമില്ല. ഒരു ലക്കിന് ഇറങ്ങി നടക്കും. ആറേഴു നാഴികയകലെ പെരുമലയുടെ മുകളില്‍ കയറി, ഈ വിശാലമായ ലോകത്തേക്ക്‌ ഒന്നെത്തി നോക്കും. എത്ര മധുരമായ പ്രകൃതി ദൃശ്യമാണെന്നോ! എന്റെ തലയൊന്നു തണുക്കും. വീട്ടിലേക്ക്‌ തിരിച്ചു നടക്കുകയായി. ഒരു പച്ച ഈര്‍ക്കിലിയോ, ഇല്ലിയോ വിരലിട്ട് തുടരെ ചുഴറ്റി കൊണ്ട് ചരല്‍പാതയിലൂടെ നടക്കാറുള്ളപ്പോള്‍ എന്റെ നല്ല ചങ്ങാതിമാര്‍ എന്നോട് മിണ്ടാറില്ല. തലയ്ക്കകത്ത് എന്തോ കറങ്ങുന്നുണ്ടെന്ന് അവര്‍ക്കറിയാം.”

എഴുത്തില്‍ നൂറു ശതമാനവും ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്നതു കൊണ്ടാണ് ഇന്നും ആ രചനകള്‍ നമ്മെ കൊളുത്തി വലിക്കുന്നത്. ജീവിതത്തിന്റെ ഊഷര ഭൂമികളിലെ തീവ്രമായ അനുഭവങ്ങള്‍ സ്വയമനുഭവിച്ച് അത് ഭാഷയില്‍ ആവിഷ്ക്കരിക്കുമ്പോള്‍ വായനക്കാരെ അതു പൊള്ളിക്കാതെ വയ്യല്ലോ. അടിസ്ഥാന ജീവിത സമസ്യകളോടുള്ള തീവ്രമായ പ്രതികരണം തന്റെ സമകാലികരായ എഴുത്തുകാരനില്‍ നിന്ന് കോവിലനെ വ്യതിരിക്തനാക്കുന്നു. പട്ടാള കാഥികന്‍ എന്ന കള്ളിയില്‍ അദ്ദേഹത്തെ തളച്ചിടാന്‍ ശ്രമിച്ചെങ്കിലും, ഭാഷയെ ഒരു യുദ്ധോപകരണ മാക്കിത്തീര്‍ത്ത കോവിലന്‍ ഭാവിയുടെയും എഴുത്തുകാരനായി വളരുക തന്നെയായിരുന്നു.

മണ്ണില്‍ വേരുകള്‍ പടര്‍ത്തുന്ന രാഷ്ട്രീയ അവബോധമായിരുന്നു കോവിലന്റെത്. നശിച്ച കക്ഷി രാഷ്ട്രീയ പരിഗണന കളായിരുന്നില്ല അവിടെ നാം കണ്ടത്‌. ഒരു സോഷ്യോളജിസ്റ്റിന്റെയോ, തത്വ ശാസ്ത്രജ്ഞന്റെയോ, മികവാര്‍ന്ന അവബോധം ആ വാക്കുകളിലും രചനകളിലും നമുക്കു ദര്‍ശിക്കാം. മലയാളത്തിലെ പല എഴുത്തുകാര്‍ക്കും ഇല്ലാത്ത രാഷ്ട്രീയാവബോധത്തിന്റെ ഒരു പുതിയ ദിശാസൂചി നമുക്കദ്ദേഹത്തില്‍ കാണാം. ഇന്ത്യന്‍ ജീവിതാനുഭവങ്ങളുടെ അടരുകളെ ലോകാനുഭവങ്ങളുമായി ഇഴ ചേര്‍ത്ത്‌ ഉരുവപ്പെടുത്തിയ ജീവിത ദര്‍ശനത്തിന്റെ തിളക്കമാര്‍ന്ന മുഖമാണത്.

കോവിലന്‍ ഇങ്ങനെ എഴുതി: ” മനുഷ്യ പുരോഗതിയുടെ മൗലിക ഘടകം കുടുംബമാത്രേ. കുടുംബ സംവിധാനം മനുഷ്യനെ ലോക യുദ്ധങ്ങളിലേക്കും ത്രിലോകാന്തക പദവിക്കു വേണ്ടിയുള്ള മത്സരത്തിലേക്കും വളര്‍ത്തി. ഭസ്മാസുരന്റെ കൈ സ്വന്തം തലയ്ക്കു മുകളില്‍ തയ്യാര്‍! എന്നാല്‍ മറക്കരുത്, മനുഷ്യന്‍ ചന്ദ്രനിലുമെത്തി. അവന്റെ ഗോളാന്തര യാത്രയിലും മനുഷ്യനാധാരം മണ്ണാകുന്നു, ഈ മണ്ണ്, ഈ ഭൂമി, ഈ ഭൂമിയില്‍ ഊര്‍ജ്ജം…” (ബഷീര്‍ ഓര്‍മ്മകളില്‍ – കോവിലന്‍)

സമകാലിക അവസ്ഥയില്‍ പ്രസക്തമായ ഇത്തരം ദര്‍ശനങ്ങള്‍ കോവിലന്‍ സ്വന്തം ജീവിതാനുഭാവങ്ങളില്‍ നിന്നും സ്വായത്തമാക്കിയതാണ്.  തന്മൂലം അതു തന്റെ ജീവിതത്തിലും കലയിലും പകര്‍ത്താതിരിക്കാന്‍ അദ്ദേഹത്തിനാവില്ല. കേരളീയവും ഭാരതീയവുമായ ജീവിതാവസ്ഥകളെ ലോകാനുഭവ ങ്ങളിലേക്കുയര്‍ത്തി ഭാഷയുടെ (ഓര്‍മ്മയുടെയും) അസ്ഥികളില്‍ സൂക്ഷിക്കുന്ന എഴുത്തനുഭവം. അതു കൊണ്ടാണ് പുനര്‍ വായനകളില്‍ ആ രചനകള്‍ അനുവാചകരില്‍ പുതിയ തിളക്കത്തോടെ സവിശേഷാനുഭവങ്ങളുടെ പച്ചപ്പുകള്‍ പകരുന്നത്. മലയാളത്തില്‍ അപൂര്‍വ്വം പേര്‍ക്ക് മാത്രം അവകാശ പ്പെടാവുന്നതാണ് ഇത്. വരും കാലം അതു വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തി ക്കൊണ്ടിരിക്കുകയും ചെയ്യും.

ഇതിവൃത്തം എന്ന വളയത്തില്‍ നിന്നു ചെറുകഥയെ ഊരിയെടുത്ത വൈക്കം മുഹമ്മദ്‌ ബഷീര്‍ ഒരിക്കല്‍ ചോദിച്ചു

“നീ എന്തുകൊണ്ടെഴുതുന്നു? ”

മിഴിച്ചു നിന്നു പോയി. ബഷീര്‍ വിശദീകരിക്കുന്നു.
“വാല്മീകി മുതല്‍ ബഷീര്‍ വരെയുള്ളവര്‍ എഴുതുയിട്ടുണ്ട്. നീ ഒരുത്തന്‍ എഴുതാതിരുന്നാല്‍ സാഹിത്യത്തിന് എന്തു നഷ്ടം?” (കോവിലന്‍- പുതിയ ചക്രവാളങ്ങള്‍)

– ബഷീര്‍ മേച്ചേരി

- സ്വന്തം ലേഖകന്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തകഴിയുടെ ഭാര്യ കാത്ത അന്തരിച്ചു

June 1st, 2011

kaththa-epathram

തിരുവല്ല: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ പത്‌നി കാത്ത (91) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് രാവിലെയായിരുന്നൂ അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച നടക്കും.

1934 സെപ്തംബര്‍ 15നായിരുന്നു കമലാക്ഷിഅമ്മ എന്ന കാത്തയെ തകഴി വിവാഹം ചെയ്തത്. ആദ്യം തകഴിയില്‍ താമസമാക്കിയിരുന്ന ഇവര്‍ പിന്നീട് ശങ്കരമങ്കലത്തെക്ക് മാറി. ഭാര്യ കാത്തയെ കുറിച്ച് തന്റെ ആത്മകഥയായ ഓര്‍മ്മയുടെ തീരങ്ങളില്‍ തകഴി എഴുതിയിട്ടുണ്ട്. ഒരിക്കലും പരിഭവം പറയാതെ ഒരു ഭാര്യയുടെ കടമകള്‍ എല്ലാം നിറവേറ്റി തന്റെ കുടുംബത്തിനും തനിക്കും താങ്ങായിരുന്ന കാത്തയെ കുറിച്ച് തകഴി ഇതില്‍ വിവരിച്ചിരുന്നു.

1999 ഏപ്രില്‍ 10-നാണ് തകഴി അന്തരിച്ചത്.അതിനു ശേഷം ശങ്കരമംഗലത്ത് ഇവരുടെ വീട് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇവിടെ ഒരു രൂപ വാടക കൊടുത്ത് തകഴിയെ കുറിച്ചുള്ള ഓര്‍മകളില്‍ ജീവിക്കുകയായിരുന്നു കാത്ത. തകഴിയെന്ന എഴുത്തുകാരന് താങ്ങും തണലും ആയിരുന്ന അവര്‍ ഇനി ഓര്‍മ്മ മാത്രം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാമ്പിശ്ശേരി പുരസ്കാരം കെ. പി. എ. സി ലളിതക്ക്

May 22nd, 2011

അബുദാബി:  ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ നവോത്ഥാന ശില്‍പ്പിയും രാഷ്ട്രീയ ചിന്തകനുമായ  കാമ്പിശ്ശേരി കരുണാകരന്‍റെ പേരില്‍ യുവകലാസാഹിതി ഏര്‍പ്പെടുത്തിയ നാലാമത് പുരസ്‌കാരത്തിന് പ്രശസ്ത നാടക-ചലച്ചിത്ര നടി കെ. എ. സി. ലളിതയെ തെരഞ്ഞെടുത്തു. മലയാള ചലച്ചിത്ര രംഗത്തിനും ജനകീയ നാടകവേദിക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. 15,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്‌. അബുദാബിയില്‍ വെച്ച് നടന്ന യുകലാസന്ധ്യയില്‍ യുവകലാസാഹിതിയുടെ സെക്രട്ടറി കുഞ്ഞില്ലത്ത് ലക്ഷ്മണനാണ് അവാര്‍ഡ്‌ വിവരം പ്രഖ്യാപിച്ചത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഭിമുഖം : വൈശാഖന്‍

May 5th, 2011

vaishakhan-epathram

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ വൈശാഖനുമായി പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ നടത്തിയ അഭിമുഖം.

vaishakhan-manikandhan-epathram

മണികണ്ഠന്‍ : എന്തൊക്കെയാണ്‌ മാറുന്ന കേരളത്തിന്റെ വിശേഷങ്ങള്‍?

വൈശാഖന്‍ : കേരളത്തിലെ ഒരു പ്രധാന മാറ്റം നവോത്ഥാന കാലത്ത്‌ കേരളത്തിലെ സാമൂദായിക നേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും സ്വപ്നം കണ്ട ഒരു കേരളം ഇപ്പം ശിഥിലമായിരിക്കുന്നു എന്നതാണ്‌. ഒരു സമൂഹം എന്ന നിലയിലുള്ള ഒരുമിപ്പ്‌ കുറയുകയും വിഭാഗീയത പല തരത്തില്‍ കൂടുകയും ചെയ്തിട്ടുണ്ട്‌. അത്‌ ഏതൊക്കെ തരത്തിലാണെന്ന്‌ ചോദിച്ചു കഴിഞ്ഞാല്‍ ജാതീയമായ വിഭാഗീയതയും അതു പോലെ തന്നെ മതപരമായ ധ്രുവീകരണവുമാണ്‌. അതിന്റെ ഒപ്പം പുത്തന്‍ സാമ്പത്തിക നയങ്ങള്‍, മാര്‍ക്കറ്റ്‌ എക്കോണമിയുടെ ഫലങ്ങള്‍, ഇന്ന്‌ കേരളീയരില്‍ പൊതുവേയുള്ള കരിയറിസ്റ്റ്‌ സ്വഭാവം, എല്ലാം അതിന്‌ ശക്തി കൂട്ടാന്‍ ശ്രമിക്കുന്നു. ഇന്ന്‌ സാംസ്കാരികമായി ഒരു പാട്‌ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ സ്ഥലമായി മാറുകയാണ്‌ കേരളം. അതാണ്‌ ഇപ്പോഴത്തെ പൊതുവേ കാണുന്ന അവസ്ഥ. ഒരു ശൈഥില്യത്തിന്റെ അവസ്ഥ.

മണികണ്ഠന്‍ : അങ്ങനെ ഒരു ശൈഥില്യമുണ്ടെന്ന്‌ പരസ്പരം പഴി ചാരുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും സംസ്ക്കാര രാഷ്ട്രീയത്തിന്റെ (cultural politics) സാധ്യതയെ ക്കുറിച്ചന്വേഷിക്കാന്‍ എത്ര എഴുത്തുകാര്‍ നമുക്കുണ്ട്‌, അല്ലെങ്കില്‍ അതിനെ മുഖ്യധാരയിലേക്ക്‌ കൊണ്ടു വരാനുള്ള ശ്രമം നടത്തുന്നവരുണ്ടോ?

വൈശാഖന്‍ : എഴുത്തുകാര്‍ അവരവരുടേതായ രീതിയില്‍ അവരുടെ പ്രതികരണങ്ങളൊക്കെ നടത്തുന്നുണ്ട്‌. എല്ലാ എഴുത്തുകാരും ആക്ടിവിസ്റ്റു കളാകണമെന്ന്‌ നമുക്ക്‌ അവകാശപ്പെടാന്‍ പറ്റില്ലല്ലോ. എഴുത്തിന്റെ എഴുത്തുകാരുടെ ആക്ടിവിസം എഴുത്തു തന്നെയാണ്‌ പ്രധാനമായിട്ടും. ചില എഴുത്തുകാരൊക്കെ അങ്ങനെ അല്ലാതെ ആക്ടിവിസ്റ്റുകളായും പ്രവര്‍ത്തിക്കുന്നവരുണ്ട്‌. പക്ഷെ, മറ്റു മാധ്യമങ്ങളുടെ പെരുപ്പം ദൃശ്യപരതയിലുള്ള അമിതമായ ആവേശം ഇതെല്ലാം കാരണം ഈ എഴുത്തുകാരുടെ ശബ്ദം വളരെ ഫീബിള്‍ ആയി പോകാന്‍ സാധ്യതയുണ്ട്‌. കുറച്ചൊക്കെ ഫീബിള്‍ ആണ്‌. വലിയ കതിന വെടി മുഴങ്ങുമ്പോള്‍ ഒരു ഓടക്കുഴല്‍ വായിക്കുന്നതു പോലെ ആയിരിക്കുന്നു. അത്‌ കേള്‍ക്കണമെന്നുള്ള കാതുകള്‍ക്ക്‌ അത്‌ കേള്‍ക്കാന്‍ പറ്റും. മറ്റുള്ള കാതുകളിലേക്ക്‌ അത്‌ എത്തിക്കാനുള്ള ശ്രമം നടത്തുക എന്നുള്ളതേ നമുക്ക്‌ ചെയ്യാന്‍ പറ്റൂ.

മണികണ്ഠന്‍ : ഇതില്‍ നമ്മുടെ ഉപഭോഗ സംസ്ക്കാരത്തിന്‌ ഒരു വലിയ പങ്കുണ്ടെന്നുള്ളതാണല്ലോ ഒരു വാദം.

വൈശാഖന്‍ : ഉപഭോഗ സംസ്ക്കാരത്തെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം ഉപഭോഗ സംസ്ക്കാരം ഉണ്ടാകാനുള്ള കാരണം എന്താണ്‌? അടിസ്ഥാന പരമായിട്ടുള്ള മനുഷ്യന്റെ ആര്‍ത്തി. പിന്നെ കുറേയധികം ഉപരിപ്ലവമായ സംഗതികള്‍ മാത്രം ആകര്‍ഷിക്കപ്പെടാന്‍ തരത്തിലുള്ള അഗാധതയും..

മണികണ്ഠന്‍ : ഉപരിപ്ലവമായ അഗാധത എന്നതു കൊണ്ടുദ്ദേശിക്കുന്നത്‌ മലയാളിക്ക്‌ എന്നതാണോ, അതോ മനുഷ്യ ജീവിക്ക്‌ എന്നതാണോ?

വൈശാഖന്‍ : ഞാനുദ്ദേശിക്കുന്നത്‌ പൊതുവായും മലയാളിക്ക്‌ എന്നതാണ്‌. മലയാളിക്ക്‌ അതിന്റേതായ തരത്തിലുള്ള വളരെ ഉറഞ്ഞു പോയ, പ്രതികരണ ശേഷി, അതായത്‌ ഉറഞ്ഞുറഞ്ഞ്‌ ഇല്ലാതാവുകയെന്നത്‌.

മണികണ്ഠന്‍ : നേരത്തെ മാഷ്‌ സൂചിപ്പിച്ചതു നവോത്ഥാന മൂല്യങ്ങളില്‍ നിന്നും ഉയര്‍ന്നു വരാന്‍ ശ്രമിച്ച്‌ ഫീനിക്സിനെ പോലെ ഉയര്‍ന്നു വന്ന മലയാളത്തെ ക്കുറിച്ചാണ്‌. എന്നാല്‍ ഇപ്പോള്‍ ശരിക്കു പറഞ്ഞു കഴിഞ്ഞാല്‍ മലയാളിക്ക്‌ പ്രതികരണ ശേഷി എല്ലാം നഷ്ടപ്പെട്ടുവെന്നാണോ?

വൈശാഖന്‍ : അത്‌ കരിയറിസ്റ്റിക്‌ സ്വഭാവം എന്ന്‌ ഞാന്‍ പറഞ്ഞില്ലേ? മലയാളി തന്നെ കേന്ദ്രീകരിച്ച്‌, വ്യക്തി കേന്ദ്രിതമാകുന്നു. കൂടുതല്‍ വ്യക്തി കേന്ദ്രീകൃത മാകുമ്പോഴാണല്ലോ സമൂഹം എന്നുള്ളത്‌ എന്താണെന്ന്‌ മനസ്സിലാകാത്ത തരത്തില്‍ ആയിത്തീരുന്നത്‌. അപ്പോ, അത്‌ എങ്ങനെ വന്നു പെട്ടു എന്ന്‌ ചോദിച്ചു കഴിഞ്ഞാല്‍ ഒരു പക്ഷെ, അതിന്‌ പോപ്പുലേഷന്റെ പ്രശ്നമുണ്ടാകും. ജനസംഖ്യാപരമായ പ്രശ്നമുണ്ടാകും. ഒരുദാഹരണം ഞാന്‍ പറയാം. പോള്‍ട്രീല്‌ കോഴികളെ വളര്‍ത്തുന്നതിനെ ക്കുറിച്ച്‌ പറയുന്ന ഒരു കാര്യമാണ്‌. പത്തു കോഴിക്ക്‌ തീറ്റി കൊടുക്കാനുള്ള ഒരു ഹോപ്പര്‍ എന്നു പറഞ്ഞ സാധനത്തില്‍, ആ പത്തു കോഴിയുടെ തീറ്റി തന്നെ ഇട്ടിട്ട്‌ ആ സ്ഥാനത്ത്‌ ഇരുപത്‌ കോഴിയെ വിടുകയാണെങ്കില്‍ ഈ കോഴികള്‍ പരസ്പരം കൊത്തുന്നു. അതിന്‌ കാനിബാളിസം എന്ന്‌ പറയുന്നു. പോള്‍ട്രി സയന്‍സ്‌. ഇതു പോലെ ആയിത്തീരുന്നുണ്ട്‌. ചിലപ്പോള്‍ എനിക്കുള്ളത്‌ അവന്‍ കൊണ്ടു പോകുമോയെന്ന ഭയം. അതാണ്‌ കരിയറിസമായി മാറുന്നത്‌. തന്റെ ജോലി താന്‍ നല്ല പോലെ ചെയ്താല്‍ മതി. അതില്‍ നിന്ന്‌ ഒരു തൃപ്തി തനിക്ക്‌ കിട്ടണം എന്നുള്ള തരത്തില്‍ ഒരു മാനസികാവസ്ഥയിലേക്ക്‌ വരണം. എന്നു വച്ചാല്‍ അതിന്റെ അര്‍ത്ഥം ആന്തരികമായ നവീകരണം ആഴത്തില്‍ സംഭവിച്ചിട്ടില്ല. നവോത്ഥാനം ഒരു നവീകരണം ഉണ്ടാക്കിയെങ്കിലും അത്‌ ആഴത്തില്‍ എത്തിയില്ല എന്നു വേണം നമുക്ക്‌ മനസ്സിലാക്കാന്‍.

മണികണ്ഠന്‍ : അപ്പോ ശാരീരികമായിട്ടുള്ള നിര്‍വ്വചനങ്ങളിലൂടെ നവോത്ഥാനം പല ഉണര്‍ത്തു പാട്ടുകളും കേരളത്തില്‍ ഉണ്ടാക്കി എന്നു പറയുന്നതോടൊപ്പം തന്നെ ആകമാനമായിട്ടുള്ള ഒരു നവീനതയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിച്ചില്ല എന്നാണോ പറയുന്നത്‌.

വൈശാഖന്‍ : അത്‌ എത്തിക്കാനുള്ള ഒരു ശ്രമം… അത്രയും വ്യാപകമായ തോതില്‍ പിന്നെ നടന്നില്ല.

മണികണ്ഠന്‍ : ഈ നവോത്ഥാനത്തെ നമ്മളൊന്ന്‌ അനലൈസ്‌ ചെയ്താല്‍ സ്ത്രീയുടെ പ്രശ്നങ്ങളെ നമ്മളെങ്ങനെയാണ്‌ അനലൈസ്‌ ചെയ്യുക?

വൈശാഖന്‍ : നവോത്ഥാനം സ്ത്രീകളുടെ പ്രശ്നങ്ങളെ കണ്ടിട്ടുണ്ട്‌. നമ്പുതിരി നവോത്ഥാനത്തില്‍ സ്ത്രീയുടെ പ്രശ്നമാണ്‌ പ്രാധാന്യത്തോടെ വന്നത്‌. നായര്‍ നവോത്ഥാനത്തില്‍ നായര്‍ പ്രസ്ഥാനത്തിലും അത്‌ വന്നു. ഇടതു പക്ഷ പ്രസ്ഥാനം കൂടുതലായി സ്ത്രീകളെ പൊതു മണ്ഡലത്തിലേക്ക്‌ കൊണ്ടു വരാനുള്ള ശ്രമം നടത്തിയിട്ടുണ്ട്‌. ഇപ്പോഴും അത്‌ തുടരുന്നുണ്ട്‌. പക്ഷെ, അതിന്റെ ശക്തി കുറഞ്ഞോ അതായത്‌ പാര്‍ട്ടി പൊളിറ്റിക്സ്‌, അല്ലെങ്കില്‍ പാര്‍ട്ടി രാഷ്ട്രീയം അതിന്റെ ഒരു ത്വരയില്‍ ഈ വേണ്ടത്ര എല്ലാ സ്ത്രീകളുടെ എല്ലാ മണ്ഡലങ്ങളിലേക്കും, ദളിതരുടെ എല്ലാ മണ്ഡലങ്ങളിലേക്കും എത്തുന്ന കാര്യത്തില്‍ കുറച്ച്‌ അലംഭാവം കാണിച്ചില്ലേ എന്ന സംശയമുണ്ട്‌. ഇപ്പോ ആ അലംഭാവം പരിഹരിക്കാനുള്ള ശ്രമം കാണുന്നുണ്ട്‌. അതും ഒരുപാട്‌ വിമര്‍ശന വിധേയമായി ട്ടുണ്ടെങ്കിലും നമ്മുടെ ഇന്ത്യയിലെങ്ങു മില്ലാത്ത വിധം ഭരണ തലത്തില്‍ അന്‍പത്‌ ശതമാനം സ്ത്രീകള്‍ വരുന്ന സമൂഹമാണിത്‌. ഇത്തരം സോഷ്യല്‍ റാഡിക്കല്‍ ചേഞ്ചസ്‌ തന്നെ നമുക്ക്‌ ഒരു രാത്രി കൊണ്ട്‌ സംഭവിക്കില്ലല്ലോ. അപ്പോ സ്വാഭാവികമായും അതിനുള്ള തുടക്കമുണ്ടെന്നുള്ളത്‌ നമുക്ക്‌ പ്രതീക്ഷ നല്‍കുന്നു. എല്ലാ മണ്ഡലങ്ങളിലും, ദളിതരുടെ കാര്യത്തിലാണെങ്കിലും ശരി. പക്ഷെ, ന്യൂനപക്ഷം എന്നുള്ള ഒരു പ്രത്യേക വാക്ക്‌ ഉപയോഗിച്ചു കൊണ്ട്‌ അല്ലെങ്കില്‍ ഭരണഘടന നല്‍കുന്ന അത്തരം ഒരു കാര്യം ഉപയോഗിച്ചു കൊണ്ട്‌ അനര്‍ഹമായ കാര്യങ്ങളില്‍ വരെ ഇടപെടുന്ന ഒരു പ്രവണതയുണ്ട്‌. ആ പ്രവണത ശരിയല്ല.

മണികണ്ഠന്‍ : പക്ഷെ, കാര്യങ്ങള്‍ ഇങ്ങനെയാണെന്ന്‌ പറയുമ്പോള്‍ പ്രത്യേകിച്ചും ഈ സ്ത്രീ പ്രസ്ഥാനങ്ങള്‍, പെണ്‍വാദികള്‍ എന്ന്‌ പറയുന്നു, ഇവരെല്ലാം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത്‌ ഇടതുപക്ഷത്തെയാണ്‌. അതിനെക്കുറിച്ച്‌ അഭിപ്രായമെന്താണ്‌?

വൈശാഖന്‍ : എനിക്ക്‌ അത്‌ വളരെ അതിശയം തോന്നിയിട്ടുണ്ട്‌. കാരണം ആ ദിശയില്‍ എന്തെങ്കിലും കാര്യമായ പ്രവര്‍ത്തനം ചെയ്തിട്ടുണ്ടെങ്കില്‍ അത്‌ ഇടതു പക്ഷമാണ്‌. അതിന്‌ യാതൊരു സംശയവും തോന്നിയിട്ടില്ല. അപ്പോള്‍ മറ്റേ പക്ഷത്തെ വിമര്‍ശിച്ചിട്ട്‌ കാര്യമില്ല എന്ന തോന്നലില്‍ നിന്നാവാം ഈ ഇടതു പക്ഷത്തെ മാത്രം വിമര്‍ശിക്കുന്ന പ്രവണത ഉണ്ടായത്‌.

മണികണ്ഠന്‍ : ഇവരാണിത്‌ ചെയ്യേണ്ടിയിരുന്നത്‌ അവരത് വേണ്ട പോലെ ചെയ്തില്ല, അതാണതിന്റെ പിന്നില്‍…

വൈശാഖന്‍ : അതെ… അതാണതിന്റെ പിന്നില്‍. അല്ലാതെ, മൊത്തത്തില്‍ അങ്ങനെ അവര്‍ ഒന്നും ചെയ്തിട്ടില്ല എന്നു പറയാന്‍ ഈ സ്ത്രീപക്ഷ സംഘടനകള്‍ തയാറാകുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെ എക്സ്ട്രീമിസ്റ്റ്‌ വീക്ഷണങ്ങള്‍ എല്ലായിടത്തുമുണ്ട്‌. അത്‌ സ്ത്രീപക്ഷ സംഘടയിലുമുണ്ട്‌. നവീകരണമെന്നുള്ളത്‌ അതായത്‌ എംപവര്‍മന്റ്‌ ഓഫ്‌ വിമന്‍ എന്നുള്ള സംഗതി എംപവര്‍ ദെം വിത്ത്‌ മണി, നോട്ട്‌ ഒണ്‍ളി മണി, ബട്ട്‌ വിത്ത്‌ നോളജ്‌ ആള്‍സോ എന്നാണ്‌. ഒരുപക്ഷെ, ആദ്യം പറയേണ്ടത്‌ എംപവര്‍ ദെം വിത്ത്‌ നോളജ്‌. അറിവു കൊണ്ട്‌ സത്രീകളെ ശാക്തീകരിച്ചാല്‍ മാത്രമേ പിന്നെ അവരെ പണം കൊണ്ട്‌ ശാക്തീകരിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ. അല്ലെങ്കില്‍ ആ പണം കൊണ്ടുള്ള ശാക്തീകരണം പോലും വേണ്ട വിധത്തില്‍ പ്രയോജനമായില്ലെന്ന്‌ വരാം. എല്ലാ സ്ത്രീ വിമോചകരും ശമ്പളോം വാങ്ങിച്ച്‌ ഭര്‍ത്താവിന്റെ കയ്യില്‍ വിനീതമായി കൊടുക്കുന്നത്‌, കുടുംബ ബജറ്റില്‍ ഒരു റോളില്ലാതെ വരുന്നത്‌, ഒക്കെയായ അവസ്ഥ നമ്മുടെ കുടുംബങ്ങളില്‍ ഇപ്പഴും ഉണ്ട്‌. അഭ്യസ്ഥ വിദ്യരായവര്‍ പോലും, അപ്പോ, വിദ്യാഭ്യാസം പോലും അതിന്റെ ലക്ഷ്യങ്ങളിലൂടെ പോകുന്നില്ല. അത്‌ തൊഴില്‍ ബന്ധിതമായിട്ട്‌ തന്നെ പോകുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌. വിദ്യാഭ്യാസം പുതിയ ഒരു മനുഷ്യനെ സൃഷ്ടിക്കാനുള്ള പ്രക്രിയയാണ്‌ എന്നുള്ള ബോധത്തിലല്ല നമ്മുടെ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നത്‌. അടിസ്ഥാനപരമായി വിദ്യാഭ്യാസത്തിന്‌ മാറ്റം വന്നാല്‍ അതൊരു പക്ഷെ, പത്തിരുപത്തഞ്ചു വര്‍ഷമെടുക്കും. ആ സമയത്തേക്കെങ്കിലും ഈ വ്യത്യാസം വരാവുന്നതാണ്‌. അങ്ങനെയൊരു പ്രതീക്ഷയാണ്‌ നമുക്കുള്ളത്‌.

മണികണ്ഠന്‍ : ഇതിനോടെല്ലാം ബന്ധപ്പെട്ട്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നവോത്ഥാന കാലഘട്ടത്തില്‍ പ്രകൃതിയേയും പരിസ്ഥിതിയേയും എങ്ങനെ കണ്ടു എന്നൊരു ചോദ്യം ഉദിക്കുന്നില്ലേ? പരിസ്ഥിതിയുടെ മുന്നില്‍ നവോത്ഥാനത്തിന്‌ പാളിച്ചയാണോ ഉണ്ടായത്‌, അതോ, നേട്ടങ്ങളാണോ ഉണ്ടായത്‌?

വൈശാഖന്‍ : പരിസ്ഥിതി ബോധം അന്ന്‌ ശക്തമല്ലായിരുന്നു. ഉദാഹരണത്തിന്‌ എസ്‌. കെ. പൊറ്റക്കാട്ടിന്റെ “വിഷകന്യക” യെടുത്താല്‍ പ്രകൃതിയെ കീഴടക്കുക എന്ന പഴയ ആശയം അത്തരം കൃതികളില്‍ വരുന്നുണ്ട്‌. ഇപ്പോ മനുഷ്യന്‌ ശാസ്ത്രീയമായ അവബോധം മെച്ചപ്പെട്ടു വരികയാണ്‌. നവോത്ഥാന കാലഘട്ടത്തില്‍ ഗ്രീന്‍ ഹൗസ്‌ ഇഫക്ട്‌ എന്നൊരു സംഗതി ഇല്ല, ചര്‍ച്ചകളിലില്ല. അതു പോലെ ഈ ഇക്കോ ഫെമിനിസം എന്ന വാക്കില്ല, നമ്മുടെ നാട്ടില്‍. അതു കൊണ്ട്‌ നവോത്ഥാനത്തിന്‌ ശേഷമാണ്‌ ഇത്‌ ശക്തി പ്രാപിച്ചു വന്നിരിക്കുന്നത്‌. അപ്പോ പരിസ്ഥിതിയുടെ കാര്യത്തില്‍ നവോത്ഥാനം ക്ലാസ്സിക്കായിട്ടുള്ള ചില ആശയങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌ എന്നാണ്‌ എന്റെ പക്ഷം. ഇന്ത്യയുടെ തന്നെ പാരമ്പര്യത്തില്‍ ഒരു വൃക്ഷം വെട്ടുമ്പോള്‍ എങ്ങനെ ഒരു തൈ നടണം എന്നു പറഞ്ഞ പോലെ.

മണികണ്ഠന്‍ : അങ്ങനെ നമ്മള്‍ പരിസ്ഥിതിയെയും സ്ത്രീയെയും ബന്ധപ്പെടുത്തി കേരളത്തിലെ രാഷ്ട്രീയ കാലത്തെ അളക്കുമ്പോള്‍, പ്രണയം നഷ്ടപ്പെട്ടു പോകുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയാണ്‌ കേരളത്തിലുള്ളതെന്ന്‌ നമുക്ക്‌ ബോദ്ധ്യപ്പെടും. അതു കൊണ്ടു തന്നെ പ്രണയവും രാഷ്ട്രീയവും ലൈംഗികതയും എങ്ങനെ സന്നിവേശിപ്പിക്കണം എന്ന ചിന്തയ്ക്ക്‌ പ്രാധാന്യം കൂടിയിട്ടില്ലേ?

വൈശാഖന്‍ : അതായത്‌ കാല്‍പനികമായ ഒരു പ്രണയ കാലം കടന്നിരിക്കുന്നു. അതേ സമയം സ്ത്രീ സ്വാതന്ത്ര്യം ലൈംഗിക സ്വാതന്ത്ര്യപരമായ ആശയങ്ങള്‍ക്ക്‌ പ്രചാരം സിദ്ധിക്കാതെയിരിക്കുന്നു. ശരിക്കു പറഞ്ഞാല്‍ അങ്ങനെ ഒരു ട്രാന്‍സിഷന്‍ പീരിഡുണ്ടെന്ന്‌ പറയാം. മാറ്റത്തിന്റെ കാലം. ആ പീരിഡില്‍ വരാവുന്ന അസ്വസ്ഥതകളൊക്കെ ഇപ്പോ കണ്ടു കൊണ്ടിരിക്കുന്നു. മനസ്സുകള്‍ ഭൂരിഭാഗവും യാഥാസ്ഥിതികമാണ്‌. എന്നാല്‍ അച്ചടി മാധ്യമങ്ങളിലൊക്കെ കുറേ ക്കൂടെ പുരോഗമനാത്മകമായ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അതെത്ര മാത്രം ഈ യാഥാസ്ഥിതിക മനസ്സുകളുടെ അടിസ്ഥാന മേക്കപ്പിന്‌ മാറ്റം വരുത്തുമെന്നുള്ള കാര്യം നമുക്കിനിയും പ്രവചിക്കാന്‍ പറ്റുന്നില്ല. എങ്കിലും കുറച്ചൊക്കെ ശുഭകരമായ, അല്ലെങ്കില്‍ പ്രതീക്ഷ തരുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വരുന്നുണ്ട്‌. ലൈംഗികതയെ സംബന്ധിച്ചാണെങ്കിലും ലൈംഗിക സ്വാതന്ത്ര്യത്തെ സംബന്ധിച്ചാണെങ്കിലും കുറച്ചൊക്കെ ആശാവഹമായ മാറ്റം നമ്മുടെ സമൂഹത്തില്‍ വന്നു കൊണ്ടിരിക്കുന്നു. ആ മാറ്റത്തിന്റേതായ അസ്വസ്ഥതകളുമുണ്ടാകാം.

മണികണ്ഠന്‍ : ആ മാറ്റത്തില്‍ സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ക്ക്‌ വല്ല പങ്കുമുണ്ടോ?

വൈശാഖന്‍ : തീര്‍ച്ചയായും സ്ത്രീ വിമോചന പ്രസ്ഥാനത്തിന്‌ ഒരു പങ്കുണ്ട്‌. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ഒരു പങ്കുണ്ട്‌. അത്‌ രണ്ടും വഹിച്ച പങ്കിന്റെ അനുപാതം നിശ്ചയിക്കാന്‍ നമുക്ക്‌ സാധിക്കില്ല. എങ്കിലും പരസ്പര പൂരകമായും ചിലപ്പോള്‍ പരസ്പര വിരുദ്ധമായും ഈ ഒരേ ലക്ഷ്യത്തിനു വേണ്ടി ശ്രമിച്ചിട്ടുണ്ട്‌. അതു കൊണ്ട്‌ ഒരു സമൂഹത്തിന്റെ കാലഘട്ടം.. നവോത്ഥാനം എത്രയോ കാലഘട്ടം ഉണ്ടായിരുന്നു.. അതു പോലെ എടുത്തു കഴിഞ്ഞാല്‍ ഇനി ഒരു അന്‍പതു വര്‍ഷം, ആ അന്‍പതു വര്‍ഷം കൊണ്ട്‌ നമ്മുടെ സമൂഹത്തില്‍ കുറേ മാറ്റം വരാന്‍ സാധ്യതയുണ്ട്‌. നിരാശാ ജനകം എന്ന്‌ പറയാന്‍ പറ്റില്ല. നമ്മള്‍ അതിന്റെ ഒരു വിശകലനം എന്ന നിലയില്‍ വരുമ്പോഴാണ്‌ ഈ ഉപഭോഗ സംസ്ക്കാരം, ആര്‍ത്തി, കരിയറിസം, വ്യക്തി കേന്ദ്രിതമായ കാര്യങ്ങള്‍ ഇതെല്ലാം ഉണ്ടെന്ന്‌ പറയുന്നത്‌. ഇതൊക്കെ ഉണ്ടെന്ന്‌ വച്ചാല്‍ ഇതൊക്കെ മുമ്പും ഉണ്ട്‌. പക്ഷെ, ഇപ്പോള്‍ ആഗോള വാണിജ്യ വ്യവസ്ഥിതിയിലും മറ്റും കൂടുതല്‍ ശക്തി കിട്ടുന്നു. അപ്പോള്‍ മറ്റു പ്രവര്‍ത്തനം അതേ ശക്തിയിലും അതിന്‌ എതിര്‍ ദിശയിലും വരേണ്ടതാണ്‌. അത്ര വരുന്നില്ല.

മണികണ്ഠന്‍ : പലപ്പോഴും തോന്നിയിട്ടുള്ളത്‌ നമ്മുടെ അതിരു കവിഞ്ഞ കണ്‍സ്യൂമര്‍ മൈന്‍ഡ്‌ നമ്മളിലുള്ള ചരിത്ര ബോധത്തെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്നു എന്നാണ്‌. എന്തു കൊണ്ട്‌ ഇന്ത്യയിലെ കണ്‍സ്യൂമര്‍ സോസൈറ്റിയായി കേരളം തുടരുന്നു? ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ സ്റ്റേറ്റാണ്‌ കേരളം. അപ്പോ ഇങ്ങനെ പോയി കഴിഞ്ഞാല്‍ നമുക്ക്‌ നമ്മുടെ ചരിത്രത്തെ എങ്ങനെ ഉള്‍ക്കൊള്ളാനാകും എന്നൊരു ഭയം ഉണ്ടാകുന്നില്ലേ?

വൈശാഖന്‍ : ഈ മാറിയ പരിതസ്ഥിതി ക്കനുസരിച്ച്‌ അത്‌ പഠിക്കാന്‍ നമ്മുടെ സാമൂഹ്യ ശാസ്ത്രവും രാഷ്ട്രീയ നേതൃത്വവും ശ്രമിക്കേണ്ടതാണ്‌.. കാരണം, കേരളം പണ്ടത്തേ പോലെ ഒരു കാര്‍ഷിക സംസ്ഥാനം ആവുക എന്നത്‌ ഇനി സ്വപ്നം കാണാന്‍ സാധിക്കാത്ത കാര്യമാണ്‌. അതിന്‌ ഇനിയും വേണമെങ്കില്‍ ഒരു പുതിയ പരശുരാമനെ വിളിച്ചു കൊണ്ട്‌ വരേണ്ടി വരും. ആളുകളെ കുറേക്കൂടി ട്രെയിന്‍ ചെയ്യിപ്പിച്ച്‌ കൃഷി ചെയ്യാന്‍ പറയേണ്ടി വരും. അപ്പോ കൃഷി ഭൂമിയുടെ വിസ്തീര്‍ണ്ണം വളരെ ചുരുങ്ങി വനത്തിന്റെ വിസ്തീര്‍ണ്ണം ചുരുങ്ങി. നമ്മുടെ നീര്‍ത്തടങ്ങള്‍ അമ്പതു ശതമാനത്തിലേറെ ഇല്ലാണ്ടായി. അതേ സമയത്ത്‌ വ്യാവസായി കമായിട്ട്‌ അതിനനുസരിച്ച്‌ വളര്‍ന്നതുമില്ല. നമ്മള്‍ കോണ്‍ക്രീറ്റ്‌ കൃഷിയാണ്‌ ചെയ്തത്‌. കോണ്‍ക്രീറ്റ്‌ കൃഷി ചെയ്താല്‍ ശരിയാകുമെന്ന്‌ വിചാരിച്ചു. സ്വാഭാവികമായിട്ടും ഇങ്ങനത്തെ ഉപഭോഗ സംസ്ക്കാരമാണ്‌ കേരളത്തിലെങ്കില്‍ അതിന്റെ 70 ശതമാനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്‌. അങ്ങനെ വരുമ്പോള്‍ ഒരു ചെറിയ ശ്രമം എന്ന നിലയില്‍ ഉള്ള കൃഷി ഭൂമിയെ സംരക്ഷിക്കാനും, ഇപ്പോ നശിച്ചു കൊണ്ടിരിക്കുന്ന നീര്‍ത്തടങ്ങളെ വീണ്ടെടുക്കാനും ശ്രമം നടത്തിയാല്‍ ഒരു പരിധി വരെ നമുക്കാവശ്യമുള്ള ഭക്ഷണ ധാന്യങ്ങള്‍, അല്ലെങ്കില്‍ പച്ചക്കറികള്‍ നമുക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. അതിനുള്ള ശ്രമം, ഇപ്പോ, നീര്‍ത്തടത്തെ സംബന്ധിച്ചൊക്കെ ബില്ല്‌ സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുണ്ട്‌. പക്ഷെ, എന്നാല്‍ പോലും കേരളം ഉപഭോഗ സംസ്ഥാനമായി തുടരും. കാരണം ഇപ്പോ ഉപഭോഗം ചെയ്യുന്നതില്‍ ഭൂരിഭാഗവും വെളിയില്‍ നിന്നാണ്‌ വരുന്നത്‌. അതിന്റെ ഒരു 10 ശതമാനം ഈ പറയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്താലും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല.

മണികണ്ഠന്‍ : അങ്ങനെ വരുമ്പോള്‍ പുതിയ സ്വത്വബോധ നിര്‍മ്മിതിക്കെല്ലാം അത്‌ ഒരു വലിയ ഭീഷണിയല്ലേ?

വൈശാഖന്‍ : അഴിച്ചു പണി നടത്തേണ്ടി വരും. സ്വത്വബോധം എന്ന വാക്കിനെ അഴിച്ചു പണിയേണ്ടി വരും. സ്വാഭാവികമായും ട്രാന്‍സിഷന്‍ വരുമ്പോള്‍ മാറ്റത്തിന്റെ അതിനനുസരിച്ച്‌ ആ സ്വത്വബോധത്തെ അഴിച്ചു പണിയുകയും ആവശ്യമുള്ള വ്യതിയാനങ്ങള്‍ അതില്‍ വരുത്താന്‍ ഫ്ലെക്സിബിള്‍ ആയിരിക്കണം നമ്മള്‍. ആയെങ്കിലേ പറ്റു. അതൊരു കയ്പ്പു നിറഞ്ഞതാണെങ്കിലും നമ്മള്‍ സ്വീകരിക്കേണ്ട സത്യമായി മാറിയിരിക്കുന്നു. അതിനനുസരിച്ച്‌ സാംസ്ക്കാരികമായ മാറ്റം വേണം, രാഷ്ട്രീയമായ മാറ്റം വേണം.

മണികണ്ഠന്‍ : നമ്മളിപ്പൊ ചരിത്രത്തെ കുറിച്ചും അതു പോലെ തന്നെ ഉപഭോഗ സംസ്ക്കാരത്തെ കുറിച്ചും പ്രണയത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ജനകീയതയെക്കുറിച്ചും പറഞ്ഞു. ഇനി സ്വല്‍പം കഥയിലേക്ക്‌ വരാം. ഒരു നാലഞ്ചു വര്‍ഷം മുമ്പ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അതിസാങ്കേതികത മലയാള കഥയെ കൊല്ലുന്നു എന്ന്‌ കെ. പി. അപ്പന്‍ എഴുതുകയുണ്ടായി. അതിന്‌ ഉത്തരം കൊടുത്തു കൊണ്ട്‌ കെ. ആര്‍. പ്രസാദ്‌ പറഞ്ഞു. അപ്പന്‍ കണ്ണടച്ച്‌ ആനയെ വര്‍ണ്ണിക്കുന്നു, എന്ന്‌. അതിനെക്കുറിച്ച്‌ ഒന്നു വിശദീകരിക്കാമോ?

വൈശാഖന്‍ : കൊറേ കാര്യങ്ങളൊണ്ട്‌. കാരണം, പരീക്ഷണത്തിന്‌ വേണ്ടി നടത്തുന്ന പരീക്ഷണം, ഈ ടെക്നിക്ക്‌ എന്തിനാണെന്നു വച്ചാല്‍ കൂടുതല്‍ ജനങ്ങളിലേ ക്കെത്താനിടയുണ്ട്‌. അതേ സമയത്ത്‌ വായനക്കാരനും കലയ്ക്കും ഇടയില്‍ ഒരു മറ സൃഷ്ടിച്ചുകൊണ്ട്‌ അല്ലെങ്കില്‍ ഒരു തടസ്സം സൃഷ്ടിച്ചു കൊണ്ട്‌ നില്‍ക്കുന്ന തരത്തില്‍ ചില പ്രചരണങ്ങളൊക്കെ മലയാളത്തില്‍ നടന്നിരുന്നു. ഇപ്പോ അതൊക്കെ ഏകദേശം ഇല്ലാണ്ടായി. കാരണം എഴുത്തുകാരന്‌ മനസ്സിലായിട്ടുണ്ട്‌ ആര്‍ക്കും നിര്‍ബ്ബന്ധമൊന്നുമില്ല, ഇതൊന്നും വായിക്കണമെന്ന്‌. ഇതിപ്പൊ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലിട്ടിട്ട്‌ വായിച്ചില്ലേല്‍ തൂക്കിക്കൊല്ലുമെന്ന്‌ പറയേണ്ട കാര്യമല്ലല്ലോ. അതു കൊണ്ട്‌ ഇത്‌ ഏതു സമയവും നിരസിക്ക പ്പെടാവുന്നതാണെന്നുള്ള ബോധം എഴുത്തുകാര്‍ക്കുണ്ടായി ത്തുടങ്ങി. അന്ന്‌ അങ്ങനെ പറഞ്ഞിരുന്നതില്‍ അര്‍ത്ഥമുണ്ടായിരുന്നു. കാരണം, അതി സാങ്കേതികമായ ടെക്നിക്സ്‌ ഉപയോഗിച്ചു കൊണ്ട്‌ ആഖ്യാനം നടത്തുമ്പോള്‍ അത്‌ ജനങ്ങളില്‍ നിന്ന്‌ അകന്നു പോകും. ആധുനികതയുടെ കാലത്തു പോലും അങ്ങനെ സംഭവിച്ചിട്ടുണ്ട്‌. ആധുനികയുടെ കാലത്ത്‌ സാങ്കേതികമായിട്ട്‌ അത്‌ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്‌. കൂടുതല്‍ ജനപ്രിയ മാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്‌. ഭാഷയെ ലാളിത്യമാക്കാന്‍; അതിനിടയ്ക്കാണ്‌ ഇത്തരം ചില വൈഷമ്യങ്ങള്‍. അത്‌ അത്ര വ്യാപകമൊന്നുമല്ല കേട്ടോ… ലളിതമായി എഴുതുന്നവര്‍ ലളിതമായി തന്നെ എഴുതിക്കൊണ്ടിരിക്കും. പക്ഷെ, അങ്ങനെയുള്ള ചില കള്ള നാണയങ്ങള്‍ വരുന്നതു പോലെ ചില പരീക്ഷണ കുതുകികള്‍ വന്നിട്ട്‌ കഥയിലും നോവലിലുമൊക്കെ സ്വഭാവികമായിട്ടും കാലം അതിന്‌ മാറ്റം വരുത്തും.

മണികണ്ഠന്‍ : ഇപ്പോള്‍ കഥ എഴുതുന്ന ഒരാള്‍ എന്ന നിലയില്‍ ഏത്‌ രീതിയിലാണ്‌ ആഖ്യാനവും അനുഭവവും തമ്മിലുള്ള സംഘര്‍ഷത്തെ കാണുന്നത്‌?

വൈശാഖന്‍ : എന്നെ സംബന്ധിച്ച്‌ പ്രമേയത്തിന്‌ അനുസൃതമായ തരത്തില്‍ ആഖ്യാനം രൂപപ്പെടുന്നതായിട്ടാണ്‌ വരുന്നത്‌. അതു കൊണ്ട്‌ ആഖ്യാനത്തില്‍ ബോധപൂര്‍വ്വമായ ഒരിടപെടലും ഞാന്‍ നടത്തിയിട്ടില്ല. അതിനുള്ള കഴിവ്‌ എനിക്ക്‌ ഒരു പക്ഷെ ഇല്ലായിരിക്കും. എന്നാല്‍, എനിക്കത്‌ തോന്നിയിട്ടില്ല. പ്രമേയത്തിന്‌ അനുസൃതമായ തരത്തിലുള്ള ഒരു ആഖ്യാന രീതി. ഭാഷയും ശൈലിയുമൊക്കെ സ്വാഭാവികമായിട്ട്‌ വരുന്നതാണ്‌.

മണികണ്ഠന്‍ : ഗള്‍ഫിലെ കഥാകാരന്മാരില്‍ നല്ലൊരു കൂട്ടം വസിക്കുന്ന നാടാണ്‌ യു. എ. ഇ. അവര്‍ക്കു വേണ്ടി ഒരു ചോദ്യം. എന്താണ്‌ സമകാലീന ചെറുകഥയുടെ ഭാവി?

വൈശാഖന്‍ : സമകാലീന കഥ ശക്തമായി ത്തന്നെ അതിന്റെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കും. സമകാലീന ജീവിതവുമായിട്ടും സാര്‍വ്വ ലൗകിക ജീവിതവുമായിട്ടും ഇഴ ചേര്‍ന്ന്‌ പ്രതികരിക്കുന്ന നിരവധി കഥാകൃത്തുക്കളുണ്ട്‌ നമുക്ക്‌. അവരില്‍ കുറേപ്പേര്‍ അമിത ശ്രദ്ധ ഭാഷയ്ക്ക്‌ കൊടുക്കുന്നതായിട്ട്‌ എനിക്ക്‌ സംശയം തോന്നിയിട്ടുണ്ട്‌. അവരോട്‌ എനിക്ക്‌ അപേക്ഷിക്കാനുള്ളത്‌ അഭ്യര്‍ത്ഥിക്കാനുള്ളത്‌ ഗഹനമായ ജീവിത സത്യങ്ങള്‍ ചിത്രീകരിക്കുന്നത്‌ കഴിയുന്നത്ര ലളിതമായി ചിത്രീകരിക്കണം. മാധ്യമപ്പെരുക്കം വ്യഗ്രതയേറിയ ജീവിതം തെരക്കു പിടിച്ച്‌ ഇതിനെല്ലാം ഇടയില്‍ വായനക്കാരനെ സ്വന്തമാക്കി നിര്‍ത്താനുള്ള ഒരു എളിയ ശ്രമം എന്ന നിലയില്‍ നമ്മള്‍ ആഖ്യാനം ചെയ്യണം.

മണികണ്ഠന്‍ : അടുത്ത വര്‍ക്ക്‌ എങ്ങിനെയുള്ളതാണ്‌. ഒരു വലിയ കഥ എന്ന സംഭവത്തിലേക്ക്‌ തിരിയുന്നുണ്ടോ, പ്രത്യേകിച്ചും ഞാനുദ്ദേശിച്ചതു നോവല്‍, അതിലേക്ക്‌ തിരിയാന്‍ താല്‍പര്യമുണ്ടോ? അതോ ചെറിയ കഥകളില്‍ തന്നെ വിപ്ലവം സൃഷ്ടിച്ചുകൊണ്ട്‌ മുന്നേറാമെന്നോ?

വൈശാഖന്‍ : നോവലെഴുതിയാല്‍ കൊള്ളാമെന്ന്‌ ആഗ്രഹമുണ്ട്‌. എന്നെത്തന്നെ ഈ കാര്യത്തില്‍ വിശ്വാസമില്ല. പക്ഷെ, ഒരു ശ്രമം ഞാന്‍ നടത്തിയിട്ടുണ്ട്‌.

മണികണ്ഠന്‍ : ഈ വയസ്സില്‍ ഒരു നോവലെഴുതുക എന്നു പറഞ്ഞാല്‍ തന്നെ കേരളത്തില്‍ ഒരു വിപ്ലവ വേല ആയിരിക്കും. അതിനുള്ള എല്ലാവിധ ആശംസകളും നേരുന്നു. എല്ലാവിധ പിന്തുണയും e-പത്രവും ചെയ്യും. വേഗം തന്നെ ആ ചെറിയ വലിയ ജോലിയിലേക്ക്‌ പ്രവേശിച്ചാലും.

വൈശാഖന്‍ : എല്ലാവര്‍ക്കും നന്ദി. e-പത്രത്തിനും, e-പത്രത്തിന്റെ വായനക്കാര്‍ക്കും, എല്ലാവര്‍ക്കും.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

30 of 381020293031»|

« Previous Page« Previous « ജോണ്‍ ബ്രിട്ടാസ്‌ കുത്തക മാധ്യമത്തിലേക്ക്?
Next »Next Page » വീര്യം കൂടിയ കീടനാശിനികള്‍ക്ക് വിലക്ക് »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine