കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡണ്ടും എസ്.എന്‍.ട്രസ്റ്റിന്റെ മുന്‍ ചെയര്‍മാനും സാമൂഹിക- സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യവുമായിരുന്ന ഡോ. കെ.കെ. രാഹുലനു നാടിന്റെ അന്ത്യാഞ്‌ജലി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കോഴിക്കോട്ടുള്ള മകന്‍ ഡോ.സുനിലിന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഡോ. സരോജ രാഹുലനാണ് ഭാര്യ. ഡോ.സുനില്‍, ഡോ.വിജില്‍ എന്നിവര്‍ മക്കളും ഡോ.ദീപ സുനില്‍, ഷെഗ്ന വിജില്‍ എന്നിവര്‍ മരുമക്കളുമാണ്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രസിഡണ്ടെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായിരുന്ന ഡോ.രാഹുലന്‍ തൃശ്ശൂര്‍ സ്വദേശിയാണ്. നാട്ടിക മണ്ഡലത്തില്‍ നിന്നും ഒരിക്കല്‍ നിയമസഭയിലെക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും അന്തരിച്ച മുന്‍ കൃഷിമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന കൃഷ്ണന്‍ കണിയാംപറമ്പിലിനോട് പരാജയപ്പെടുകയായിരുന്നു.
പതിനൊന്നോടെ ഭൗതികശരീരം വസതിയില്‍നിന്ന് അക്കാദമിയില്‍ കൊണ്ടുവന്നു.മുന്‍ മന്ത്രി ഡോ. തോമസ് ഐസക്, ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ടി.എന്‍. ജയചന്ദ്രന്‍ ഐ.എ.എസ്. തുടങ്ങി നിരവധിപേര്‍ രാവിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് അന്ത്യാഞ്‌ജലിയര്‍പ്പിക്കാനെത്തിയത്. സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, ഡോ. സുകുമാര്‍ അഴീക്കോട്, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍, പി.സി. ചാക്കോ എം.പി., എം.എല്‍.എമാരായ കെ. രാധാകൃഷ്‌ണന്‍, തേറമ്പില്‍ രാമകൃഷ്‌ണന്‍, കെ.വി. അബ്‌ദുള്‍ഖാദര്‍, ടി.എന്‍. പ്രതാപന്‍, എം.പി. വിന്‍സെന്റ്, ജില്ലാ കലക്‌ടര്‍ പി.ജി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, മേയര്‍ ഐ.പി. പോള്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു, എഴുത്തുകാരായ വൈശാഖന്‍, ലളിതാ ലെനിന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, മുല്ലനേഴി നീലകണ്‌ഠന്‍, ബിഷപ്പ് മാര്‍ അപ്രേം, സി.പി.എം. ജില്ലാ സെക്രട്ടറി എ.സി. മൊയ്‌തീന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍, ഡി.സി.സി. പ്രസിഡന്റ് വി. ബലറാം, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്‌ണന്‍, സി.എം.പി. ജില്ലാ സെക്രട്ടറി എം.കെ. കണ്ണന്‍, മഹിളാ മോര്‍ച്ച സംസ്‌ഥാന നേതാവ് ശോഭാ സുരേന്ദ്രന്‍, സോഷ്യലിസ്‌റ്റ് ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം.എ. പൗലോസ്, മുന്‍ മേയര്‍മാരായ കെ. രാധാകൃഷ്‌ണന്‍, ജോസ് കാട്ടൂക്കാരന്‍, വ്യാപാരി വ്യവസായി സംസ്‌ഥാന പ്രസിഡന്റ് ബെന്നി ഇമ്മട്ടി, സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി, സി.പി.എം. സംസ്‌ഥാന സമിതി അംഗം ബേബി ജോണ്‍ തുടങ്ങി നിരവധിപേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. മകന്‍ ഡോ.സുനില്‍ ചിതക്ക് തീ കൊളുത്തിയത്. നൂറുകണക്കിനാളുകളുടെ ആദരാഞ്‌ജലികള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ തൃശൂര്‍ വടൂക്കര ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. തുടര്‍ന്നു സാഹിത്യ അക്കാദമിയില്‍ അനുശോചനയോഗം ചേര്‍ന്നു. തേറമ്പില്‍ രാമകൃഷ്‌ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.