തൃശ്ശൂര്‍: എഴുത്തുകാരനും സംവിധാകനും ഇടത് സഹയാത്രികനുമായ ചിന്ത രവി (65) അന്തരിച്ചു. വൈകീട്ട് എട്ടുമണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ഒരേ തൂവല്‍ പക്ഷികള്‍, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, മനുഷ്യന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള രവി അരവിന്ദനെ കുറിച്ച് ഒരു ഡോക്യുമെന്ററിയും ചെയ്തിട്ടുണ്ട്. യാത്രാവിവരണങ്ങളും നിരൂപണങ്ങളും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ സ്വിസ് സ്കെച്ചുകള്‍, എന്റെ കേരളം, ബുദ്ധപഥം, കലാവിമര്‍ശനം ഒരു മാര്‍ക്സിയന്‍ മാനദണ്ഡം തുടങ്ങിയവയാണ്. സമാന്തര സിനിമയുടെ വക്താക്കളായിരുന്ന പി.എ.ബക്കര്‍, പവിത്രന്‍, കെ.ആര്‍.മോഹനന്‍ തുടങ്ങിയവരുമായുള്ള സൌഹൃദം അത്തരം സിനിമകള്‍ ഒരുക്കുന്നതിലേക്ക് നയിച്ചു. നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള രവി ഒരു സ്വകാര്യ ടി.വി ചാനലിനു വേണ്ടി യാത്രാവിവരണ പരിപാടികള്‍ ചെയ്തിരുന്നു.
കോഴിക്കോട് സ്വദേശിയായ രവീന്ദ്രന് ചിന്ത പബ്ലിക്കേഷനില്‍ ജോലിചെയ്തതിനെ തുടര്‍ന്നാണ് ചിന്ത രവി എന്ന പേരു ലഭിച്ചത്. കോഴിക്കോടുനിന്നും പിന്നീട് തൃശ്ശൂരിലേക്ക് താമസം മാറുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം