തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) പ്രതിരോധിക്കുവാൻ ഏകാരോഗ്യത്തിൽ (വൺ ഹെൽത്ത്) അധിഷ്ഠിതമായി ആക്ഷൻ പ്ലാൻ പുതുക്കി യതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. രോഗ പ്രതിരോധം, രോഗ നിർണ്ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്.
അവബോധ ക്യാമ്പയിൻ, രോഗ നിർണ്ണയ ശേഷി വർദ്ധിപ്പിക്കൽ, ആക്ടീവ് കേസ് സർവൈലൻസ്, പരിസ്ഥിതി നിരീക്ഷണം, ഹോട്ട് സ്പോട്ട് മാപ്പിംഗ്, ചികിത്സ, മരുന്ന് ലഭ്യത, ഗവേഷണം എന്നീ മേഖലകൾ അടിസ്ഥാനമാക്കി യാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്.
മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിർണ്ണയിക്കാനുള്ള പരിശോധന കൂടി നടത്താൻ നിർദ്ദേശം നൽകി യിട്ടുണ്ട്.
എല്ലാ ആശുപത്രികളും മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്നും ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി.
പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-
* കെട്ടിക്കിടക്കുന്ന, ഒഴുക്ക് കുറവുള്ള വെള്ളത്തിൽ മുങ്ങുന്നതും ചാടുന്നതും ഒഴിവാക്കുക.
* മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.
* ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിലായിരിക്കുവാൻ ശ്രദ്ധിക്കുക.
* അടിത്തട്ടിലുള്ള ചെളി കുഴിക്കുകയോ ഇളക്കുകയോ ചെയ്യരുത്.
* ആവി പിടിക്കുന്നതിന് തിളപ്പിച്ചതോ ഫിൽട്ടർ ചെയ്തതോ അണു വിമുക്തമാക്കിയതോ ആയ വെള്ളം ഉപയോഗിക്കുക.
* നീന്തൽ ക്കുളങ്ങൾ / വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ വൃത്തിയായി സൂക്ഷിക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും ശരിയായി പരിപാലിക്കുകയും വേണം.
* സ്പ്രിംഗളറുകളിലൂടേയും ഹോസു കളിലൂടെയും വെള്ളം മൂക്കിൽ കയറാതെ ശ്രദ്ധിക്കണം.
* കുട്ടികളെ ഹോസുകളിൽ കളിക്കാൻ വിടുന്നതിന് മുമ്പ് അതിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കി കളയണം.
* ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിക്കുന്നു എങ്കിൽ കുളിക്കുമ്പോഴും മുഖം കഴുകുമ്പോഴും വെള്ളം മൂക്കിലേക്ക് കയറാതെ നോക്കണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: amoebic-encephalitis-, kerala-government-, ആരോഗ്യം, പരിസ്ഥിതി, പ്രതിരോധം, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം, സ്ത്രീ